മൊട്ടേരയിൽ ഫൈനൽ കാണാൻ മോദിയെത്തും

അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകും

Update: 2023-11-16 14:40 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് റിപ്പോർട്ട്. എ.ബി.പി ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്.

ഫൈനലിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ സംഘത്തിന്റെ നേതൃത്വത്തിൽ ആകാശ ദൃശ്യവിസ്മയം അരങ്ങേറും. അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകുമെന്ന് സ്റ്റാർ സ്‌പോർട്‌സ് അറിയിച്ചു. നേരത്തെ ഇതേ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനുമുന്നോടിയായും സംഗീത പരിപാടികളും ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. അരിജിത് സിങ്, സുനിധി ചൗഹാൻ, ശങ്കർ മഹാദേവൻ, സുഖ്‌വീന്ദർ സിങ് തുടങ്ങിയ സെലിബ്രിറ്റികളാണു പരിപാടിയിൽ അണിനിരന്നത്.

ഇന്നലെ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും സെഞ്ച്വറി അടിച്ച മത്സരത്തിൽ 398 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കിവി ഇന്നിങ്‌സ് 327 റൺസിൽ ഒതുങ്ങി. ഏഴു വിക്കറ്റുമായി വാങ്കെഡെയിൽ നിറഞ്ഞാടുകയായിരുന്നു മുഹമ്മദ് ഷമി.

രണ്ടാമത്തെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആസ്‌ട്രേലിയ 212 റൺസിൽ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിൽ 15 ഓവർ പിന്നിടുമ്പോൾ മൂന്നിന് 109 എന്ന ശക്തമായ നിലയിലാണ് ഓസീസ്.

Summary: PM Narendra Modi to attend ODI World Cup 2023 final in Ahmedabad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News