ഇന്ത്യൻ സ്പിൻ കുരുക്കഴിക്കാൻ ഇതിഹാസത്തെ വിളിക്കും; പുതിയ നീക്കത്തിന് ആസ്‌ട്രേലിയ-റിപ്പോർട്ട്

ഓസീസ് കോച്ച് ആൻഡ്ര്യു മക്‌ഡൊണാൾഡ് ആണ് പുതിയ നീക്കത്തെക്കുറിച്ച് സൂചന നൽകിയത്

Update: 2023-02-21 08:43 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലെ നാണംകെട്ട തോൽവിക്കു പിന്നാലെ ആസ്‌ട്രേലിയയെ സഹായിക്കാൻ ഇതിഹാസ താരമെത്തുന്നു. ഇന്ത്യൻ പിച്ചുകളിലെ സ്പിൻ കുരുക്ക് അഴിക്കാൻ ആസ്‌ട്രേലിയൻ ടീമിനെ സഹായിക്കാൻ ഒരുക്കമാണെന്ന് അറിയിച്ചിരിക്കുകയാണ് മുൻ ഓസീസ് താരം മാത്യു ഹൈഡൻ. ആവശ്യമെങ്കിൽ ഹൈഡന്റെ സേവനം ഉപയോഗിക്കുമെന്ന് ഓസീസ് കോച്ച് ആൻഡ്ര്യു മക്‌ഡൊണാൾഡ് വെളിപ്പെടുത്തി.

ഇന്ത്യൻ സ്പിന്നർമാർ സൃഷ്ടിക്കുന്ന തലവേദനയ്ക്ക് പരിഹാരം ഉപദേശിക്കാൻ താൻ ഒരുക്കമാണെന്ന് ഹൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗജന്യമായി തന്നെ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് ഇത്തരമൊരു സേവനം നൽകാൻ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആസ്‌ട്രേലിയൻ മാധ്യമമായ 'സിഡ്‌നി മോണിങ് ഹെറാൾഡി'നോടും ഹൈഡൻ ഓസീസ് ടീമിന് ഉപദേശം നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഹൈഡന്റെ പരിചയസമ്പത്തും മികവും ഉപയോഗപ്പെടുത്തണമെന്ന് മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്കും ആവശ്യപ്പെട്ടിരുന്നു. താരങ്ങൾക്ക് കൂടുതൽ മികവ് നൽകാൻ ഹൈഡനാകുമെങ്കിൽ അദ്ദേഹവുമായി ആശയവിനിമയം നടത്താൻ താരങ്ങൾക്ക് അവസരമൊരുക്കുമെന്നാണ് ഓസീസ് കോച്ച് മക്‌ഡൊണാൾഡ് സൂചിപ്പിച്ചത്. ഓസീസ് താരങ്ങൾ അനാവശ്യമായി 'സ്വീപ് ഷോട്ട്' ഉപയോഗിച്ചതിനെതിരായ വിമർശനങ്ങളെ അദ്ദേഹം തള്ളുകയും ചെയ്തു.

ഇന്ത്യൻ പിച്ചിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് മാത്യു ഹൈഡൻ. 2001ൽ സ്റ്റീവ് വോയ്ക്ക് കീഴിൽ നടത്തിയ ഐതിഹാസികമായ പരമ്പരയിലും 2004ൽ ആദം ഗിൽക്രിസ്റ്റിന്റെ ക്യാപ്റ്റൻസിയിൽ നേടിയ പരമ്പര വിജയത്തിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിലൊരാളാണ് ഹൈഡൻ.

Summary: Matthew Hayden ready to help solve Australia batting woes: Report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News