പാണ്ഡ്യക്ക് പരിക്ക്; പന്തെറിഞ്ഞ് കോലി

സ്ഥിരം ബൗളറല്ലെങ്കിലും മൂന്ന് വ്യത്യസ്ത ലോകകപ്പുകളിൽ പന്തെറിയാനുള്ള അവസരമാണ് ഇതോടെ കോഹ്ലിക്കു ലഭിച്ചത്.

Update: 2023-10-19 09:41 GMT
Editor : André | By : Web Desk
Advertising

പൂനെ: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ് സൂപ്പർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലി. ഒമ്പതാം ഓവർ എറിയുകയായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് മൂന്നു പന്തുകൾക്കു ശേഷം പരിക്കേറ്റതോടെയാണ് ഓവർ പൂർത്തിയാക്കുന്നതിനായി സ്ഥിരം ബൗളറല്ലാത്ത കോഹ്ലി പന്തെടുത്തത്. ഗാലറിയിലെ 'കോലി, കോലി' വിളികൾക്കിടയിൽ മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം വഴങ്ങി സൂപ്പർ താരം ടീമിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.

സ്ഥിരം ബൗളറല്ലെങ്കിലും മൂന്ന് വ്യത്യസ്ത ലോകകപ്പുകളിൽ പന്തെറിയാനുള്ള അവസരമാണ് ഇതോടെ കോഹ്ലിക്കു ലഭിച്ചത്. ഇതിനു മുമ്പ് 2015 ലെ സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെയാണ് കോഹ്ലി അവസാനമായി ഒരു ലോകകപ്പിൽ പന്തെറിയുന്നത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഒരു ഓവറിൽ താരം ഏഴ് റൺസ് വഴങ്ങി. 2011 ൽ ശ്രീലങ്കക്കെതിരെ എറിഞ്ഞ ഒരു ഓവറിൽ ആറ് റൺസും വഴങ്ങിയിരുന്നു. ഏകദിനത്തിൽ നാലും അന്താരാഷ്ട്ര ടി20-യിൽ നാലും വീതം വിക്കറ്റ് താരത്തിന്റെ പേരിലുണ്ട്.

ടോസ് നഷ്ടമായി ആദ്യം ഫീൽഡ് ചെയ്യേണ്ടി വന്ന ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഓപണർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലിട്ടൺ ദാസും തൻസീദ് ഹസനും ചേർന്ന ഓപണിങ് സഖ്യം 8.3 ഓവറിൽ 45 എന്ന നിലയിൽ നിൽക്കെ ഹാർദികിന് പരിക്കേൽക്കുകയായിരുന്നു. തന്റെ ഓവറിൽ തുടർച്ചയായി രണ്ടാം ബൗണ്ടറിയടിക്കാനുള്ള ശ്രമം ഫോളോ ത്രൂവിൽ കാൽവെച്ചു തടയുന്നതിനിടെ നിലത്തുവീണു പരിക്കു പറ്റിയ ഹാർദിക്, മെഡിക്കൽ ടീമിന്റെ സഹായത്തോടെയാണ് മൈതാനത്തിനു പുറത്തേക്കു പോയത്.

ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും ജയിച്ച ഇന്ത്യ പോയിന്റ് ടേബിളിൽ ന്യൂസിലാന്റിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News