തമിഴ്‌നാടിന്റെ ദത്തുപുത്രനാണ് ധോണി; ഞാനും അദ്ദേഹത്തിന്റെ ആരാധകൻ-എം.കെ സ്റ്റാലിൻ
'ധോണിയുടെ ബാറ്റിങ് കാണാനായി മാത്രം രണ്ടു തവണയാണ് ഞാൻ അടുത്തിടെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് പോയത്.'
ചെന്നൈ: തമിഴ്‌നാടിന്റെ ദത്തുപുത്രനാണ് മഹേന്ദ്ര സിങ് ധോണിയെന്ന് എം.കെ സ്റ്റാലിൻ. താനും ധോണിയുടെ ആരാധകനാണ്. ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കായികവകുപ്പിനു കീഴിൽ ആരംഭിച്ച തമിഴ്‌നാട് ചാംപ്യൻഷിപ്പ് ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ ധോണിയെ സാക്ഷിയാക്കിയായിരുന്നു സ്റ്റാലിന്റെ തുറന്നുപറച്ചിൽ. 'തമിഴ്‌നാട്ടിലെ എല്ലാവരെയും പോലെ ഞാനും ധോണിയുടെ വലിയ ആരാധകനാണ്. ധോണിയുടെ ബാറ്റിങ് കാണാനായി മാത്രം രണ്ടു തവണയാണ് ഞാൻ അടുത്തിടെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് പോയത്. നമ്മുടെ തമിഴ്‌നാടിന്റെ ദത്തുപുത്രൻ സി.എസ്.കെയ്ക്കു വേണ്ടി കളി തുടരുമെന്നാണ് എന്റെ പ്രതീക്ഷ.'-സ്റ്റാലിൻ പറഞ്ഞു.
ലക്ഷക്കണക്കിനു യുവാക്കൾക്ക് പ്രചോദനമാണ് ധോണി. ചെറിയൊരു കുടുംബത്തിൽനിന്ന് കഠിനാധ്വാനം കൊണ്ടാണ് അദ്ദേഹം ദേശീയ ഐക്കണായി മാറിയത്. തമിഴ്‌നാട്ടിൽനിന്ന് ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും നിരവധി ധോണിമാരെ നമുക്കു സൃഷ്ടിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ചെന്നൈയിലെ ലീലാ പാലസിൽ നടന്ന ചടങ്ങിൽ സ്റ്റാലിനും ധോണിക്കും പുറമെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, തങ്കം തെന്നരശ് ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും പരിപാടിയിൽ അനാച്ഛാദനം ചെയ്തു. ധോണിയെ ടി.എൻ ചാംപ്യൻഷിപ്പ് ഫൗണ്ടേഷന്റെ അംബാസഡറായി സ്റ്റാലിൻ പ്രഖ്യാപിക്കുകയും ചെയ്തു.
Summary: 'MS Dhoni is Tamil Nadu’s adopted son, I am also a fan of him', says Tamil Nadu CM MK Stalin