ഞാന്‍ എന്നും ധോണി 'ഫാൻ ബോയ്'; അദ്ദേഹത്തില്‍നിന്നാണ് എല്ലാം പഠിച്ചത്-ഹർദിക് പാണ്ഡ്യ
'രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.'
അഹ്മദാബാദ്: എന്നും മഹേന്ദ്ര സിങ് ധോണിയുടെ ആരാധകനാണ് താനെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ ഹർദിക് പാണ്ഡ്യ. ഐ.പി.എൽ ഉദ്ഘാടന മത്സരത്തിനുമുൻപ് രവി ശാസ്ത്രിയോടാണ് ഹർദിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞാനും ധോണിയുടെ ഫാനാണ്. എല്ലാം അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. ധോണിക്കെതിരെ സീസൺ ആരംഭിക്കുന്നതിലും മികച്ച കാര്യം മറ്റൊന്നുമില്ല-പാണ്ഡ്യ കൂട്ടിച്ചേർത്തു.
ധോണി തന്റെ റോൾമോഡലാണെന്ന് ഇതിനുമുൻപും പലതവണ ഹർദിക് വ്യക്തമാക്കിയിരുന്നു. സമ്മർദങ്ങൾ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചത് ധോണിയാണെന്നായിരുന്നു ഒരിക്കൽ താരം വെളിപ്പെടുത്തിയത്. നായകസ്ഥാനത്ത് തിളങ്ങാനും മുൻ ഇന്ത്യൻ നായകൻ സഹായിച്ചിട്ടുണ്ടെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 178 റൺസാണ് നേടാനായത്. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ മിന്നും ബാറ്റിങ് പ്രകടനമാണ്(50 പന്തിൽ 92) ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒൻപത് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ സെഞ്ച്വറിക്ക് തൊട്ടരികെയാണ് ഗെയ്ക്ക്‌വാദ് വീണത്. രണ്ടു വീതം വിക്കറ്റുകളുമായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ ഗുജറാത്തിനു വേണ്ടി തിളങ്ങി.
Summary: 'I have been a fan of Dhoni every time, all have learned from him', says Hardik Pandya