ഇന്ത്യൻ ടീമിൽ ഇത്രയും ഷോട്ടുകൾ കളിക്കാനറിയുന്ന വേറെ താരമില്ല; ലോകകപ്പ് ടീമിൽ സഞ്ജു വേണം- പിന്തുണച്ച് രവി ശാസ്ത്രി
ഈ മാസം 26, 28 തിയതികളിൽ അയർലൻഡുമായി നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജുവിന് ഇടംലഭിച്ചേക്കുമെന്ന് സൂചനയുണ്ട്
ന്യൂഡൽഹി: 2022 ടി20 ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിൽ ആരൊക്കെ വേണമെന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. അതിനിടെ, മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിലുണ്ടാകണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്‌ട്രേലിയൻ സാഹചര്യംകൂടി കണക്കിലെടുത്താണ് ശാസ്ത്രി താരത്തിനു വേണ്ടി വാദിക്കുന്നത്.
ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വിവിധ ടീമുകളോടായി ടി20 പരമ്പരകൾ കളിക്കുന്നുണ്ട്. ''ഈ മത്സരങ്ങളിൽ രാഹുൽ തൃപാഠി, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർക്കെല്ലാം അവസരം ലഭിക്കും. തിലക് വർമയ്ക്കും അവസരം ലഭിക്കാനിടയുണ്ട്.'' ക്രിക്ഇൻഫോയിൽ നടന്ന ചർച്ചയിൽ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
''എന്നാൽ, ഓസ്‌ട്രേലിയയിലെ ബൗൺസും പേസും അടക്കമുള്ള സാഹചര്യം പരിഗണിക്കുമ്പോൾ സഞ്ജു എപ്പോഴും ഒരു ഭീഷണിയായുണ്ടാകും. അവിടെ കളി ജയിപ്പിക്കാൻ അദ്ദേഹത്തിനാകും. അവിടെ പിച്ചിൽ അധികം മൂവ്‌മെന്റുണ്ടാകില്ല. ബാറ്റിലേക്കു വരുന്ന പന്തിനെ ഇഷ്ടപ്പെടുന്നയാളാണ് സഞ്ജു. അതുകൊണ്ടുതന്നെ സത്യസന്ധമായി പറഞ്ഞാൽ അത്തരമൊരു സാഹചര്യത്തിൽ മറ്റേതൊരു ഇന്ത്യൻ താരത്തെക്കാളും ഷോട്ടുകൾ കൈയിലുള്ളയാളാണ് അയാൾ.'' - രവി ശാസ്ത്രി വ്യക്തമാക്കി.
ഇതിനുമുൻപും സഞ്ജുവിന്റെ പ്രതിഭയെ അംഗീകരിച്ച് രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. പന്ത് നോക്കി പറത്തിയടിക്കുന്നതിനു പകരം കൂടുതൽ ബൗളർമാരെ റീഡ് ചെയ്യുകയും അക്കാര്യത്തിൽ കുറച്ച് ഗൃഹപാഠം നടത്തുകയും ചെയ്യുകയാണെങ്കിൽ സഞ്ജുവിന് കോഹ്ലിയുടെ സ്ഥാനത്തെത്താനാകുമെന്ന് ക്രിക്ക്ഇൻഫോയുടെ തന്നെ ഒരു ചർച്ചയിൽ ശാസ്ത്രി വ്യക്തമാക്കിയിരുന്നു. പെട്ടെന്നുതന്നെ കളി കൈയിലാക്കാൻ ശേഷിയുള്ള താരമാണ് സഞ്ജുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിച്ച ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടിരുന്നില്ല. ഫോമിലില്ലാത്ത ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ തുടങ്ങിയവർക്കെല്ലാം അവസരം ലഭിച്ചപ്പോൾ ഐ.പി.എല്ലിൽ മികച്ച ഫോമിലുണ്ടായിരുന്ന രാഹുൽ തൃപാഠിക്കും സഞ്ജുവിനുമൊന്നും ഇടം ലഭിക്കാതെ പോയത് വലിയ വിവാദമായിരുന്നു. അതേസമയം, ഈ മാസം 26, 28 തിയതികളിൽ അയർലൻഡുമായി നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജുവിന് ഇടംലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
Summary: ''He has more shots than any other Indian'', Ravi Shastri backs Sanju Samson for T20 World Cup squad