ഈഡനില്‍ ലഖ്‌നൗ ഇറങ്ങുക 'മോഹൻ ബഗാൻ ജഴ്‌സി'യിൽ; കാരണം ഇതാണ്
അടുത്ത സീസൺ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജ്‌മെന്‍റ് പ്രഖ്യാപിച്ചിരുന്നു
കൊൽക്കത്ത: ഐ.പി.എല്ലിൽ പ്ലേഓഫിന് തൊട്ടരികെ നിൽക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണെങ്കിലും ചെന്നൈയ്‌ക്കൊപ്പം തുല്യപോയിന്റാണ് ടീം പങ്കിടുന്നത്. റൺറേറ്റ് വ്യത്യാസത്തിലാണ് ചെന്നൈ മുന്നിട്ടുനിൽക്കുന്നത്. ചൊവ്വാഴ്ച മുംബൈയ്‌ക്കെതിരായ ജയത്തോടെ പ്ലേഓഫ് സാധ്യത ഏറെക്കുറെ ഉറപ്പായ ലഖ്‌നൗവിന് കൊൽക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തിലും ജയം അനിവാര്യമാണ്.
അതേസമയം, ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ ഇറങ്ങുക ഐ.എസ്.എൽ ചാംപ്യന്മാരായ എ.ടി.കെ മോഹൻ ബഗാന്റെ ജഴ്‌സിയിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പതിവ് ഇളംനീല ജഴ്‌സി മാറ്റിയാണ് ടീമിന്റെ അപ്രതീക്ഷിത നീക്കം. മോഹൻ ബഗാന്റെ പച്ചയും മറൂണും ചേർന്ന നിറത്തിലുള്ള ജഴ്‌സിയായിരിക്കും ലഖ്‌നൗ താരങ്ങൾ അണിയുക.
പല കാരണങ്ങളാണ് ഇതിനു പറയപ്പെടുന്നത്. ബംഗാളുകാരനായ സഞ്ജീവ് ഗോയെങ്കയാണ് ലഖ്‌നൗവിന്റെയും മോഹൻ ബഗാന്റെയും ഉടമ. ഇത്തവണ ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയ ടീമിന് ആദരമൊരുക്കുകയാണ് ഇതുവഴി ലഖ്‌നൗ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നാണ് ഒരു വിശദീകരണം. മോഹൻ ബഗാനെ അതിരറ്റ് സ്‌നേഹിക്കുന്ന കൊൽക്കത്തക്കാർക്ക് പച്ചയും മറൂൺ നിറവും ജീവനാണ്. ഇത് മുതലെടുക്കുക കൂടി ലഖ്‌നൗ ലക്ഷ്യമിടുന്നുണ്ട്.
ഒരു മത്സരം മാത്രം ബാക്കിനിൽക്കെ 12 പോയിന്റുള്ള കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ പ്ലേഓഫ് സാധ്യത മുന്നിലുള്ള ലഖ്‌നൗ കൊൽക്കത്തയുടെ ആരാധകരെക്കൂടി കൂടെക്കൂട്ടാനുള്ള തന്ത്രമായി ജഴ്‌സി മാറ്റത്തെ വിലയിരുത്തുന്നവരുമുണ്ട്. നേരത്തെ, ഈഡനിൽ നടന്ന ചെന്നൈയുടെ മത്സരത്തിൽ ഗാലറി മഞ്ഞയിൽ മുങ്ങിയത് വലിയ വാർത്തയായിരുന്നു. എം.എസ് ധോണിയോടുള്ള ആദരപ്രകടനമായായിരുന്നു കൊൽക്കത്ത ആരാധകരടക്കം ചെന്നൈ ജഴ്‌സിയിലെത്തിയത്. ബാംഗ്ലൂർ മത്സരത്തിൽ വിരാട് കോഹ്ലിക്കും ഗാലറിയിൽനിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതുരണ്ടും മുന്നിൽകണ്ടാണ് ലഖ്‌നൗവിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.
ഗൗതം ഗംഭീർ നായകനായിരിക്കെയാണ് കൊൽക്കത്തയ്ക്ക് രണ്ട് ഐ.പി.എൽ കിരീടവും ലഭിക്കുന്നത്. ഇതിനാൽ, ഗംഭീറിന് കൊൽക്കത്തയിൽ വലിയ ആരാധക പിന്തുണയുണ്ട്. ഇതേ ഗംഭീർ ടീം മെന്ററായതും ലഖ്‌നൗ തങ്ങളുടെ അനുകൂല ഘടകമായാണ് കരുതുന്നത്.
2020ലാണ് മോഹൻ ബഗാൻ എ.ടി.കെയുമായി ലയിച്ച് എ.ടി.കെ മോഹൻ ബഗാനായി പേരുമാറ്റിയത്. അടുത്ത സീസൺ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Lucknow Super Giants will be wearing Mohun Bagan colour jersey