ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ വിജയം; പാകിസ്താന് 'എമർജിങ് ഏഷ്യ കപ്പ്' കിരീടം
വെടിക്കെട്ട് സെഞ്ച്വറി ഇന്നിങ്‌സുമായി പാകിസ്താനെ കൂറ്റൻ ജയത്തിലേക്ക് നയിച്ച തയ്യബ് താഹിർ ആണ് ഫൈനലിലെ താരം. ഇന്ത്യൻ ഓൾറൗണ്ടർ നിഷാന്ത് സിന്ധു ടൂർണമെന്റിന്റെ താരവുമായി
കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ എമർജിങ് ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് പാകിസ്താന് കിരീടം. 128 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ 'എ'യ്‌ക്കെതിരെ പാകിസ്താൻ 'എ' ടീം നേടിയത്. വെടിക്കെട്ട് സെഞ്ച്വറി ഇന്നിങ്‌സുമായി പാകിസ്താന്റെ പടനയിച്ച തയ്യബ് താഹിർ ആണ് ഫൈനലിലെ താരം. ഇന്ത്യൻ ഓൾറൗണ്ടർ നിഷാന്ത് സിന്ധു ടൂർണമെന്റിന്റെ താരവുമായി.
കലാശപ്പോരാട്ടത്തിൽ ടോസ് ഭാഗ്യം തുണച്ചെങ്കിലും ഒരു ഘട്ടത്തിലും വിജയത്തിനു വേണ്ട പ്രടനം കാഴ്ചവയ്ക്കാൻ യാഷ് ധുൾ നയിക്കുന്ന ഇന്ത്യൻ പടയ്ക്കായില്ല. പാകിസ്താനെ ബാറ്റിങ്ങിനയച്ച തീരുമാനം തെറ്റിപ്പോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഓപണർമാരുടെ ഇന്നിങ്‌സ്. സായിം അയ്യൂബും(59) സാഹിബ്‌സാദ ഫർഹാനും(65) ചേർന്ന് ഗംഭീര തുടക്കമാണ് അയൽക്കാർക്കു നൽകിയത്.
17 ഓവർ പിന്നിടുമ്പോഴും ഓപണിങ് കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. എന്നാൽ, 18-ാം ഓവറിൽ മനവ് സുത്താർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചു. സായിമിനെ ധ്രുവിന്റെ കൈയിലെത്തിക്കുമ്പോൾ 121ൽ റൺസായിരുന്നു പാക് സ്‌കോർബോർഡിലുണ്ടായിരുന്നത്. അധികം വൈകാതെ യാഷ്-ജുറേൽ റണ്ണൗട്ട് നീക്കത്തിലൂടെ ഫർഹാനും വീണു.
മത്സരത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇന്ത്യ ആശ്വസിച്ചെങ്കിലും തുടർന്നങ്ങോട്ടായിരുന്നു തയ്യബ് താഹിറിന്റെ അഴിഞ്ഞാട്ടം. സിക്‌സറും ഫോറും പറത്തി ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും മർദിച്ചു താഹിർ. ഇടവേളകളിൽ മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞെങ്കിലും തയ്യബ് പിടിനൽകാതെ മുന്നോട്ടുകുതിച്ചു. ഒടുവിൽ സെഞ്ച്വറിയും കുറിച്ചാണ് താരം പുറത്തായത്. 71 പന്തിൽ 12 ഫോറും നാല് സിക്‌സറും പറത്തി 108 റൺസെടുത്താണ് താരം മടങ്ങിയത്. ഒമൈർ യൂസുഫും(35) മുബാഷിർ ഖാനും(35) തയ്യബിന് ഉറച്ച പിന്തുണയും നൽകി.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 352 എന്ന കൂറ്റൻ സ്‌കോറാണ് പാകിസ്താൻ ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. ഇന്ത്യൻ ബൗളർമാരിൽ രാജ്‌വർധൻ ഹങ്കർഗേക്കറും റിയാൻ പരാഗും രണ്ടു വീതം വിക്കറ്റ് നേടി. മനവിനും നിഷാന്ത് സിന്ധുവിനും ഹർഷിത് റാണയ്ക്കും ഓരോ വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും പോരാട്ടവീര്യം പോലും കാണിക്കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. മൂന്നാം വിക്കറ്റിൽ അഭിഷേക് ശർമയും ക്യാപ്റ്റൻ യാഷ് ധുളും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടു മാത്രമാണ് ആകെ ഇന്ത്യൻ ആരാധകർക്ക് ആശ്വാസത്തിനുള്ള നിമിഷങ്ങൾ സമ്മാനിച്ചത്. എന്നാൽ, 39 റൺസുമായി ക്യാപ്റ്റനും കീഴടങ്ങിയതോടെ പിന്നീട് വന്നവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി.
ഐ.പി.എൽ ഫൈനൽ മുതൽ മികച്ച ഫോമിലുള്ള സായ് സുദർശനു(29) മികച്ച തുടക്കം മുതലാക്കാനായില്ല. അർധശതകം കുറിച്ചെങ്കിലും ക്യാപ്റ്റൻ പോയതിനു പിന്നാലെ ഓപണർ അഭിഷേക് ശർമയും മടങ്ങിയതോടെ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. 51 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 61 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. 40 ഓവറിൽ 224 റൺസിന് പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യൻ താരങ്ങളെല്ലാം കൂടാരം കയറിയിരുന്നു.
പാക് ബൗളർമാരിൽ സുഫിയാൻ മുഖീം ആണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ളത്. മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. എന്നാൽ, മികച്ച എക്കോണമിയിൽ അർഷാദ് ഇഖ്ബാലും മുഹമ്മദ് വസീമും മെഹ്‌റാൻ മുംതാസും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയത്. മൂന്നുപേർക്കും രണ്ടു വീതം വിക്കറ്റും ലഭിച്ചു. മുബാഷിർ ഖാൻ ഒരു വിക്കറ്റും നേടി.
Summary: India A vs Pakistan A Final Live Score, Emerging Asia Cup 2023: Pakistan A beat India A by 128 runs to win the Emerging Asia Cup title