''ധോണിയില്ലാതെ ചെന്നൈയില്ല; ചെന്നൈ ഇല്ലാതെ ധോണിയും''; നായകനെ വിടില്ലെന്ന് വ്യക്തമാക്കി എൻ ശ്രീനിവാസൻ
ധോണി നാട്ടിലെത്തിയ ശേഷം എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന വിജയാഘോഷ ചടങ്ങില്‍ ഐപിഎല്‍ കിരീടം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് സമ്മാനിക്കുമെന്ന് ടീം ഉടമയും ബിസിസിഐ മുൻ അധ്യക്ഷനുമായ എൻ ശ്രീനിവാസൻ പറഞ്ഞു
എംഎസ് ധോണിയെ വിടാൻ ഒരുക്കമില്ലെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്(സിഎസ്‌കെ). ധോണിയില്ലാതെ ചെന്നൈ ഇല്ലെന്ന് ടീം ഉടമയും ബിസിസിഐ മുൻ അധ്യക്ഷനുമായ എൻ ശ്രീനിവാസൻ പറഞ്ഞു. ഐപിഎൽ കിരീടവുമായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധോണിയും ടീമും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാക്കുന്നതാണ് ശ്രീനിവാസന്റെ പ്രസ്താവന. ''സിഎസ്‌കെയുടെയും ചെന്നൈയുടെയും തമിഴ്‌നാടിന്റെയുമെല്ലാം അവിഭാജ്യ ഘടകമാണ് ധോണി. ധോണിയില്ലതെ സിഎസ്‌കെ ഇല്ല, സിഎസ്‌കെ ഇല്ലാതെ ധോണിയുമില്ല'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകനാണ് ധോണി. ടൂർണമെന്റിനുശേഷം ധോണി ചെന്നൈയിലെത്തി കിരീടം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് സമ്മാനിക്കുമെന്ന് ശ്രീനിവാസൻ അറിയിച്ചു. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന വിജയാഘോഷ ചടങ്ങിലായിരിക്കും ഇത്.
ശ്രീനിവാസൻ വൈസ് ചെയർമാനും എംഡിയുമായ ഇന്ത്യാ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ചെന്നൈ ടീമിന് 2008ൽ ഐപിഎല്ലിന്റെ തുടക്കം മുതൽ നേതൃത്വം നല്‍കിയത് ധോണിയായിരുന്നു. 2014ൽ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡിന് ഉടമസ്ഥാവകാശം കൈമാറിയപ്പോഴും ധോണി ക്യാപ്റ്റൻസിയിൽ തുടർന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 14-ാം ഐപിഎൽ കലാശപ്പോരാട്ടത്തിൽ കൊൽക്കത്തയെ 27 റൺസിന് തകർത്താണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം യുഎഇയിൽ തന്നെ നടന്ന 13-ാം സീസണിലെ നിരാശാജനകമായ പ്രകടനത്തിനു കണക്കുതീർത്തായിരുന്നു ധോണിയുടെ നേതൃത്വത്തിൽ ചെന്നൈയുടെ വിസ്മയകരമായ തിരിച്ചുവരവ്. പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിന്റെ ഭാഗമാകുന്നതോടെ മെഗാ ലേലമാണ് അടുത്ത വർഷം നടക്കുന്നത്. ഇതിനാൽ, ധോണിയുടെ അവസാന ഐപിഎൽ മത്സരമായിരിക്കും ദുബൈയിൽ സമാപിച്ചതെന്ന തരത്തിൽ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അടുത്ത സീസണിൽ ചെന്നൈയിലെ സ്വന്തം ഗ്രൗണ്ടിൽ തന്നെ കളിക്കുന്നത് ആരാധകര്‍ക്ക് കാണാനാകുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്.