വിദേശ പിച്ചിൽ പുലിയാണോ രാഹുൽ? ബി.സി.സി.ഐയെ വെട്ടിലാക്കുന്ന കണക്കുകൾ ഇതാ; വിടാതെ വെങ്കിടേഷ് പ്രസാദ്
അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ എന്നിവരുടെ പ്രകടനവും റെക്കോര്‍ഡുകളും കെ.എല്‍ രാഹുലിനും ഏറെ മീതെയാണെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാണ്
ന്യൂഡൽഹി: മോശം ഫോം തുടരുന്ന കെ.എൽ രാഹുലിനെ വിടാതെ മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. കണക്കുകൾ നിരത്തിയാണ് വെങ്കിടേഷിന്റെ പുതിയ വിമർശനം. താരത്തെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും രംഗത്തെത്തിയിരുന്നു. വിദേശപിച്ചുകളിൽ രാഹുലിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ് പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയത്.
എന്നാൽ, രാഹുലിന്റെ വിദേശത്തെ ടെസ്റ്റ് റെക്കോർഡ് അത്ര മികച്ചതൊന്നുമല്ലെന്നാണ് വെങ്കിടേഷ് പ്രസാദ് വ്യക്തമാക്കിയത്. വിദേശത്ത് രാഹുലിന് മികച്ച ടെസ്റ്റ് റെക്കോർഡുണ്ടെന്നൊരു അഭിപ്രായമുണ്ട്. എന്നാൽ, കണക്കുകൾ പറയുന്നത് മറ്റൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് 56 ഇന്നിങ്‌സുകളിൽനിന്ന് താരത്തിന്റെ ശരാശരി 30 മാത്രമാണെന്നും വെങ്കിടേഷ് പ്രസാദ് ചൂണ്ടിക്കാട്ടി.
ട്വീറ്റ് പരമ്പരയിലൂടെയാണ് വെങ്കിടേഷ് രാഹുലിന്റെ പ്രകടനത്തിന്റെ കണക്ക് നിരത്തിയത്. രാഹുലിനെക്കാളും മികച്ച റെക്കോർഡുള്ള താരങ്ങളുടെ വിവരം കൂടി ചേർത്താണ് വിമർശനം. അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ എന്നിവരുടെ പ്രകടനം എടുത്തുകാണിച്ചാണ് അദ്ദേഹം രാഹുലിനെതിരെ തെളിവുകൾ നിരത്തിയത്.
വെങ്കിടേഷ് പ്രസാദ് നിരത്തിയ കണക്കുകളും വിമർശനങ്ങളും
വിദേശത്ത് 31 മത്സരങ്ങളിൽനിന്നായി 56 ഇന്നിങ്‌സുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട് രാഹുൽ. എന്നാൽ, 30.7 ആണ് താരത്തിന്റെ ശരാശരി. ആറ് സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയുമാണ് ഇതിൽനിന്ന് ആകെ നേടിയത്. ഉയർന്ന സ്‌കോർ 158ഉം. ആകെ റൺസ് 1,719. വിരലിലെണ്ണാവുന്ന ശതകവും അർധശതകവും ഒഴിച്ചാൽ മിക്ക കളികളിലും കുറഞ്ഞ സ്‌കോറാണ് നേടാനായതെന്നും അതുകൊണ്ടാണ് ശരാശരി ഇങ്ങനെയാകാൻ കാരണമെന്നും വെങ്കിടേഷ് പറയുന്നു.
വിദേശത്തെ പ്രകടനമാണ് മാനദണ്ഡമെങ്കിൽ പരിഗണിക്കേണ്ടത് അജിങ്ക്യ രഹാനെയെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടീമിൽനിന്ന് പുറത്താക്കപ്പെടും മുൻപുള്ള മോശം പ്രകടനം മാറ്റിനിർത്തിയാൽ മികച്ച റെക്കോർഡുണ്ട് താരത്തിന്. 50 മത്സരങ്ങളിൽനിന്ന് 40 ശരാശരിയുമുണ്ട്. വിദേശത്ത് 90 ഇന്നിങ്‌സുകൾ കളിച്ച രഹാനെയുടെ ശരാശരിയാണിത്. ഇതിൽ എട്ട് സെഞ്ച്വറിയും 17 അർധസെഞ്ച്വറിയും ഉൾപ്പെടും. 147 ആണ് മികച്ച സ്‌കോർ.
വിദേശത്ത് കുറഞ്ഞ ഇന്നിങ്‌സുകളിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മായങ്ക് അഗർവാൾ. ആസ്‌ട്രേലിയയിലടക്കം മികച്ച ഇന്നിങ്‌സ് കളിച്ച മായങ്കിന് ഇന്ത്യൻ മണ്ണിൽ ശരാശരി 70 ആണെന്ന് വെങ്കിടേഷ് ചൂണ്ടിക്കാട്ടുന്നു. കൂട്ടത്തിൽ രണ്ട് ആഭ്യന്തര സെഞ്ച്വറിയും ഒരു 150ഉം ഉൾപ്പെടും. വിദേശത്ത് ഓപണറായി 23 ഇന്നിങ്‌സിൽനിന്ന് 25 ആണ് ശരാശരിയെങ്കിൽ ഇന്ത്യൻ മണ്ണിൽ 13 ഇന്നിങ്‌സുകളിൽനിന്ന് 69.08 ശരാശരിയുണ്ട്.
ശിഖർ ധവാന്റെ ടെസ്റ്റ് റെക്കോർഡും മോശമല്ല. ആകെ 58 ഇന്നിങ്‌സുകളിൽനിന്ന് ഏഴ് സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയും അടക്കം 40.6 ആണ് ധവാന്റെ ശരാശരി. വിദേശത്ത് 40ഉം ഇന്ത്യൻ പിച്ചിൽ 44ഉം ശരാശരിയുണ്ട്.
ശുഭ്മൻ ഗിൽ ചുരുങ്ങിയ ഇന്നിങ്‌സുകളിൽനിന്ന് മികച്ച പ്രകടനങ്ങളുമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. 14 വിദേശ ഇന്നിങ്‌സുകളിൽനിന്ന് 37 ആണ് താരത്തിന്റെ ശരാശരി. ഗാബയിലെ നാലാം ഇന്നിങ്‌സിലെ 91 റൺസ് പ്രകടനം ഇന്ത്യൻ ആരാധകർ അടുത്ത കാലത്തൊന്നും മറക്കില്ല.
Summary: Venkatesh Prasad breaks KL Rahul's "overseas test record" claims after Rahul Dravid and Rohit Sharma highlights the stats