നേഥൻ 'ലയൺ'; സ്പിൻ മാജിക്കിൽ കറങ്ങിവീണ് ടീം ഇന്ത്യ

75 എന്ന നിസ്സാര വിജയലക്ഷ്യമാണ് സന്ദർശകർക്കു മുന്നിൽ ഇന്ത്യയ്ക്ക് ഉയർത്താനായത്

Update: 2023-03-02 11:46 GMT
Editor : Shaheer | By : Web Desk
Advertising

ഇൻഡോർ: നേഥൻ ലയണിന്റെ സ്പിൻ കുരുക്കിൽ കറങ്ങിവീണ് ടീം ഇന്ത്യ. ആസ്‌ട്രേലിയയുടെ 88 റൺസ് ലീഡ് മറികടന്നെങ്കിലും 163 റൺസിന് ഇന്ത്യ പുറത്തായി. 75 എന്ന നിസ്സാര വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് സന്ദർശകർക്കു മുന്നിൽ ഉയർത്താനായത്. രണ്ടാം ഇന്നിങ്‌സിൽ എട്ടുവിക്കറ്റുമായാണ് ലയൺ ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

രണ്ടാം ഇന്നിങ്‌സിൽ ചേതേശ്വർ പുജാരയ്ക്കു മാത്രമാണ് കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഒരറ്റത്ത് വിക്കറ്റുകൾ കൊയ്തുകൊണ്ടിരുന്നപ്പോഴും മറ്റൊരറ്റം കാത്ത് ഇന്ത്യയെ കരകയറ്റിയത് പുജാരയുടെ പോരാട്ടമാണ്. വെടിക്കെട്ട് ബാറ്റിങ്ങുമായി കൗണ്ടർ അറ്റാക്കിങ് ശൈലിയിൽ കളിച്ച ശ്രേയർ അയ്യരാണ് ഇന്ത്യയെ ഓസീസ് ലീഡ് മറികടക്കാൻ സഹായിച്ചത്. എന്നാൽ, സ്റ്റാർക്കിന്റെ പന്തിൽ വമ്പനടിക്കുള്ള ശ്രമത്തിൽ അയ്യരും വീണു.

ഒടുവിൽ പുജാരയുടെ പോരാട്ടവും ലയൺ അവസാനിപ്പിച്ചു. 142 പന്ത് നേരിട്ട താരം ഒരു സിക്‌സും അഞ്ചു ഫോറുമായി 59 റൺസെടുത്താണ് പുജാര പുറത്തായത്. രോഹിത് ശർമ(12), ശുഭ്മൻ ഗിൽ(അഞ്ച്), രവീന്ദ്ര ജഡേജ(ഏഴ്), ശ്രീകാർ ഭരത്(മൂന്ന്), ആർ. അശ്വിൻ(16), ഉമേഷ് യാദവ്(പൂജ്യം) മുഹമ്മദ് സിറാജ്(പൂജ്യം) എന്നിവരെയെല്ലാം പുറത്താക്കിയത് ലയോണാണ്. വിരാട് കോഹ്ലി(13) മാത്യു ക്യൂനെമനിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയും പുറത്തായി.

നേരത്തെ, രണ്ടാംദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്ക് 41 റൺസെടുക്കുന്നതിനിടെയാണ് ബാക്കി ആറു വിക്കറ്റുകൾ നഷ്ടമായത്. 88 റൺസിന്റെ ലീഡാണ് ഓസീസ് സ്വന്തമാക്കിയത്.

19 റൺസെടുത്ത പീറ്റർ ഹാൻഡ്സ്‌കോമ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ 21 റൺസെടുത്ത കാമറൂൺ ഗ്രീനിനെ ഉമേഷ് യാദവ് വിക്കറ്റിന് മുമ്പിൽ കുടുക്കി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. അലക്സ് കാരി (മൂന്ന്), മിച്ചൽ സ്റ്റാർക്ക് (ഒന്ന്), നഥാൻ ലിയോൺ (അഞ്ച്), ടോഡ് മർഫി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റു വീഴ്ത്തി. ഉമേഷ് യാദവിനും ആർ അശ്വിനും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 109 റൺസിന് പുറത്തായിരുന്നു.

Summary: India  vs AUS 3rd Test updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News