ലങ്കയുടെ ഹെൽമെറ്റ് പിഴയിൽ നെതർലൻഡ്‌സിന് വീണുകിട്ടിയ അഞ്ചു റൺസ്; ലോകകപ്പിലെ റെക്കോർഡ് കൂട്ടുകെട്ട്

ആറിന് 91 എന്ന നിലയിൽ തകർന്ന നെതർലൻഡ്‌സിനെ സിബ്രാൻഡും വാൻ ബീക്കും ചേർന്നാണു രക്ഷിച്ചത്

Update: 2023-10-21 10:03 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ലോകകപ്പിൽ ശ്രീലങ്ക-നെതർലൻഡ്‌സ് മത്സരത്തിൽ റെക്കോർഡ് കൂട്ടുകെട്ടാണ് പിറന്നത്. ആറിന് 91 എന്ന നിലയിൽനിന്ന് സിബ്രാൻഡ് ഏഞ്ചൽബ്രെച്ചും ലോഗൻ വാൻ ബീക്കും ചേർന്നു പടുത്തുയര്‍ത്തിയ 130 കൂട്ടുകെട്ട് ആണ് ഡച്ച് പടയെ രക്ഷിച്ചത്. ലോകകപ്പിൽ ഏഴാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്നു സ്വന്തം പേരിലാക്കിയത്.

മറ്റൊരു കൗതുകത്തിനു കൂടി മത്സരം സാക്ഷിയായി. ഗ്രൗണ്ടിൽ വച്ചിരുന്ന ഹെൽമെറ്റിൽ പന്ത് തട്ടിയതിന് അഞ്ചു റൺസാണ് നെതർലൻഡ്‌സിന് അംപയർ അനുവദിച്ചത്. മത്സരത്തിലെ 43-ാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്തിൽ സിബ്രാൻഡ് ബാറ്റ് വീശിയെങ്കിലും പന്ത് കണക്ട് ആയില്ല. എന്നാൽ, വിക്കറ്റിനു പിന്നിൽ ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസിന്റെ കൈയിലുമൊതുങ്ങിയില്ല. ബൗണ്ടറിയിലേക്കു പോയ പന്ത് ഗ്രൗണ്ടിൽ വച്ചിരുന്ന കീപ്പറുടെ ഹെൽമെറ്റിൽ തട്ടിനിൽക്കുകയായിരുന്നു.

ഇതോടെയാണ് അംപയർ മറായ്‌സ് ഇറാസ്മസ് ലങ്കയ്ക്കുള്ള ശിക്ഷയായി നെതർലൻഡ്‌സിന് അഞ്ച് റൺസ് സമ്മാനിച്ചത്. ഫീൾഡിങ് ടീം സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഹെൽമെറ്റിൽ പന്തു തട്ടിയാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് അനുവദിക്കുമെന്നാണ് ക്രിക്കറ്റ് നിയമം.

വൻ തകർച്ച മുന്നിൽ കണ്ട നെതർലൻഡ്‌സിനെ അവിസ്മരണീയമായൊരു കൂട്ടുകെട്ടിലൂടെയാണ് സിബ്രാൻഡും വാൻ ബീക്കും ചേർന്നു കരകയറ്റിയത്. ടീം ടോട്ടൽ 91ൽ നിൽക്കെ ഒന്നിച്ച ഇരുവരും 221ലേക്ക് കൈപിടിച്ചുയർത്തിയ ശേഷമാണു പിരിഞ്ഞത്. അർധസെഞ്ച്വറികളുമായി സിബ്രാൻഡും(70) വാൻ ബീക്കും(59) ശരിക്കും ടീമിന്റെ രക്ഷകരാകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 263 റൺസ് വിജയലക്ഷ്യമാണ് ഓറഞ്ചുപട ലങ്കയ്‌ക്കെതിരെ ഉയർത്തിയത്.

Summary: NED vs SL, ODI World Cup 2023: Netherlands gets five penalty runs after ball hits keeper’s helmet

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News