ചിന്നസ്വാമിയില്‍ കോഹ്ലിവർഷം; ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍, പ്ലേഓഫ് സാധ്യത സജീവം
സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച കോഹ്ലി ഐ.പി.എൽ സെഞ്ച്വറിവേട്ടയിൽ ക്രിസ് ഗെയിലിനെയും പിന്നിലാക്കി ഒന്നാമനായി
ബംഗളൂരു: പ്ലേഓഫ് സ്വപ്‌നങ്ങൾക്കു മീതെ മഴമേഘങ്ങൾ കരിനിഴൽ വീഴ്ത്തിയ ദിവസം റണ്‍മഴ വര്‍ഷിച്ച് കിങ് കോഹ്ലി. നിർണായക മത്സരത്തിൽ ഒരിക്കല്‍കൂടി അയാള്‍ ടീമിന്‍റെ രക്ഷകനായി അവതരിച്ചു. ഗുജറാത്തിനെതിരെ സെഞ്ച്വറി ഇന്നിങ്‌സിലൂടെ കോഹ്ലി ബാംഗ്ലൂരിനെ നയിച്ചത് 197 എന്ന കൂറ്റൻ സ്‌കോറിലേക്ക്. സീസണിലെ രണ്ടാം സെഞ്ച്വറിയുമായി(101*) കോഹ്ലി ഒറ്റയ്ക്കാണ് പടനയിച്ചത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ തീരുമാനം ചോദ്യംചെയ്തായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. പവർപ്ലേയിൽ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിയും ചേർന്ന് ഗുജറാത്തിന്റെ പേരുകേട്ട ബൗളിങ് നിരയെ തല്ലിത്തകർക്കുകയായിരുന്നു.
പത്ത് ശരാശരിയിൽ അടിച്ചുകളിച്ച ശേഷം എട്ടാം ഓവറിൽ ഗുജറാത്ത് ആഗ്രഹിച്ച ബ്രേക്ത്രൂ നൂർ അഹ്മദ് വക. ഡുപ്ലെസിയെ(28) നൂർ രാഹുൽ തെവാട്ടിയയുടെ കൈയിലെത്തിക്കുമ്പോൾ ഓപണിങ് കൂട്ടുകെട്ടിൽ 67 റൺസ് പിറന്നിരുന്നു. തൊട്ടടുത്ത ഓവറുകളിൽ അപകടകാരിയായ ഗ്ലെൻ മാക്‌സ്‌വെല്ലിനെ റാഷിദ് ഖാനും മഹിപാൽ ലൊംറോറിനെ നൂറും തിരിച്ചയച്ചപ്പോൾ ശരിക്കും ആശ്വസിച്ചിരിക്കുക മുംബൈ ഇന്ത്യൻസ് ക്യാംപ് ആയിരിക്കും.
അഞ്ചാമനായി ഇറങ്ങിയ മൈക്കൽ ബ്രേസ്‌വെൽ 16 പന്ത് മാത്രം നേരിട്ട് 26 റൺസ് അടിച്ചെടുത്ത് സ്‌കോർബോർഡിലേക്ക് വിലപ്പെട്ട സംഭാവന നൽകി മടങ്ങി. അനിവാര്യസമയത്ത് ഗോൾഡൻ ഡക്കിൽ മടങ്ങി ഒരിക്കൽകൂടി ദിനേശ് കാർത്തിക് നിരാശപ്പെടുത്തിയപ്പോൾ അനുജ് റാവത്തിനെ(23) കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ കിടിലൻ ഫിനിഷിങ്. അവസാന ഓവറിൽ സിംഗിളെടുത്ത് സീസണിലെ രണ്ടാം സെഞ്ച്വറിയും കുറിച്ചു കോഹ്ലി. കരിയറിലെ ഏഴാം സെഞ്ച്വറിയുമായി ഐ.പി.എൽ സെഞ്ച്വറിവേട്ടയിൽ ക്രിസ് ഗെയിലിനെ കോഹ്ലി പിന്നിലാക്കി.
Summary: RCB vs GT Live Updates, IPL 2023