‘ഫ്ലഡ് ലൈറ്റുകൾ തൃശൂലത്തിന്റെ മാതൃകയിൽ ’; വാരാണസിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് മോദി
വാരാണസി: സ്വന്തം ലോക്സഭ മണ്ഡലമായ വാരാണസിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, ദിലീപ് വെങ്സാർക്കർ, ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഹിന്ദു ദൈവ സങ്കൽപ്പങ്ങളിൽ പ്രധാനിയായ ശിവന്റെ തൃശൂലത്തിന്റെ മാതൃകയിലാണ് സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റുകളൊരുക്കുന്നത്. വാരാണസിയിലെ ഗംഗ തീരത്തുള്ള പ്രശസ്തമായ ഘാട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സീറ്റുകൾ നിർമിക്കുന്നത്.
ഉത്തർ പ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. കാൺപൂർ, ലഖ്നൗ എന്നിവിടങ്ങളിൽ നിലവിൽ സ്റ്റേഡിയങ്ങളുണ്ട്. സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ 121 കോടിയും നിർമാണത്തിനായി ബി.സി.സി.ഐ 330 കോടിയും ചിലവഴിക്കും. 30000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം 2025 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.