ആധിപത്യമുറപ്പിക്കാന്‍ ബാബറും പോരാളികളും; അട്ടിമറിക്കുമോ ഡച്ച് പട?-ഇന്ന് പാകിസ്താൻ-നെതർലൻഡ്സ് പോരാട്ടം
1992നുശേഷമൊരു കിരീടം ലക്ഷ്യമിട്ട് പാകിസ്താൻ കളത്തിലിറങ്ങുമ്പോള്‍, 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നെതർലൻഡ്‌സ് വീണ്ടും ലോകകപ്പിനെത്തുന്നത്
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ന് പാകിസ്താൻ നെതർലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദിലാണ് മത്സരം. നെതർലൻഡ്‌സുമായി ഏറ്റുമുട്ടുമ്പോൾ ആധികാരിക ജയത്തിൽ കുറഞ്ഞതൊന്നും പാകിസ്താൻ ആഗ്രഹിക്കില്ല. അട്ടിമറിക്ക് അവസരം നൽകാതെ മികച്ച വിജയമാണ് ബാബറും സംഘവും ലക്ഷ്യമിടുന്നത്.
1992നുശേഷമൊരു ലോകകിരീടം ലക്ഷ്യമിട്ടാവും പാകിസ്താൻ ഇത്തവണ കളത്തിലിറങ്ങുക. ബാറ്റിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള യുവനിരയുമായാണ് പാക് പട എത്തുന്നത്. മറുവശത്ത് നീണ്ട 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നെതർലൻഡ്‌സ് വീണ്ടും ലോകകപ്പിൽ അങ്കംകുറിക്കാനെത്തുന്നത്.
ലോകകപ്പിൽ പാകിസ്താൻ ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത് നായകൻ ബാബർ അസം, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ പ്രകടനത്തിൽ തന്നെയാണ്. ഇരുവരുടെയും ബാറ്റിങ് പ്രകടനവും കൂട്ടുകെട്ടുകളും ടീമിനു നിർണായകമാകും. എല്ലാ കാലത്തും കരുത്തായ പേസ് ബൗളിങ് ഇത്തവണയും ശക്തമാണ്. നസീം ഷായുടെ അഭാവം നിഴലിക്കാനിടയുണ്ടെങ്കിലും ഷഹീൻഷാ അഫ്രീദി നയിക്കുന്ന പേസ് നിരയ്ക്ക് ഹാരിസ് റഊഫും ഹസൻ അലിയും കരുത്തേകുമെന്നുറപ്പാണ്.
നഷ്ടപ്പെടാൻ ഒന്നുമില്ലാതെ ഇറങ്ങുന്ന നെതർലൻഡ്‌സിന് സമ്മർദങ്ങളുടെ അമിതഭാരമുണ്ടാകില്ല. എന്നാൽ, അങ്ങനെയങ്ങ് എഴുതിത്തള്ളാവുന്ന നിരയുമല്ല ഈ യൂറോപ്യൻ സംഘം. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാഡ്‌സിലും മാക്സ് ഒഡൗഡിലുമാണ് ടീമിന്റെ പ്രതീക്ഷകൾ. ലോഗൻ വാൻ ബീക്കിന്റെയും പോൾ വാൻ മീകരെന്റെയും ബൗളിങ്ങിലും കോളിൻ അക്കർമന്റെ ഓൾറൗണ്ട് പ്രകടനത്തിലും വിശ്വാസമർപ്പിക്കുന്ന ടീം അട്ടിമറികൾ സൃഷ്ടിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഏകദിനത്തിൽ ഇരു ടീമുകളും ആറുതവണ ഏറ്റുമുട്ടിയപ്പോൾ നെതർലൻഡ്‌സിന് ഒരിക്കൽപോലും വിജയിക്കാനായിട്ടില്ല.
പാകിസ്താന്റെ പ്രതീക്ഷകൾ
ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താൻ ലോകകപ്പിനെത്തുന്നത്. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റഊഫും അടങ്ങുന്ന ലോകോത്തര പേസ് നിര തന്നെയാണ് ടീമിന്റെ കരുത്ത്. സ്പിൻ ഓൾറൗണ്ടർമാരായി ഷാദാബ് ഖാനും സൽമാൻ അലി ആഖായും മുഹമ്മദ് നവാസും ടീമിലുണ്ട്. കഴിഞ്ഞ ലോകകപ്പിനുശേഷം ഏറ്റവും മികച്ച ബൗളിങ്ങ് ആവറേജുള്ള ടീമാണ് പാകിസ്താൻ. അതേസമയം, പേസർ നസീം ഷാ പരിക്കേറ്റ് പുറത്തായത് ടീമിന് ചെറിയ തോതിൽ തിരിച്ചടിയാകും.
ബാറ്റിങ്ങിൽ ക്യാപ്റ്റൻ ബാബർ അസമിൽ തന്നെയാണ് പ്രതീക്ഷകളത്രയും. ലോക ഒന്നാം നമ്പർ ബാറ്റർ തന്നെയാണ് ടീമിന്റെ ഈ വർഷത്തെ ടോപ്‌സ്‌കോററും. രാജ്യത്തിനായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സഈദ് അൻവറിന്റെ റെക്കോഡ് മറികടക്കാൻ ബാബറിന് ഒരു ശതകം കൂടി മതി. മുഹമ്മദ് റിസ്‌വാനും ഇമാമുൽ ഹഖും ചേരുന്ന ബാറ്റിങ് നിരയും ശക്തരാണ്. മധ്യനിരയിൽ ഇഫ്തിഖാർ അഹ്മദിന്റെ ഫോമും നിർണായകമാകും.
കറുത്ത കുതിരകളാകുമോ ഓറഞ്ചുപട?
യോഗ്യതാമത്സരങ്ങളിലെ മിന്നുന്ന പ്രകടനവുമായാണ് നെതർലൻഡ്‌സ് വരുന്നത്. കോളിൻ അക്കർമാൻ, റോൾഫ് വാൻ ഡെർമെർവ്, ലോഗൻ വാൻ ബീക്ക് തുടങ്ങിയവരാണ് ടീമിന്റെ പ്രധാന താരങ്ങൾ. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന യുവതാരം വിക്രം ജീത്ത് സിങ്ങിലായിരിക്കും ടീമിന്റെ ബാറ്റിങ് പ്രതീക്ഷകൾ. ഓൾറൗണ്ടർ ബസ് ഡെ ലീഡ് ആണ് ഓറഞ്ച് പടയുടെ തുറുപ്പുചീട്ട്. ഒരു ഏകദിന മത്സരത്തിൽ സെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയ താരത്തെ ആശ്രയിച്ചിരിക്കും ഡച്ച് പ്രതീക്ഷകൾ.
ഈ ലോകകപ്പിലേക്ക് അവസാനമായി യോഗ്യത നേടിയാണ് നെതർലൻഡ്‌സ് ടൂർണമെന്റിന് എത്തുന്നത്. ഇത് അവരുടെ അഞ്ചാം ലോകകപ്പാണ്. 2011ലായിരുന്നു ടീം അവസാനമായി ലോകകപ്പ് കളിച്ചത്. മുൻപ് 1996, 2003, 2007 ലോകകപ്പുകളിലും കളിച്ചു. നാല് ലോകകപ്പുകളിൽ പങ്കെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വൻ മുന്നേറ്റമുണ്ടാക്കുമെന്നു പൊതുവെ പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഡച്ച് പട കറുത്ത കുതിരകളാകാനുള്ള സാധ്യതകൾ എഴുതിത്തള്ളാനാകില്ല.
Summary: Pakistan vs Netherlands, ICC World Cup 2023 match preview