ക്യാപ്റ്റൻ ഹർദികിനൊപ്പം അത്താഴം, നിസാമുദ്ദീൻ ദർഗയിൽ സുബഹ് നമസ്‌കാരം; നോമ്പുവിശേഷങ്ങൾ പങ്കുവച്ച് റാഷിദ് ഖാൻ
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുഹമ്മദ് ഷമിക്കൊപ്പം മൂന്ന് ഡൽഹി താരങ്ങളെ മടക്കിയയച്ച് ഗുജറാത്ത് ബൗളിങ് നിരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽനിന്നതും റാഷിദ് ഖാനായിരുന്നു
ന്യൂഡൽഹി: ഐ.പി.എൽ 16-ാം സീസണിൽ തുടർജയങ്ങളുമായി മുന്നേറുകയാണ് ചാംപ്യന്മാരായ ഗുജറാത്താ ടൈറ്റൻസ്. ചെന്നൈക്കെതിരെ സ്വന്തം തട്ടകമായ അഹ്മദാബാദിൽ നടന്ന ഉദ്ഘാടന മത്സരത്തിലും ഡൽഹിക്കെതിരെ അവരുടെ തട്ടകത്തിലും ഗുജറാത്തിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് അഫ്ഗാനിസ്താന്റെ സ്പിൻ അത്ഭുതം റാഷിദ് ഖാൻ. ഡൽഹിക്കെതിരെ കഴിഞ്ഞ ദിവസം ഗംഭീരവിജയം നേടിയ ശേഷം റമദാൻ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൂപ്പർ താരം.
നായകൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പമായിരുന്നു റാഷിദ് ഖാന്റെ അത്താഴം. നോമ്പുനോൽക്കുന്നതിനുമുൻപ് പുണ്യകരമായി കരുതപ്പെടുന്ന രാത്രിയുടെ അവസാന നിമിഷങ്ങളിലെ അത്താഴത്തിലാണ് ഉറക്കമൊഴിച്ച് പാണ്ഡ്യയും പങ്കുചേർന്നത്. അഫ്ഗാനിസ്താൻ താരവും ഗുജറാത്തിലെ സഹതാരം കൂടിയായ നൂർ ലകൻവാളും കൂടെയുണ്ടായിരുന്നു.
റാഷിദ് ഖാൻ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നായകനൊപ്പമൊരു സെഹ്‌രി(അത്താഴം) എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. താങ്കളും ഞങ്ങൾക്കൊപ്പം ചേർന്നതിൽ ഏറെ സന്തോഷമെന്നും റാഷിദ് കുറിച്ചു. ഇതോടൊപ്പം ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ നിസാമുദ്ദീൻ ദർഗയിലും സഹതാരങ്ങൾക്കൊപ്പം റാഷിദ് എത്തി. ദർഗയിലെ പള്ളിയിലാണ് ഇന്നലെ താരം സുബഹി(പ്രഭാത) നമസ്‌കാരത്തിൽ പങ്കെടുത്തത്. ഇതിനുശേഷം ദർഗ സന്ദർശിച്ച് തലപ്പാവ് പ്രത്യേക തലപ്പാവ് ധരിച്ചുനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുഹമ്മദ് ഷമിക്കൊപ്പം മൂന്ന് ഡൽഹി താരങ്ങളെ മടക്കിയയച്ച് ഗുജറാത്ത് ബൗളിങ് നിരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽനിന്നതും റാഷിദ് ഖാനായിരുന്നു. അൽസാരി ജോസഫ് രണ്ടു വിക്കറ്റവുമായും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് 162 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ 11 പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റിന് ഗുജറാത്ത് രണ്ടാം വിജയവും അടിച്ചെടുത്തു.
ചെന്നൈയ്‌ക്കെതിരെയും രണ്ടു വിക്കറ്റും അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങുമായും താരം ഗുജറാത്തിൻരെ വിജയനായകനായിരുന്നു.
പോയിന്റ് ടേബിളിൽ നാല് പോയിന്റുമായി കുതിപ്പ് തുടരുകയാണ് പാണ്ഡ്യയുടെ സംഘം.
Summary: Rashid Khan shares pictures of sharing Sehri with Gujarat Titans skipper Hardik Pandya, and offering fajr namaz at Nizamuddin Dargah, Delhi