റൺമെഷീനായി കോഹ്‌ലിയും ഡുപ്ലെസിസും; ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 175 റൺസ് വിജയലക്ഷ്യം
ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനായില്ല
മൊഹാലി: അർധ സെഞ്ച്വറികളുമായി നായകൻ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും റൺമെഷീനുകളായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 174 റൺസ്. കോഹ്‌ലി 47 പന്തിൽ 59 റൺസ് നേടിയപ്പോൾ ഫാഫ് 56 പന്തിൽ 84 റൺസാണ് അടിച്ചുകൂട്ടിയത്. ഡുപ്ലെസിസ് അഞ്ച് വീതം സിക്‌സറും ഫോറുമടിച്ചപ്പോൾ കോഹ്‌ലി ഒരു സിക്‌സും അഞ്ച് ഫോറുമടിച്ചു.
ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനായില്ല. വൺഡൗണായെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ ഹർപ്രീത് ബ്രാറിന്റെ പന്തിൽ ഡക്കായി. തായ്‌ദെക്കായിരുന്നു ക്യാച്ച്. ദിനേഷ് കാർത്തികും മഹിപാൽ ലോംറോറും ഏഴ് വീതം റണ്ണാണ് നേടിയത്. കാർത്തിക് അർഷദീപ് സിംഗിന്റെ പന്തിൽ തായ്‌ദെയ്ക്ക് ക്യാച്ച് നൽകി പുറത്തായി. എന്നാൽ മഹിപാൽ പുറത്താകാതെ നിന്നു. ഷഹബാസ് അഹമ്മദ് മൂന്നു പന്തിൽ അഞ്ച് റണ്ണുമായി കൂടെ നിന്നു.
പഞ്ചാബിനായി വിക്കറ്റ് നേടിയത് ഹർപ്രീത് ബ്രാർ (2), അർഷദീപ്(1), നഥാൻ എല്ലിസ്(1) എന്നിവരാണ്. സാം കറൺ നാലു ഓവറിൽ 27ഉം രാഹുൽ ചാഹർ 24 റൺസ് മാത്രമാണ് വിട്ടുനൽകിയതെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.
മത്സരത്തിലെ പ്രകടനത്തിലൂടെ ഐ.പി.എല്ലിൽ 600 ഫോറുകളെന്ന നാഴികക്കല്ല് കോഹ്‌ലി പിന്നിട്ടു.
Punjab Kings need 175 runs to win against Royal Challengers Bangalore