സിക്കന്ദര്‍ 'രാജ'; സിംബാബ്‌വേ ഒരു ചെറിയ മീനല്ല-ത്രില്ലര്‍ പോരില്‍ പാകിസ്താനെതിരെ അട്ടിമറി ജയം
അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് സിംബാബ്വേയുടെ ചരിത്ര വിജയം
പെർത്ത്: ലോകകപ്പിനു തൊട്ടുമുൻപ് ആസ്‌ട്രേലിയയെ അവരുടെ സ്വന്തം തട്ടകത്തിൽ തോൽപിച്ചു തുടങ്ങിയ അട്ടിമറിയാത്ര സിംബാബ്‌വേ തുടരുന്നു. പെർത്തിലെ ബൗളർമാരുടെ സ്വർഗത്തിൽ കരുത്തരായ പാകിസ്താനെ ഒരു റൺസിന് കീഴടക്കി അട്ടിമറി ജയം. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് സിംബാബ്വേയുടെ ചരിത്ര വിജയം. പേസർമാർ റൺസ് വിട്ടുകൊടുക്കാതെ പച്ചപ്പടയെ വരിഞ്ഞുമുറുക്കിയപ്പോൾ, മൂന്നു വിക്കറ്റ് പിഴുത് പാക് വംശജന്‍ സിക്കന്ദർ റാസ ബാബറിന്റെ സംഘത്തിന്റെ അന്തകനായി. ഫീല്‍ഡിലും സിംബാബ്‍വേ താരങ്ങള്‍ നിറഞ്ഞാടുന്ന കാഴ്ചയ്ക്കാണ് പെര്‍ത്ത് സാക്ഷ്യംവഹിച്ചത്.
130 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെ തുടക്കത്തിൽ തന്നെ സിംബാബ്‌വേ ബൗളർമാർ ഞെട്ടിച്ചു. മൂന്നാം ഓവറിൽ തന്നെ പാക് നായകൻ ബാബർ അസം നാല് റൺസുമായി കൂടാരം കയറി. ബ്രാഡ് ഇവാൻസിന്റെ പന്തിൽ റയാൻ ബേൾ പിടിച്ചാണ് പുറത്തായത്. അഞ്ചാമത്തെ ഓവറിൽ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനും മടങ്ങി. ഇത്തവണ ബ്ലെസിങ് മുസർബാനിയുടെ പന്ത് റിസ്‌വാന്റെ വിക്കറ്റ് പിഴുതാണ് കടന്നുപോയത്.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീമിനെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയ ഷാൻ മസൂദ് തന്നെയാണ് ഇത്തവണയും പാകിസ്താനു തുണയായത്. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും മറുവശത്ത് മസൂദ് നിലയുറപ്പിച്ചുകളിച്ചു. ഇടയ്ക്ക് ഷാദാബ് ഖാനു(17)മായി ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് അധികം ആയുസുണ്ടായില്ല. സിക്കന്ദർ റാസയുടെ പന്തിൽ ഷോൺ വില്യംസ് പിടിച്ച് ഷാദാബ് പുറത്ത്.
ഇതിനിടെ മസൂദും വീണു. ല്യൂസ് ജോങ്‌വേയുടെ പന്തിൽ വിക്കറ്റ് കീപ്പർ റെഗിസ് ചകബ്‌വ പിടിച്ചു മടങ്ങുമ്പോൾ 38 പന്തിൽ മൂന്ന് ഫോർ സഹിതം 44 റൺസായിരുന്നു ഷാൻ മസൂദിന്റെ സമ്പാദ്യം. ഒടുക്കം വാലറ്റത്തെ കൂട്ടുപിടിച്ച് ഓൾറൗണ്ടർ മുഹമ്മദ് നവാസ് നടത്തിയ വെടിക്കെട്ടിനും ടീമിനെ രക്ഷിക്കാനായില്ല. ബ്രാഡ് ഇവാൻസിന്റെ പന്തിൽ ഉയർത്തിയടിച്ച പന്ത് സിംബാബ്‌വേ നായകൻ ക്രെയ്ഗ് എർവിന്റെ കൈയിൽ ഭദ്രം. 18 പന്തിൽ ഓരോ വീതം സിക്‌സും ഫോറും സഹിതം 22 റൺസെടുത്താണ് നവാസ് മടങ്ങിയത്. മുഹമ്മദ് വസീം 12 റൺസുമായി പുറത്താകാതെ നിന്നു.
നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്താണ് സിക്കന്ദർ റാസ മൂന്ന് പാക് വിക്കറ്റുകൾ കൊയ്തത്. ഇവാൻസ് നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. മുസറബാനി നിശ്ചിത ഓവറിൽ 18 റൺസ് മാത്രം നൽകി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ല്യൂക് ജോങ്‌വേയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു.
തുടക്കം കത്തി, പിന്നെ പാളി
നേരത്തെ പവർപ്ലേയിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ സിംബാബ്‌വേയ്ക്കായില്ല. പെർത്തിൽ നടന്ന മത്സരത്തിൽ പാകിസ്താന്റെ പേസ് ആക്രമണത്തിൽ തകർന്ന സിംബാംബ്‌വേ 130 റൺസിലൊതുങ്ങി. നാലു വിക്കറ്റുമായി യുവബൗളർ മുഹമ്മദ് വസീമാണ് സിംബാബ്‌വേയെ ചെറിയ റൺസിലൊതുക്കിയത്.
ടോസ് ലഭിച്ച സിംബാബ്‌വേ നായകൻ ക്രെയ്ഗ് എർവിൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. നായകൻ എർവിനൊപ്പം ഓപണർ വെസ്ലി മാധവീറും ഷഹീൻഷാ അഫ്രീദിയെയും നസീം ഷായെയും അടിച്ചുകളിച്ചു. പവർപ്ലേയിൽ കത്തിക്കയറിയ ഓപണർമാർക്ക് അധികം ആയുസുണ്ടായിരുന്നില്ല.
ആദ്യം നായകൻ വീണു. ഹാരിസ് റഊഫിന്റെ പന്തിൽ മുഹമ്മദ് വസീം പിടിച്ചുപുറത്താകുമ്പോൾ 19 റൺസായിരുന്നു എൻവിന്റെ സമ്പാദ്യം. വസീം എറിഞ്ഞ തൊട്ടടുത്ത ഓവറിൽ വെസ്ലി(17)യും മടങ്ങി. നാലാമനായി ഇറങ്ങിയ ഷോൺ വില്യംസ് ഒരുവശത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോഴും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു.
ഒടുവിൽ ഷാദാബ് ഖാന്റെ പന്തിൽ സ്വിച്ച് ഹിറ്റിന് ശ്രമിച്ച് ഷോണിന്റെ പോരാട്ടവും അവസാനിച്ചു. 28 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 31 റൺസുമായാണ് താരം ബൗൾഡായി പുറത്തായത്. വാലറ്റത്തിൽ റിയാൻ ബേളി(10)നെ സാക്ഷിയാക്കി ബ്രാഡ് ഇവാൻസ്(19) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്.
നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്താണ് മുഹമ്മദ് വസീം നാല് വിക്കറ്റ് പിഴുതത്. ഷാദാബ് ഖാന് മൂന്നു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയ ഹാരിസ് റഊഫിന് ഒരു വിക്കറ്റും ലഭിച്ചു.
Summary: Zimbabwe stun Pakistan at Perth, beat them by 1 run in T20 World Cup 2022