ഫൈനലിൽ ധോണിക്ക് വിലക്ക് വരുമോ? ചെന്നൈയ്ക്ക് വൻ തിരിച്ചടിയാകുന്ന തീരുമാനം വരുമോ?
ഗുജറാത്തുമായുള്ള ക്വാളിഫയർ മത്സരത്തിനിടെ ധോണി നടത്തിയ ഇടപെടലില്‍ അംപയര്‍മാര്‍ പരാതി നല്കിയാല്‍ വിലക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്
അഹ്മദാബാദ്: ഐ.പി.എല്ലിന്റെ പുതിയ രാജാക്കന്മാരെ നാളെ അറിയാം. ചൊവ്വാഴ്ച ഗുജറാത്തിനെ തകർത്ത് ഫൈനൽ ബെർത്ത് നേരത്തെ തന്നെ ഉറപ്പിച്ചിരിക്കുകയാണ് ചെന്നൈ. ഇന്ന് മുംബൈയും ഗുജറാത്തും തമ്മിൽ നടക്കുന്ന മത്സരത്തോടെ ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ ആരാകുമെന്ന കാര്യവും തീരുമാനമാകും.
പത്താം ഫൈനലിനാണ് ഞായറാഴ്ച ചെന്നൈ ഇറങ്ങുന്നത്. ഐ.പി.എല്ലിലെ ചെന്നൈയുടെ മേധാവിത്വം വ്യക്തമാക്കുന്ന റെക്കോർഡ് ആണിത്. ആറ് ഫൈനൽ കളിച്ച മുംബൈയാണ് ചെന്നെയ്ക്കു പിന്നിലുള്ളത്. അതേസമയം, ഫൈനൽ പോരാട്ടത്തിൽ ചെന്നൈ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈ നായകൻ എം.എസ് ധോണിക്ക് ഫൈനൽ കളിക്കാൻ വിലക്ക് വന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തുമായുള്ള ക്വാളിഫയർ മത്സരത്തിനിടെ ധോണി നടത്തിയ ഇടപെടലാണ് വിലക്ക് ക്ഷണിച്ചുവരുത്താനിടയുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നാല് മിനിറ്റോളം ധോണി മനഃപൂർവം കളി വൈകിപ്പിച്ചതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 16-ാം ഓവറിനു തൊട്ടുമുൻപായിരുന്നു സംഭവം. ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്തിന് ജയിക്കാൻ അപ്പോൾ 30 പന്തിൽ 71 റൺസ് ആണ് വേണ്ടിയിരുന്നത്.
നിർണായകഘട്ടമെന്ന് പറയാവുന്ന സമയത്ത് ഓവർ എറിയാൻ ധോണി വിളിച്ചത് മതീഷ പതിരാനയെ. പന്തുമായി ബൗളിങ്ങിനെത്തിയ പതിരാനയെ പക്ഷെ അനിൽ ചൗധരി തടഞ്ഞു. തൊട്ടുമുൻപ് എട്ടു മിനിറ്റോളം പതിരാന കളത്തിനു പുറത്തായിരുന്നതിനാൽ ഈ സമയത്ത് പന്തെറിയാൻ പറ്റില്ലെന്ന് അംപയർ വ്യക്തമാക്കി. പുറത്തുപോയ അത്രയും സമയം ഗ്രൗണ്ടിൽ നിന്നാലേ പന്തെറിയാൻ പറ്റൂവെന്ന ഐ.പി.എൽ നിയമം സൂചിപ്പിച്ചായിരുന്നു ഇടപെടൽ. 12-ാം ഓവർ എറിഞ്ഞ ശേഷമായിരുന്നു പതിരാന ഗ്രൗണ്ടിനു പുറത്തുപോയത്.
പതിരാനയും തുഷാർ ദേശ്പാണ്ഡെയും മാത്രമായിരുന്നു ചെന്നൈ നിരയിൽ പന്തെറിയാൻ ബാക്കിയുണ്ടായിരുന്നത്. അതിനാൽ, മറ്റൊരാളെ പന്തേൽപിക്കാൻ ധോണിക്കാകുമായിരുന്നില്ല. ഈ സമയത്താണ് സ്‌ക്വയർ ലെഗിൽ നിന്നിരുന്ന രണ്ടാം അംപയർ ക്രിസ് ഗാഫനിയുമായി വിഷയം ചർച്ച ചെയ്തു ധോണി. ഇതോടെ അനിൽ ചൗധരിയും ഇടപെട്ടു. മറ്റൊരാളെ ഓവർ ഏൽപിക്കണമെന്നും കളി തടയരുതെന്നും ആവശ്യപ്പെട്ടു.
എന്നാൽ, രണ്ടു പേർ മാത്രമാണ് ബൗളർമാരിൽ ബാക്കിയുള്ളതെന്നും മറ്റൊരാളെ ഓവർ ഏൽപിക്കാനാകില്ലെന്നും ധോണി വിശദീകരിച്ചു. ഇത് അംപയർമാർ അംഗീകരിച്ചില്ലെങ്കിലും ഇവർ തമ്മിലുള്ള സംസാരം നാല് മിനിറ്റോളം നീണ്ടു. ഇതോടെ പുറത്തുപോയ സമയം പതിരാനയ്ക്കു ഗ്രൗണ്ടിൽ വീണ്ടെടുക്കാനുമായി. തുടർന്ന് താരത്തെ പന്തെറിയാൻ അംപയർമാർ അനുവദിക്കുകയുമായിരുന്നു.
അംപയർമാർ പരാതി നൽകിയാൽ ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാകും വരാൻ പോകുന്നത്. അനാവശ്യമായി ധോണി ഏറെനേരം കളി തടസപ്പെടുത്തിയെന്ന് ബി.സി.സി.ഐയ്ക്ക് അംപയർമാർ രേഖാമൂലം പരാതി നൽകുകയാണെങ്കിൽ അടുത്ത മത്സരത്തിൽ ധോണിക്കു വിലക്കു വരുമെന്ന് ഉറപ്പാണ്. ഫൈനലിനുമുൻപ് മറ്റൊരു മത്സരമില്ലാത്തതിനാൽ നഷ്ടപ്പെടാൻ പോകുന്നത് നിർണായക മത്സരമാകും. എന്നാൽ, അംപയർമാർ ധോണിക്കെതിരെ പരാതി നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അവസാന നിമിഷം അത്തരമൊരു നീക്കമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
മത്സരത്തിൽ 15 റൺസിനായിരുന്നു ചെന്നൈ വിജയം. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടവന്ന ചെന്നൈ 172 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ അവസാന ഓവറിൽ പോരാട്ടം അവസാനിക്കുമ്പോൾ 157 റൺസായിരുന്നു ഗുജറാത്ത് സ്‌കോർബോർഡിലുണ്ടായിരുന്നത്.
Summary: MS Dhoni to get banned from IPL 2023 final?