റിസ്‍വാന്‍ പാകിസ്താനെ രക്ഷിച്ചു; ലങ്കയ്ക്കു ജയിക്കാൻ 253
മുന്‍നിര തകര്‍ന്ന ശേഷം മുഹമ്മദ് റിസ്‍വാന്‍റെയും(86) ഇഫ്തിഖാര്‍ അഹ്മദിന്‍റെയും(47) വെടിക്കെട്ട് ബാറ്റിങ്ങാണ് പാകിസ്താന് തുണയായത്
കൊളംബോ: ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ പാക് മുൻനിര തകർന്നപ്പോൾ രക്ഷകറോൾ ഏറ്റെടുത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാൻ. മഴയ്ക്കുമുൻപ് ശ്രീലങ്കൻ ബൗളർമാർ ഉയർത്തിയ ഭീഷണി അവസാന ഓവറുകളിൽ റിസ്‍വാനും ഇഫ്തിഖാർ അഹ്മദും ചേർന്നു നടത്തിയ വെടിക്കെട്ട് ഫിനിഷിങ്ങിൽ ആണ് പാകിസ്താൻ അതിജീവിച്ചത്. മഴയെ തുടർന്ന് 42 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 252 റൺസാണ് പാകിസ്താൻ ഉയർത്തിയത്.
ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത പ്രകടനം ഒരിക്കൽകൂടി ശ്രീലങ്കൻ ബൗളർമാർ ആവർത്തിച്ചപ്പോൾ അഞ്ചിന് 130 എന്ന നിലയിൽ വൻ കൂട്ടത്തകർച്ച മുന്നിൽകാണുകയായിരുന്നു പാകിസ്താൻ. ഓപണർ അബ്ദുല്ല ഷഫീഖിന്റെ അർധസെഞ്ച്വറി(52) നായകൻ ബാബർ അസം അടക്കം മുൻനിര ബാറ്റർമാരെല്ലാം അപ്പോഴേക്കും കൂടാരം കയറിയിരുന്നു.
എന്നാൽ, മഴ ഇടവേള ശരിക്കും തുണച്ചത് പാകിസ്താനെയായിരുന്നു. റിസ്‍വാനും ഇഫ്തിഖാറും ചേർന്ന് ആസ്വദിച്ചും ആക്രമിച്ചും കളിക്കുന്നതാണു പിന്നീട് കണ്ടത്. നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇഫ്തിഖാർ അർധസെഞ്ച്വറിക്കു മൂന്ന് റൺസകലെ വീണപ്പോൾ റിസ്‍വാൻ 86 റൺസുമായി പുറത്താകാതെ നിന്നു. 73 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും ഇന്നിങ്‌സിന് അകമ്പടിയേകിയിരുന്നു.
അഞ്ചാം ഓവറിൽ തന്നെ പാക് ഓപണർ ഫഖർ സമാനെ വീഴ്ത്തി പ്രമോദ് മധുഷനാണ് ഇന്ന് പാക് വേട്ടയ്ക്കു തുടക്കമിട്ടത്. രണ്ടാം വിക്കറ്റിൽ ഓപണർ അബ്ദുല്ല ഷഫീഖിനെ കൂട്ടുപിടിച്ച് നായകൻ ബാബർ അസം പോരാട്ടം മുന്നോട്ടുനയിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഇന്ത്യൻ ബാറ്റിങ് നിരയെ ഞെട്ടിച്ച ദുനിത് വെല്ലലാഗെയുടെ പന്തിൽ കുശാൽ മെൻഡിസ് സ്റ്റംപ് ചെയ്ത് ബാബർ(29) പുറത്ത്.
മൂന്നാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാനുമായി ചേർന്ന് അബ്ദുല്ല ഷഫീഖ് ടീമിനെ കരകയറ്റാൻ നോക്കിയെങ്കിലും മതിഷാ പതിരാന കൂട്ടുകെട്ട് പൊളിച്ചു. രണ്ട് സിക്സറും മൂന്ന് ഫോറും സഹിതം 52 റൺസുമായി പ്രമോദ് മധുഷന് ക്യാച്ച് നൽകി ഷഫീഖ് മടങ്ങി. തുടർന്നെത്തിയ മുഹമ്മദ് ഹാരിസും(മൂന്ന്), മുഹമ്മദ് നവാസും(12) വന്ന വഴിയേ മടങ്ങി.
Summary: Pakistan vs Sri Lanka Live Score, Asia Cup 2023 Updates