ഏഴാം നമ്പർ ജഴ്‌സിക്കും 'വിട'; ധോണിക്ക് ബി.സി.സി.ഐയുടെ അപൂര്‍വാദരം
ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂർ കരിയറിന്റെ തുടക്കത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജഴ്‌സി ധരിച്ചത് വലിയ വിവാദമായിരുന്നു
ന്യൂഡൽഹി: ഇന്ത്യയ്ക്ക് രണ്ട് ലോകകിരീടം സമ്മാനിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ആദരമൊരുക്കി ബി.സി.സി.ഐ. ഏറെ ജനപ്രീതിയാർജിച്ച ഏഴാം നമ്പർ ജഴ്‌സിക്കും പ്രതീകാത്മക 'വിരമിക്കൽ' ഒരുക്കിയിരിക്കുകയാണ് ബോർഡ്. മുൻപ് സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജഴ്‌സിയും ഇതുപോലെ ബി.സി.സി.ഐ പിൻവലിച്ചിരുന്നു.
ഇനിമുതൽ ഏഴാം നമ്പർ ജഴ്‌സി ലഭിക്കില്ലെന്ന് ബോർഡ് താരങ്ങളെ അറിയിച്ചതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. നിലവിലെ ഇന്ത്യൻ താരങ്ങളെയും യുവതാരങ്ങളെയും ഇക്കാര്യം ധരിപ്പിച്ചതായാണു വിവരം. ധോണിയോടുള്ള ആദരമായാണ് ഇത്തരമൊരു തീരുമാനമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂർ കരിയറിന്റെ തുടക്കത്തിൽ പത്താം നമ്പർ ജഴ്‌സി ധരിച്ചിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് ബി.സി.സി.ഐ ജഴ്‌സി പിൻവലിക്കുകയായിരുന്നു. ഈ വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ധോണിയുടെ വിരമിക്കലിനുശേഷം ഏഴാം നമ്പർ ജഴ്‌സി മറ്റാർക്കും നൽകാതിരുന്നത്.
ഇന്ത്യൻ താരങ്ങൾക്കായി 60 ജഴ്‌സി നമ്പറുകളാണ് അനുവദിച്ചിട്ടുള്ളത്. താരങ്ങൾ ഒരു വർഷത്തോളം ടീമിനു പുറത്താണെങ്കിലും പുതുതായി വരുന്ന താരങ്ങൾക്ക് ഈ നമ്പർ നൽകാറില്ല. പുതുതായി അരങ്ങേറ്റം കുറിക്കാനിരിക്കുന്നവർക്കായി 30 നമ്പറുകൾ ബാക്കിയുണ്ടെന്ന് ബി.സി.സി.ഐ വൃത്തം വെളിപ്പെടുത്തി.
2020 ആഗസ്റ്റ് 15നാണ് ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ദേശീയ കുപ്പായം അഴിച്ചുവയ്ക്കുകയാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. അതേസമയം, ഐ.പി.എല്ലിൽ ചെന്നൈയ്ക്കായി ധോണി ഇപ്പോഴും സജീവമാണ്.
Summary: MS Dhoni's No. 7 jersey retired, BCCI informs players not to pick iconic shirt: Reports