ഓവലിൽ ഇന്ത്യൻ ചരിത്രം; കണക്കുതീര്‍ത്ത് കോഹ്ലിപ്പട

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 157 റൺസിന് കീഴടക്കി. 1971നുശേഷം ഓവലിൽ ഇതാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് വിജയം നേടുന്നത്

Update: 2021-09-07 04:02 GMT
Editor : Shaheer | By : Web Desk
Advertising

ചരിത്രം തിരുത്തി മുന്നേറുകയാണ് കോഹ്ലിപ്പട. ലീഡ്സിലെ നാണംകെട്ട തോൽവിക്ക് ഇന്ത്യ ഓവലിൽ ശരിക്കും കണക്കു തീർത്തു. അരനൂറ്റാണ്ടായി അപ്രതിരോധ്യമായി നിന്ന ഓവൽ കോട്ടയും അങ്ങനെ ടീം ഇന്ത്യ തകർത്തു. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റൺസിന്റെ കൂറ്റൻ ജയം. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ.

1971ൽ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലിൽ ഒരു ടെസ്റ്റ് ജയം എന്ന സ്വപ്‌നം ഇന്ത്യയ്ക്കു മുൻപിൽ അകന്നുനിൽക്കുകയായിരുന്നു. അതാണിപ്പോൾ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ രോഹിത് ശർമയും ഷർദുൽ താക്കൂറും ഉമേഷ് യാദവും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമെല്ലാം ചേർന്നുള്ള ടീം കരുത്തിൽ തിരുത്തിക്കുറിച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സിലെ വിസ്മയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 210 റൺസിന് കൂടാരം കയറി. അങ്ങനെ ഓവലിൽ ടീം ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ രണ്ടാം ജയവും സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 368 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലീഷ് ഓപണര്‍മാര്‍ കഴിഞ്ഞ ദിവസം വിക്കറ്റ് കളയാതെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അഞ്ചാംദിനമായ ഇന്ന് ജയിക്കാന്‍ വേണ്ടിയിരുന്നത് 291 റണ്‍സ്. സൂക്ഷിച്ചായിരുന്നു ഹസീബ് ഹമീദിന്റെയും റോറി ബേണ്‍സിന്റെയും തുടക്കം. പതുക്കെ അര്‍ധസെഞ്ച്വറിയും കടന്ന് ഓപണിങ് സഖ്യം മുന്നേറി. സഖ്യം ആദ്യ വിക്കറ്റില്‍ 100 കടന്നതിനു തൊട്ടുപിറകെ ഷര്‍ദുല്‍ താക്കൂറിലൂടെ ഇന്ത്യയ്ക്ക് ബ്രേക്ര് ത്രൂ. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പന്ത് പിടിച്ചു പുറത്താകുമ്പോള്‍ 125 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 50 റണ്‍സ് നേടിയിരുന്നു റോറി ബേണ്‍സ്.

ആദ്യ സെഷന്‍ തീരാന്‍ അരമണിക്കൂര്‍ ബാക്കിനില്‍ക്കെ ഡെവിഡ് മലാനും പുറത്തായി. പകരക്കാരനായി എത്തിയ മായങ്ക് അഗര്‍വാളും പന്തും ചേര്‍ന്ന് റണ്ണൗട്ടിലൂടെയായിരുന്നു മലാനെ(അഞ്ച്) പുറത്താക്കിയത്. തുടര്‍ന്ന് നായകന്‍ ജോ റൂട്ടും ഹസീബും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. ഒരു ഘട്ടത്തില്‍ മൂന്നാം വിക്കറ്റ് സഖ്യം ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിക്കുമെന്നു തോന്നിയേടത്തുനിന്ന് ജഡേജ കളി തിരിച്ചു. ജഡേജയുടെ പന്ത് ഹസീബിന്റെ ഓഫ് സ്റ്റംപ് തകര്‍ത്തു. 193 പന്തില്‍ ആറു ഫോറുമായി 63 റണ്‍സ് നേടിയായിരുന്നു ഹസീബ് ഹമീദിന്റെ മടക്കം.

പിന്നാലെ തൊട്ടടുത്ത ഓവറുകളില്‍ ഒലി പോപ്പി(രണ്ട്)നെയും ജോണി ബെയര്‍സ്‌റ്റോ(പൂജ്യം)യെയും ബുംറ പറഞ്ഞയച്ചു. ഇതോടെ കളി ഏറെക്കുറെ ഇന്ത്യയുടെ വരുതിയിലായിക്കഴിഞ്ഞിരുന്നു. പോപ്പിന്റെ പ്രതിരോധം തകര്‍ത്ത ഇന്‍സ്വിങ്ങറിലൂടെ ടെസ്റ്റില്‍ നൂറാം വിക്കറ്റ് നേടുന്ന 23-ാമത്തെ ഇന്ത്യന്‍ താരമായി ബുംറ. ഏറ്റവും കുറഞ്ഞ കളികളില്‍ നൂറുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസ് ബൗളറെന്ന ബഹുമതിയും സ്വന്തമാക്കി. അടുത്ത ഓവറില്‍ 142 കി.മീറ്റര്‍ വേഗത്തിലെത്തിയ ബുംറയുടെ റിവേഴ്‌സ് സ്വിങ് യോര്‍ക്കര്‍ ബെയര്‍സ്‌റ്റോയുടെ കുറ്റിയും പിഴുതു.

പിന്നാലെ ജഡേജയുടെ പന്തില്‍ മോയിന്‍ അലി സൂര്യകുമാര്‍ യാദവിന് ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് നല്‍കി സംപൂജ്യനായി മടങ്ങി. തുടര്‍ന്ന് റൂട്ടും ക്രിസ് വോക്‌സും ചേര്‍ന്ന് ഇന്ത്യയുടെ അനിവാര്യ വിജയം നീട്ടിക്കൊണ്ടുപോയി. ഏഴാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യത്തെ ഷര്‍ദുല്‍ താക്കൂര്‍ പിരിച്ചു. താക്കൂറിന്റെ മനോഹരമായ പന്ത് റൂട്ടി(78 പന്തില്‍ 36)ന്റെ പ്രതിരോധം തകര്‍ത്ത് കുറ്റിയും പിഴുതാണ് കടന്നുപോയത്. അതോടെ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. വോക്‌സിനെയും ക്രെയ്ഗ് ഒവേര്‍ട്ടനെയും ജിമ്മി ആന്‍ഡേഴ്‌സനെയും പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യയുടെ ചരിത്രവിജയം കുറിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറയും ജഡേജയുമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ ശരിക്കും പരീക്ഷിച്ചത്. മൂന്ന് വാലറ്റക്കാരെ പിടികൂടി ഉമേഷ് യാദവ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. ബുംറയും ജഡേജയും താക്കൂറും രണ്ടു വീതം വിക്കറ്റുകള്‍ നേടി. സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്സില്‍ നിര്‍ണായക സെഞ്ച്വറി നേടിയ രോഹിത് ശര്‍മ(127)യാണ് കളിയിലെ താരം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News