'തമിഴിലെ ഒരു തെറിയും ഞാൻ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല'; കന്നി ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിങ്ങില്‍ ധോണി

''ചെന്നൈ എനിക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ്. 2008ൽ ഐ.പി.എൽ തുടങ്ങുമ്പോൾ എന്നെ ദത്തെടുത്തതാണ് ഈ നഗരം. തമിഴ്‌നാടിനോടുള്ള ആത്മബന്ധം കാരണമാണ് ഞങ്ങളുടെ ആദ്യചിത്രം തമിഴിൽ തന്നെ നിർമിച്ചത്''

Update: 2023-07-11 07:38 GMT
Editor : Shaheer | By : Web Desk

ഭാര്യ സാക്ഷിക്കൊപ്പം എം.എസ് ധോണി

Advertising

ചെന്നൈ: സ്വന്തം സിനിമാ നിർമാണ കമ്പനിക്കു കീഴിൽ പുറത്തിറങ്ങുന്ന കന്നിചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ്ങിൽ ചെന്നൈയുമായുള്ള സ്‌നേഹം തുറന്നുപറഞ്ഞ് മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്‌സിന് പെരിയ വിസിൽ അടിച്ചാണ് ധോണി സംസാരം തുടങ്ങിയത്. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ചെന്നൈ പിന്നീട് ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറിയെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.

തമിഴിലുള്ള എൽ.ജി.എം(ലെറ്റ്‌സ് ഗെറ്റ് മാരീഡ്) ആണ് ധോണി എന്റർടെയിൻമെന്റിനു കീഴിൽ പുറത്തിറക്കുന്ന ആദ്യചിത്രം. ഹരീഷ് കല്യാൺ ആണ് ചിത്രത്തിൽ നായകൻ. ഇവാന, നാദിയ മൊയ്ദു, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എൽ.ജി.എം ട്രെയിലർ ലോഞ്ചിങ്ങിനായി ഭാര്യ സാക്ഷിക്കൊപ്പമാണ് ധോണി ഇന്നലെ ചെന്നൈയിലെത്തിയത്.

''വീട്ടിലെ ബോസ് ആരാണെന്ന് എല്ലാവർക്കും അറിയാം. നമ്മൾ ഒരു സിനിമ നിർമിക്കാൻ പോകുകയാണെന്ന് ഭാര്യ പറഞ്ഞപ്പോൾ ഞാൻ ഗെയിം കളിക്കുകയായിരുന്നു.''-ധോണി വെളിപ്പെടുത്തി. ധോണി എന്റർടെയിൻമെന്റ് കമ്പനിയുടെ ഡയരക്ടർമാരിൽ ഒരാളാണ് സാക്ഷി. സാക്ഷി തന്നെയാണ് കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നതും.

തമിഴിലെ തെറിവാക്കുകൾ അറിയാമെന്ന് ഭാര്യ പറഞ്ഞു. ഞാനൊരു തമിഴ് തെറിയും അവളെ പഠിപ്പിച്ചിട്ടില്ല. തമിഴിൽ ഒരു മോശം വാക്കും എനിക്ക് അറിയില്ലെന്നു തന്നെ കാരണം. മറ്റുചില ഭാഷകളിലുള്ള തെറികൾ എനിക്ക് അറിയാം-ധോണി പറഞ്ഞു.

ചെന്നൈയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ധോണി മനസുതുറന്നു. ''എന്റെ ടെസ്റ്റ് അരങ്ങേറ്റം ചെന്നൈയിലായിരുന്നു. ടെസ്റ്റിലെ എന്റെ ഉയർന്ന സ്‌കോറും ചെന്നൈയിലാണ്. ഇപ്പോഴിതാ എന്റെ ആദ്യ ചിത്രവും (ലോഞ്ച് ചെയ്യപ്പെടുന്നത്) ചെന്നൈയിലാണ്. ചെന്നൈ എനിക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ്. 2008ൽ ഐ.പി.എൽ തുടങ്ങുമ്പോൾ എന്നെ ദത്തെടുത്തതാണ് ഈ നഗരം. തമിഴ്‌നാടിനോടുള്ള ആത്മബന്ധം കാരണമാണ് ആദ്യചിത്രം തമിഴിൽ തന്നെ നിർമിച്ചത്''-താരം വെളിപ്പെടുത്തി.

ചെന്നൈ പേസർ ദീപക് ചഹാറിനെക്കുറിച്ച് ധോണി നടത്തിയ പരാമർശം സദസിൽ ചിരിപടർത്തി. ''അവനെക്കുറിച്ച് പറയാൻ വാക്ക് കിട്ടുന്നില്ല. ഗുളിക പോലെയാണ് അവൻ. കൂടെയില്ലെങ്കിൽ എവിടെപ്പോയെന്ന് നമ്മൾ ആലോചിക്കും. ഒപ്പമുണ്ടെങ്കിലോ എന്തിനാണിവൻ ഇവിടെയെന്നാകും ചിന്ത! എന്നാലും അവൻ പക്വത കൈവരിച്ചുവരുന്നുണ്ടെന്നത് സന്തോഷം തന്നെയാണ്. ഒരു 50 വയസൊക്കെ ആകുമ്പോൾ ഇപ്പോൾ ഈ എട്ടാം വയസിൽ സിവ(മകൾ)യുടെ പക്വതയൊക്കെ നേടുമായിരിക്കും. വീഞ്ഞ് പോലെയാണവൻ, കൂടുതൽ സമയമെടുക്കും. പക്ഷെ, ആ വീഞ്ഞ് കുടിക്കാൻ എനിക്കാകുമെന്ന് തോന്നുന്നില്ല. അവനു പക്വത വരുമ്പോഴേക്കും ഞാൻ മരിച്ചു മണ്ണടിഞ്ഞിരിക്കും.''-ചിരിയോടെ ധോണി പറഞ്ഞുനിർത്തി.

Summary: MS Dhoni Reveals Who’s The Boss At Home, Says He Didn’t Teach Any ‘Bad Words’ In Tamil To Wife Sakshi Dhoni

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News