മിന്നു വീണ്ടും മിന്നി; എന്നിട്ടും ഇന്ത്യയ്ക്ക് നിരാശ
രണ്ടു വിക്കറ്റുമായി മിന്നു വീണ്ടും കളംനിറഞ്ഞെങ്കിലും ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് ആശ്വാസജയം സ്വന്തമാക്കി
ധാക്ക: രണ്ടു വിക്കറ്റുമായി തുടർച്ചയായ മൂന്നാം മത്സരത്തിലും മലയാളി താരം മിന്നു മണി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിതകൾക്ക് പരാജയം. നാലു വിക്കറ്റിനായിരുന്നു ബംഗ്ലാവിജയം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നേരത്തെ തന്നെ രണ്ടു വിജയവുമായി ഇന്ത്യ സ്വന്തമാക്കിയിരുന്നു. മിർപൂരിൽ ആതിഥേയരുടെ ആശ്വസജയമായിരുന്നു ഇന്നത്തേത്.
ഇന്ന് ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഹർമൻ ആഗ്രഹിച്ചതല്ല കളത്തിൽ കണ്ടത്. ഇന്ത്യൻ ബാറ്റിങ് നിരയെ ബംഗ്ലാബൗളർമാർ വരിഞ്ഞുമുറുക്കി. ഓപണർമാരായ സ്മൃതി മന്ഥാനയെയും ഷെഫാലി വർമയെയും പവർപ്ലേയിൽ കൂടാരം കയറ്റി സുൽത്താന ഖാത്തൂൻ ആണ് ആക്രമണത്തിനു തുടക്കമിട്ടത്.
പിന്നീട് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ജെമീമ റോഡ്രിഗസും(28) ക്യാപ്റ്റൻ ഹർമനും(40) ചേർന്നാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. പിന്നീട് വന്നവർക്കൊന്നും കാര്യമായൊന്നും കൂട്ടിച്ചേർക്കാനായില്ല. നിശ്ചിത ഓവർ തീരുമ്പോൾ ഇന്ത്യ ഒൻപതിന് 102 എന്ന നിലയിലാണ് ബാറ്റിങ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ പ്രതീക്ഷിച്ച അത്ര എളുപ്പമായിരുന്നില്ല ആതിഥേയർക്ക് കാര്യങ്ങൾ. ഒരറ്റത്ത് ഓപണർ ഷമീമ സുൽത്താന നിലയുറപ്പിച്ചു കളിച്ചെങ്കിലും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഒടുവിൽ 19-ാം ഓവറിലാണ് ബംഗ്ലാസംഘം ലക്ഷ്യംകണ്ടത്. 46 പന്തിൽ 42 റൺസുമായി ഷമീമ ഒറ്റയ്ക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 17-ാം ഓവറിൽ മിന്നു മണിയും വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയയും ചേർന്നു നടത്തിയ റണ്ണൗട്ട് നീക്കത്തിലൂടെ ആ പോരാട്ടം അവസാനിപ്പിച്ചെങ്കിലും വാലറ്റക്കാരി ഋതു മോണി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഇന്ന് നാല് ഓവറിൽ 28 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റാണ് മിന്നു മണി കൊയ്തത്. പരമ്പരയിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മലയാളി താരം ആദ്യമത്സരത്തിൽ ഒരു വിക്കറ്റ് നേടി വരവറിയിച്ചു. രണ്ടാം മത്സരത്തിൽ നാല് ഓവറിൽ ഒൻപതു റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റും വീഴ്ത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Summary: Minnu Mani shines again, But Bangladesh pull India back in the last match of the T20 series