''അന്ന് ധോണി മാത്രമാണ് എന്നെ വിളിച്ചത്; എന്റെ നമ്പർ കൈയിലുള്ള ഒരാളും മെസേജ് പോലും അയച്ചില്ല''-വെളിപ്പെടുത്തി വിരാട് കോഹ്ലി
മാനസികമായി ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോയ കഴിഞ്ഞ എട്ടു മാസവും ഒരു സംരക്ഷകനെപ്പോലെ ധോണിയുടെ സാന്നിധ്യം ഒപ്പമുണ്ടായിരുന്നുവെന്നും കോഹ്ലി പറഞ്ഞു
ദുബൈ: സൂപ്പർ താരം വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ആരാധകർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. രണ്ടു വർഷത്തോളമായി താളം കണ്ടെത്താനാകാതെ വിഷമിച്ചു നടന്ന കോഹ്ലി ടി20 ലോകകപ്പിന് ഏതാനും ആഴ്ചകൾ ബാക്കിനിൽക്കെ ദുബൈയിൽ പുരോഗമിക്കുന്ന ഏഷ്യാ കപ്പിൽ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. ഇന്നലെ പാകിസ്താനെതിരെ നടന്ന ത്രില്ലർ പോരാട്ടത്തിനുശേഷം കരിയറിലെ ഏറ്റവും മോശം ഘട്ടത്തെക്കുറിച്ച് കോഹ്ലി മനസു തുറന്നു. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയിൽനിന്നു മാത്രമാണ് തനിക്ക് വേണ്ട പിന്തുണ ലഭിച്ചതെന്നാണ് താരം വെളിപ്പെടുത്തിയത്.
''ടെസ്റ്റ് ക്യാപ്റ്റൻസി ഉപേക്ഷിച്ചപ്പോൾ കൂടെക്കളിച്ച ഒരേയൊരാൾ മാത്രമാണ് എന്നെ വിളിച്ചത്. അത് എം.എസ് ധോണിയായിരുന്നു. ഒരുപാട് പേരുടെ അടുത്ത് എന്റെ നമ്പറുണ്ട്. പലരും ടെലിവിഷനിൽ എനിക്ക് നിർദേശങ്ങൾ തരുന്നുണ്ട്. ആളുകൾക്ക് ഒരുപാട് പറയാനുണ്ട്. എന്നാൽ, എന്റെ നമ്പർ കൈയിലുണ്ടായിരുന്ന ഒരാൾപോലും എനിക്ക് മെസേജ് അയക്കുക പോലും ചെയ്തില്ല.''-കോഹ്ലി വെളിപ്പെടുത്തി.
മാനസികമായി ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോയ കഴിഞ്ഞ എട്ടു മാസവും ഒരു സംരക്ഷകനെപ്പോലെ ധോണിയുടെ സാന്നിധ്യം ഒപ്പമുണ്ടായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. ''നമ്മൾക്ക് ഒരാളോട് ആദരവുണ്ട്, അത് നിർവ്യാജവുമാണെങ്കിൽ രണ്ടു ഭാഗത്തും ഒരു സുരക്ഷിതബോധം പോലെയാണത്. അദ്ദേഹത്തിന് എന്നിൽനിന്ന് ഒന്നും ആവശ്യമില്ല. തിരിച്ച് എനിക്കും അദ്ദേഹത്തിൽനിന്ന് ഒന്നും കിട്ടാനില്ല. ഒരുഘട്ടത്തിലും എന്നെ ആലോചിച്ച് ധോണിക്കോ, അദ്ദേഹത്തെ ആലോചിച്ച് എനിക്കോ അരക്ഷിതബോധമുണ്ടായിട്ടില്ല.''-താരം കൂട്ടിച്ചേർത്തു.
ഞാൻ സത്യസന്ധമായാണ് ജീവിക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ, നമ്മൾ സത്യം കാണുന്നുണ്ട്. നമ്മൾ സത്യസന്ധതയോടെ ഇത്രയും നീണ്ടകാലം കളിക്കുമ്പോൾ സർവശക്തൻ നമുക്ക് പ്രതിഫലം നൽകും. കളി തുടരാനാകുന്നേടത്തോളം ഞാൻ ഇങ്ങനെയൊക്കെ കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കി. ഇതിനുമുന്‍പും ധോണിയുടെ പിന്തുണയെക്കുറിച്ച് കോഹ്ലി വെളിപ്പെടുത്തിയിരുന്നു. ധോണിക്കു കീഴില്‍ കളിച്ച കാലമാണ് കരിയറില്‍ ഏറ്റവും ആസ്വദിച്ചിട്ടുള്ളതെന്ന് ദിവസങ്ങള്‍ക്കുമുന്‍പ് കോഹ്ലി ട്വീറ്റ് ചെയ്തിരുന്നു.
ഇത്തവണ ഏഷ്യാ കപ്പ് റൺവേട്ടക്കാരിൽ രണ്ടാമനാണ് കോഹ്ലി. രണ്ട് അർധശതകമടക്കം മൂന്ന് കളിയിൽനിന്ന് 164 റൺസാണ് താരത്തിന്റെ സമ്പാദ്യം. പാകിസ്താന്റെ മുഹമ്മദ് റിസ്‌വാനാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ നടന്ന ആദ്യ മത്സരത്തിൽ 3 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 35 റൺസാണ് താരം സ്വന്തമാക്കിയത്. ഹോങ്കോങ്ങിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ 44 പന്തിൽ ഒരു ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 59 റൺസും സ്വന്തമാക്കി. സൂപ്പർഫോറിൽ പാകിസ്താനെതിരായ ത്രില്ലർ പോരാട്ടത്തിൽ 44 പന്ത് നേരിട്ടാണ് 60 റൺസ് അടിച്ചെടുത്തത്. ഇതിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടും.
Summary: No one except MS Dhoni messaged me after I quit Test captaincy, says Virat Kohli