നെതർലൻഡ്സിനെതിരെ കിവികൾക്ക് ആദ്യ വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഡേവൻ കോൺവേ ആണ് പുറത്തായത്
ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിനു മികച്ച തുടക്കം. ആദ്യജയം ലക്ഷ്യമിട്ടിറങ്ങിയ നെതർലൻഡ്‌സിനെതിരെ ഓപണർമാരായ ഡേവൻ കോൺവേയും വിൽ യങ്ങും ചേർന്ന് ഉറച്ച തുടക്കമാണ് കിവികൾക്ക് നൽകിയത്. എന്നാല്‍, ആദ്യ പത്ത് ഓവർ പിന്നിട്ടതോടെ ന്യൂസിലന്‍ഡിന്‍റെ ആദ്യ വിക്കറ്റും വീണു.
13 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ് ന്യൂസിലൻഡ്. 32 റൺസെടുത്ത കോൺവേയാണ് വാൻ ഡെർ മേർവിന്റെ പന്തിൽ പുറത്തായത്. 32 റൺസുമായി യങ്ങും രണ്ടു റൺസുമായി രച്ചിൻ രവീന്ദ്രയുമാണ് ക്രീസിലുള്ളത്.
മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ച ഡച്ച് നായകൻ സ്‌കോട്ട് എഡ്വാഡ്‌സ് കിവികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ വിജയിച്ച അതേ ടീം കോമ്പിനേഷനിൽ ഏക മാറ്റവുമായാണ് ടോം ലാഥനും സംഘവും ഇറങ്ങിയത്. ജിമ്മി നീഷമിനു പകരക്കാരനായി ലോക്കി ഫെർഗൂസൻ ടീമിൽ ഇടംപിടിച്ചതാണു മാറ്റം. കെയിൻ വില്യംസ് പരിക്കിൽനിന്നു പൂർണമായി മുക്തനാകാത്തതിനാൽ തിരിച്ചെത്തിയില്ല. മറുവശത്ത് നെതർലൻഡ്‌സ് സംഘത്തിലും ആദ്യ മത്സരത്തെ ഇലവനിൽനിന്ന് ഒറ്റ മാറ്റമാണുള്ളത്. സാഖിബ് സുൽഫീക്കറിനു പകരം സിബ്രാൻഡ് എംഗൽബ്രെച്ച് ആണ് ടീമിലെത്തിയത്.
Summary: New Zealand vs Netherlands Live Score, World Cup 2023