'പ്രാക്ടീസിന് അനുവാദം തേടിയപ്പോൾ പിച്ചിൽ വെള്ളമൊഴിച്ചു!'; ഇന്ത്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം-വിവാദം
നാഗ്‍പൂരില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് വിജയത്തിനു പിന്നാലെയായിരുന്നു നടപടി
സിഡ്‌നി: ബോർഡർ-ഗവാർസ്‌കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിൽ പിച്ചിനെച്ചൊല്ലിയുടെ വിവാദം തുടരുന്നു. ആദ്യ ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിൽ ഇന്ത്യ ആസ്‌ട്രേലിയയുടെ ഇടങ്കയ്യൻ ബാറ്റർമാർക്ക് കുരുക്കൊരുക്കിയെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ആദ്യ ടെസ്റ്റിൽ രണ്ട് ദിവസ ബാക്കിനിൽക്കെ ഇന്ത്യ ഇന്നിങ്‌സിനും 132 റൺസിനും ആസ്‌ട്രേലിയയെ നാണംകെടുത്തുകയും ചെയ്തു.
മത്സരശേഷവും പിച്ചിനെച്ചൊല്ലിയുടെ വിവാദം പുകയുകയാണ്. അതിനിടെ, നാഗ്പൂർ ഗ്രൗണ്ടിൽ തന്നെ അടുത്ത ടെസ്റ്റിനു തയാറെടുക്കാൻ ഓസീസ് സംഘം അനുവാദം തേടിയപ്പോൾ പിച്ചിൽ വെള്ളം ഒഴിച്ചതായുള്ള ആരോപണം ഉയർന്നിരിക്കുകയാണ്. ആസ്‌ട്രേലിയ ഇന്ത്യയോട് ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണ് ഗ്രൗണ്ട് സ്റ്റാഫിന്റെ നടപടി.
സംഭവത്തോട് രൂക്ഷമായ ഭാഷയിലാണ് ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഇയാൻ ഹീലി പ്രതികരിച്ചത്. 'നാഗ്പൂർ വിക്കറ്റിൽ അൽപം പരിശീലനം നടത്താനുള്ള ഞങ്ങളുടെ പദ്ധതിയെ മുക്കിക്കളഞ്ഞ നടപടി ശരിക്കും ലജ്ജിപ്പിക്കുന്നതാണെന്ന് ഹീലി കുറ്റപ്പെടുത്തി. 'ഇത് നല്ല നടപടിയല്ല. ക്രിക്കറ്റിന് നല്ലതിനല്ല. വിഷയത്തിൽ ഐ.സി.സി ഇടപെടണം. പ്രാക്ടീസ് ചെയ്യാൻ അനുമതി തേടിയപ്പോൾ ഒട്ടും മര്യാദയില്ലാതെ പിച്ചിൽ വെള്ളം ഒഴിച്ച നടപടി ഭീകരം തന്നെയാണ്. മെച്ചപ്പെടാനുണ്ട്.' ഇയാൻ ഹീലി കൂട്ടിച്ചേർത്തു.
ഡൽഹിയിലിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. നാഗ്പൂരിനു സമാനമായി ഡൽഹി പിച്ചും സ്പിന്നർമാരെ തുണക്കുന്നതാകുമെന്നുറപ്പാണ്. ഇതു മുൻകൂട്ടിക്കണ്ടാണ് ആസ്‌ട്രേലിയ നാഗ്പൂരിൽ തന്നെ പരിശീലനം നടത്താമെന്ന തീരുമാനത്തിലെത്തിയത്. നാഗ്പൂരിൽ ആദ്യ ഇന്നിങ്‌സിൽ 177 റൺസിന് പുറത്തായ ഓസീസ് സംഘം രണ്ടാം ഇന്നിങ്‌സിൽ വെറും 91 റൺസിനാണ് കൂടാരം കയറിയത്. ഇന്ത്യൻ മണ്ണിൽ വർഷങ്ങൾക്കുശേഷമുള്ള ആസ്‌ട്രേലിയയുടെ നാണംകെട്ട പ്രകടനമായിരുന്നു ഇത്. അതേസമയം, രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെയും അക്‌സർ പട്ടേലിന്റെയും അർധസെഞ്ച്വറികളുടെയും കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 400 റൺസ് സ്വന്തമാക്കിയിരുന്നു.
Summary: Australian Cricket great Ian Healy calls for ICC action after Australia denied practice in Nagpur as the ground staff watered the pitch after the 1st test