''ഒറ്റ കളിയും ഞാൻ കണ്ടിട്ടില്ല''; ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് രവി ശാസ്ത്രി

നായകസ്ഥാനത്തുനിന്ന് മാറിയാലും വിരാട് കോഹ്ലിക്ക് വലിയ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി

Update: 2022-01-25 11:16 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ ഒറ്റ മത്സരം പോലും കണ്ടിട്ടില്ലെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഒമാനിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. കളിയാകുമ്പോൾ ജയവും തോൽവിയുമെല്ലാം ഉണ്ടാകുമെന്നും എല്ലാ മത്സരവും ജയിക്കാനാകില്ലെന്നും ശാസ്ത്രി പറഞ്ഞു.

നായകസ്ഥാനത്തുനിന്ന് മാറിയ ശേഷം വിരാട് കോഹ്ലിയുടെ ശരീരഭാഷ മാറിയോ എന്നു ചോദിച്ചപ്പോഴായിരുന്നു പരമ്പരയിലെ ഒറ്റ കളിയു കണ്ടില്ലെന്ന ശാസ്ത്രിയുടെ വെളിപ്പെടുത്തൽ. ''പരമ്പരയിലെ ഒറ്റ പന്ത് പോലും ഞാൻ കണ്ടിട്ടില്ല. പക്ഷെ, വിരാട് കോഹ്ലിക്ക് വലിയ മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. നായകസ്ഥാനമൊഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ബഹുമാനിക്കണം. എല്ലാത്തിനും ഓരോ സമയമുണ്ട്. മുൻപും ബാറ്റിങ്ങിലും ക്രിക്കറ്റിലുമൊക്കെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആലോചിക്കുമ്പോൾ നായകസ്ഥാനം ഒഴിഞ്ഞ വലിയ താരങ്ങൾ മുൻപുമുണ്ടായിട്ടണ്ട്...'' ശാസ്ത്രി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''ടീം ഒരു പരമ്പര തോറ്റാൽ ആളുകളെല്ലാം വിമർശിക്കാൻ തുടങ്ങും. എല്ലാ കളിയും ജയിക്കാനാകണമെന്നില്ല. ജയവും തോൽവിയുമെല്ലാമുണ്ടാകും. അഞ്ചുവർഷത്തോളമായി ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടീമാണ്. ആ നിലവാരം എങ്ങനെയാണ് പെട്ടെന്നൊരു ദിവസം താഴെപ്പോകുന്നത്? കഴിഞ്ഞ അഞ്ചുവർഷമായി ടീമിന്റെ ജയശരാശരി 65 ആണ്...'' രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

യുഎഇയിൽ നടന്ന ടി20 ലോകകപ്പിനു പിന്നാലെയാണ് കരാർ അവസാനിച്ച് ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് മാറുന്നത്. എന്നാൽ, മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ടീം പരിശീലകസ്ഥാനം ഏറ്റെടുത്തതിനു പിറകെ നടന്ന ദക്ഷിണാഫ്രിൻ പര്യടനത്തിൽ ഏകദിന, ടെസ്റ്റ് പരമ്പരകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയിൽ 1-2നായിരുന്നു ഇന്ത്യയുടെ തോൽവിയെങ്കിൽ ഏകദിനം ദക്ഷിണാഫ്രിക്ക തൂത്തുവാരുകയായിരുന്നു.

Summary: Ravi Shastri Says He Didn't "Follow A Single Ball" In India vs South Africa ODI Series

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News