ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് പാക് ടീം ബംഗ്ലാദേശിലേക്ക്
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ പാകിസ്താന്‍ രണ്ടാം സ്ഥാനത്താണ്
ആറ് വര്‍ഷത്തിന് ശേഷം ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റിനായി പാകിസ്താന്‍ ബംഗ്ലാദേശിലേക്ക് പറക്കുന്നു. മൂന്ന് ടി20 മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായുള്ള രണ്ട് മത്സരങ്ങളുമാണ് പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ കളിക്കുക. ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായാണ് പാകിസ്താന്‍റെ ബംഗ്ലാദേശ് പര്യടനം.
മെയ് 2015ലാണ് ബംഗ്ലാദേശില്‍ പാകിസ്താന്‍ അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് 328 റണ്‍സിന്‍റെ ഉജ്വല വിജയമാണ് പാക് ടീം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ മികച്ച റെക്കോര്‍ഡുകളാണ് പാകിസ്താനുള്ളത്. ടെസ്റ്റില്‍ 11 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പത്തിലും വിജയം പാകിസ്താനൊപ്പമായിരുന്നു. ടി20യിലും ബംഗ്ലാദേശിന് മേല്‍ പാകിസ്താന് ആധിപത്യമുണ്ട്. 12 മത്സരങ്ങളില്‍ പത്തിലും പാക് ടീം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെ അവരുടെ തട്ടകത്തില്‍ നേരിടുക എന്നത് പാകിസ്താന് അത്ര എളുപ്പമുള്ള കാര്യമാവില്ല. ഈയടുത്ത് വമ്പന്മാരായ ന്യൂസിലാന്‍റിനെ പരാജയപ്പെടുത്തി ടി20 പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടതാണ്. 2019 ലോകകപ്പിലും മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ പാകിസ്താന്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിലെ ബംഗ്ലാദേശിന്‍റെ ആദ്യ ടൂര്‍ണമെന്‍റാണ് വരാനിരിക്കുന്ന പാകിസ്താനെതിരായ പരമ്പര. നവംബര്‍ 19ന് ആരംഭിക്കുന്ന ടി20 പരമ്പര 22ന് നടക്കുന്ന മൂന്നാം മത്സരത്തോടെ അവസാനിക്കും. നവംബര്‍ 20നാണ് രണ്ടാം ടി20. 26ന് ആദ്യ ടെസ്റ്റ് ചിറ്റഗോങ്ങിലും ഡിസംബര്‍ നാലിന് രണ്ടാം ടെസ്റ്റ് ധാക്കയിലും നടക്കും