ബാഗ്ലൂരിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ വീണ് കൊല്‍ക്കത്ത
ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 38 റണ്‍സിന്‍റെ വിജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ബാഗ്ലൂരിന് 38 റൺസിന്‍റെ വിജയം. ബാഗ്ലൂർ ഉയർത്തിയ 205 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 166 റൺസിൽ വീണു. വലിയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ബാറ്റ്‌സ്മാൻമാരിൽ ഒരാൾക്കും ശക്തമായ അടിത്തറ ഉണ്ടാക്കാൻ പറ്റിയില്ല. ആേ്രന്ദ റസലാണ് (31) കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. മികച്ച റൺറേറ്റ് ആവശ്യമുണ്ടായിരുന്നെങ്കിലും റൺറേറ്റ് ഉയർത്താൻ ശ്രമിച്ചപ്പോളൊക്കെയും വിക്കറ്റുകൾ വീഴ്ത്തിയതോടെ കൊൽക്കത്ത തോൽവി മണത്തു. ബാഗ്ലൂരിന് വേണ്ടി കിയാൽ ജയിംസൺ മൂന്ന് വിക്കറ്റും, ചഹൽ, ഹർഷൻ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഫോമിലേക്ക് മടങ്ങിയെത്തിയ മാക്‌സ്‌വെല്ലാണ് ബാഗ്ലൂരിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 49 പന്തിൽ 78 റൺസാണ് മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത്. ഒപ്പം മിസ്റ്റർ 360 ഡിവില്ലിയേഴ്‌സ് കൂടി താളം കണ്ടെത്തിയതോടെ ബാംഗ്ലൂരിൻറെ സ്‌കോർ ബോർഡ് കുതിച്ചു. 34 പന്തിൽ ഒൻപത് ബൌണ്ടറിയും മൂന്ന് സിക്‌സുമുൾപ്പടെ 76 റൺസോടെ ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു.
സ്‌കോർബോർഡിൽ രണ്ടക്കം കാണുന്നതിന് മുമ്പ് രണ്ട് വിക്കറ്റ് വീണ് തകർച്ചയോടെയായിരുന്നു ബാംഗ്ലൂരിൻറെ തുടക്കം. മത്സരത്തിൻറെ രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ടീമിന് നഷ്ടമായി. വരുൺ ചക്രമർത്തിയുടെ പന്തിൽ അസാധ്യ അംഗിളിൽ നിന്ന് മനോഹരമായി ക്യാച്ചിലൂടെ രാഹുൽ ത്രിപാഠിയാണ് ബാംഗ്ലൂരിൻറെ നായകനെ പുറത്താക്കിയത്. ആറ് പന്തിൽ ഒരു ബൌണ്ടറിയുൾപ്പടെ അഞ്ച് റൺസെടുത്ത് നിൽക്കവേയാണ് വിരാടിനെ അപ്രതീക്ഷിത ക്യാച്ചിലൂടെ ത്രിപാഠി മടക്കുന്നത്. പിന്നീടെത്തിയ പട്ടേദാറിനും നിലയുറപ്പിക്കാനായില്ല. അക്കൌണ്ടിൽ ഒരു റൺസ് ചേർക്കുമ്പോഴേക്കും വരുൺ ചക്രവർത്തിയുടെ പന്തിൽ പട്ടേദാർ ബൌൾഡായി.
പിന്നീട് ഒത്തുചേർന്ന ഗ്ലെൻ മാക്‌സ്‌വെല്ലും ദേവ്ദത്ത് പടിക്കലും ചേർന്നാണ് ടീമിനെ കരകയറ്റാനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്. 86 റൺസ് നേടിയ ഈ കൂട്ടുകെട്ട് പ്രസീദ് കൃഷ്ണ ആണ് പിരിച്ചത്. 28 പന്തിൽ 25 റൺസുമായാണ് പടിക്കൽ മടങ്ങിയത്. അതിന് ശേഷമാണ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കോംബോയെ കൊൽക്കത്തത്ത് നേരിടേണ്ടി വന്നത്. ഫോമിലായാൽ പിടിച്ചുകെട്ടാൻ ഏറ്റവും പ്രയാസമുള്ള മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും കൊൽക്കത്തക്കെതിരെ അരങ്ങ് വാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇരുവരും ചേർന്ന് തകർത്തടിച്ചപ്പോൾ ബാംഗ്ലൂരിൻറെ സ്‌കോർബോർഡ് കുതിച്ചുയർന്നു. ശേഷം ടീം സ്‌കോർ 148ൽ എത്തിനിൽക്കെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 49 പന്തിൽ 78 റൺസ് നേടിയ മാക്‌സ്‌വെല്ലിനെ പുറത്താക്കി പാറ്റ് കമ്മിൻസ് കൊൽക്കത്തക്ക് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു. മറുപുറത്ത് തകർത്തടിച്ച ഡിവില്ലിയേഴ്‌സ് 27 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു. അവസാന ഓവറുകളിൽ കണ്ണുംപൂട്ടിയടിച്ച ഡിവില്ലിയേഴ്‌സ് ടീം സ്‌കോർ 200 കടത്തി.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്‌സിനെ നേരിടും. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിങ് തെരഞ്ഞെടുത്തു.