'വൃത്തികെട്ട കളിയാണ് നിങ്ങൾ കളിച്ചത്, ലജ്ജാകരം'; ഡ്രെസിങ് റൂമിൽ സഞ്ജുവിനെയും സംഘത്തെയും നിര്‍ത്തിപ്പൊരിച്ച് സംഗക്കാര
ഗുജറാത്തിനെതിരായ മത്സരത്തിൽ വെറും 118 റൺസിനാണ് രാജസ്ഥാൻ ഓൾഔട്ടായത്. 14-ാം ഓവറിൽ ഒൻപതു വിക്കറ്റിന് ഗുജറാത്ത് വിജയം സ്വന്തമാക്കുകയും ചെയ്തു
ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ വൻ തോൽവിക്കു പിന്നാലെ ഡ്രെസിങ് റൂമിൽ ആഞ്ഞടിച്ച് രാജസ്ഥാൻ ഹെഡ് കോച്ച് കുമാർ സംഗക്കാര. ടീമിന്റെ മോശം പ്രകടനം എടുത്തുപറഞ്ഞാണ് മുൻ ശ്രീലങ്കൻ നായകൻ മത്സരത്തിനുശേഷം താരങ്ങളെ അഭിസംബോധന ചെയ്തത്.
'എല്ലാവർക്കും വേദനയുണ്ടെന്ന് അറിയാം. വൃത്തികെട്ട കളിയാണ് നമ്മൾ കളിച്ചതെന്നതാണ് യാഥാർത്ഥ്യം. ഇതിലും മോശം കളി ഇനി കളിക്കാനില്ല. ഇന്നത്തെ കളിയിൽനിന്ന് പാഠം ഉൾക്കൊള്ളുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ലജ്ജിപ്പിക്കുന്ന കളിയായിരുന്നു നമ്മൾ കളിച്ചത്.'-സംഗക്കാര താരങ്ങളോട് തുറന്നടിച്ചു.
അതേസമയം, ആരാധകർ ചിന്തിക്കുന്നതും പോയിന്റ് ടേബിൾ സൂചിപ്പിക്കുന്നതുമെല്ലാം എന്തൊക്കെയായാലും ഒരു മോശം കളികൊണ്ട് ടീമിന്റെ ക്വാളിറ്റി മാറാൻ പോകുന്നില്ലെന്നും സംഗ വ്യക്തമാക്കി. 'ആദ്യം സംഭവിച്ചത് അംഗീകരിക്കുക. നിങ്ങൾ വേണ്ടത്ര നന്നായി കളിച്ചിട്ടില്ലെന്ന കാര്യം അംഗീകരിക്കുകയും അതിൽനിന്ന് പാഠം ഉൾക്കൊള്ളുകയും വേണം. ഗുജറാത്ത് നമ്മെ നിഷ്പ്രഭമാക്കിക്കളഞ്ഞു. പക്ഷെ, അത് അന്നത്തോടെ തീർന്നു. ഇതിൽനിന്നു മുക്തരാകാൻ നമുക്ക് ഒരു ദിവസത്തെ ഇടവേളയുണ്ട്.'-അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യനിരയിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കുമെന്ന കാര്യം ആലോചിക്കണം. ഹൈദരാബാദുമായുള്ള മത്സരത്തിനുള്ള എങ്ങനെ ഒരുങ്ങണം, എങ്ങനെ നന്നായി കളിക്കാമെന്നെല്ലാമാണ് നിങ്ങളിപ്പോൾ ചിന്തിക്കേണ്ടതെന്നും സംഗക്കാര കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വെറും 118 റൺസിനാണ് രാജസ്ഥാൻ ഓൾഔട്ടായത്. 14-ാം ഓവറിൽ ഒൻപതു വിക്കറ്റിന് ഗുജറാത്ത് വിജയം സ്വന്തമാക്കുകയും ചെയ്തു.
Summary: 'Shitiest cricket we can play': RR Head Coach Kumar Sangakkara slams team with harsh criticism in dressing room speech