മുംബൈയ്ക്ക് തകര്‍ത്തടിച്ച് തുടക്കം; വില്ലനായി റാഷിദ് ഖാൻ

മുംബൈയിൽ മലയാളി താരം വിഷ്ണു വിനോദ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. മുംബൈയ്ക്കായി വിഷ്ണുവിന്റെ അരങ്ങേറ്റമാണിന്ന്

Update: 2023-05-12 17:08 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: വാങ്കഡെയിലെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന നിർണായക മത്സരത്തിൽ ഹിറ്റ്മാൻ മോശം ഫോമിന്റെ പഴിമാറ്റിയെങ്കിലും മുംബൈ നിരയിൽ അപകടം വിതച്ച് റാഷിദ് ഖാൻ. പവർപ്ലേയിൽ ഗുജറാത്ത് ബൗളർമാരെ തുടരെ ബൗണ്ടറി കടത്തി ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ, ആക്രമണമൂഡിലുണ്ടായിരുന്ന ഇഷൻ കിഷൻ, ഇൻഫോം ബാറ്ററായ നേഹൽ വധേര എന്നിവരെയാണ് റാഷിദ് കൂടാരം കയറ്റിയത്. പത്ത് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും 96 എന്ന ശക്തമായ നിലയിലാണ് മുംബൈ. 18 റൺസുമായി സൂര്യകുമാർ യാദവും രണ്ട് റൺസുമായി വിഷ്ണു വിനോദുമാണ് ക്രീസിലുള്ളത്.

പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് മുംബൈയ്ക്ക് ജയം അനിവാര്യമാണ്. ഗുജറാത്തിന് ജയിച്ചാൽ ആദ്യ രണ്ടുറപ്പിക്കാം. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഒരു മാറ്റവുമില്ലാതെയാണ് മുംബൈ ഇന്ന് ഇറങ്ങിയത്. മുംബൈയിൽ ട്രിസ്റ്റൻ സ്റ്റബ്‌സിനു പകരം മലയാളി താരം വിഷ്ണു വിനോദ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. മുംബൈയ്ക്കായി വിഷ്ണുവിന്റെ അരങ്ങേറ്റമാണിന്ന്.

മോഹിത് ശർമ എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത് അഴിഞ്ഞാട്ടത്തിനു തുടക്കമിട്ടത്. ഇതേ ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പറത്തി രോഹിത് അടിച്ചെടുത്തത് 14 റൺസായിരുന്നു. ഇതോടെ ആദ്യ ഓവർ ഗംഭീരമായി എറിഞ്ഞ മുഹമ്മദ് ഷമിക്കും നിയന്ത്രണം നഷ്ടമായി. 17 റൺസാണ് മൂന്നാം ഓവറിൽ പിറന്നത്. അഫ്ഗാന്റെ സ്പിൻ ദ്വയമായ റാഷിദ് ഖാനെയും നൂർ അഹ്മദിനെയും ഇറക്കി മുംബൈ ആക്രമണം തടയാനുള്ള പാണ്ഡ്യയുടെ തന്ത്രം ഫലിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ 61 റൺസായിരുന്നു മുംബൈ അടിച്ചുകൂട്ടിയത്.

എന്നാൽ, പവർപ്ലേ അവസാനിച്ചതിനു തൊട്ടുപിന്നാലെ മുംബൈയ്ക്ക് റാഷിദ് ഖാന്റെ ഷോക്ക്. മികച്ച ഫോമിൽ നിന്നിരുന്ന രണ്ട് ഓപണർമാരെയും റാഷിദ് ഒരേ ഓവറിൽ കൂടാരം കയറ്റി. സ്ലിപ്പിൽ രാഹുൽ തെവാട്ടിയയ്ക്ക് ക്യാച്ച് നൽകി രോഹിതാണ് ആദ്യം മടങ്ങിയത്. പിന്നാലെ വിക്കറ്റിനുമുന്നിൽ കുരുങ്ങി ഇഷനും മടങ്ങി. രോഹിത് 18 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറും അടിച്ച് 29 റൺസാണെടുത്തത്. 20 പന്തിൽ ഒരു സിക്‌സും നാല് ഫോറും സഹിതം 31 റൺസായിരുന്നു ഇഷന്റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറിൽ വീണ്ടും റാഷിദ് ഖാന്റെ പ്രഹരം. ഇത്തവണ നേഹാൽ വധേരയായിരുന്നു താരത്തിന്റെ ഇര. ഏഴു പന്തിൽ 15 റൺസെടുത്ത് വധേരയുടെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു റാഷിദ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News