പാവപ്പെട്ട താരങ്ങള്‍ക്കായി 50 ലക്ഷത്തിന്റെ ഹോസ്റ്റൽ; വന്ന വഴി മറക്കാതെ റിങ്കു സിങ്
റിങ്കുവിന്റെ ബാല്യകാല കോച്ചായ മസൂദ് സഫർ അമീനിയാണ് ഹോസ്റ്റൽ നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്
അലിഗഢ്: തുടർച്ചയായ അഞ്ചു സിക്‌സറുമായി ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആർ) സൂപ്പർ താരം റിങ്കു സിങ്. കഷ്ടപ്പാട് നിറഞ്ഞ കുടുംബപശ്ചാത്തലത്തിൽനിനിന്നു വരുന്ന താരത്തിന്റെ നേട്ടം ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടുകയാണ്. അതിനിടെ, നിർധനരും നിരാലംബരുമായ കൗമാരതാരങ്ങൾക്കായി വമ്പൻ ഹോസ്റ്റൽ പദ്ധതിക്കു തുടക്കമിട്ടിരിക്കുകയാണ് റിങ്കു. ജന്മനാടായ അലിഗഢിൽ തന്നെയാണ് 50 ലക്ഷം ചെലവിട്ട് ഹോസ്റ്റൽ സമുച്ചയം ഒരുങ്ങുന്നത്.
അലിഗഢ് ക്രിക്കറ്റ് സ്‌കൂൾ ആൻഡ് അക്കാഡമിയുടെ ഭൂമിയിലാണ് ഹോസ്റ്റൽ നിർമിക്കുന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലാണ് 15 ഏക്കറോളം വരുന്ന ഭൂമിയുള്ളത്. ഇവിടെ ഹോസ്റ്റലിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ദരിദ്ര പശ്ചാത്തലങ്ങളിൽനിന്ന് വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് കൈതാങ്ങുനൽകുക ലക്ഷ്യമിട്ടാണ് റിങ്കു ഇത്തരമൊരു ആശയവുമായി രംഗത്തിറങ്ങിയത്. ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി.
മൂന്നു മാസംമുൻപാണ് ഹോസ്റ്റലിന്റെ നിർമാണം ആരംഭിച്ചതെന്ന് ഇതിനു മേൽനോട്ടം വഹിക്കുന്ന റിങ്കുവിന്റെ ബാല്യകാല കോച്ച് കൂടിയായ മസൂദ് സഫർ അമീനി പറയുന്നു. മികച്ച സാമ്പത്തിക പശ്ചാത്തലമൊന്നുമില്ലാത്ത താരങ്ങളെ സഹായിക്കണമെന്നത് റിങ്കുവിന്റെ സ്വപ്‌നമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തിയതോടെയാണ് അതു യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയതെന്നും അമീനി പറഞ്ഞു.
ഐ.പി.എല്ലിനു തിരിക്കുംമുൻപ് റിങ്കു നിർമാണ പുരോഗതി വിലയിരുത്താൻ സ്ഥലത്തെത്തിയിരുന്നു. നാലുപേർക്ക് താമസിക്കാവുന്ന 14 മുറികളാണ് ഹോസ്റ്റലിലുണ്ടാകുക. ഇതോടൊപ്പം ഒരു ഷെഡ്ഡും പവലിയനും കാന്റീനുമുണ്ടാകും. ക്രിക്കറ്റ് പരിശീലനത്തിനുള്ള ഗ്രൗണ്ട് സൗകര്യവും ഇവിടെയുണ്ടാകും. നിലവിൽ കെട്ടിടത്തിന്റെ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഐ.പി.എൽ കഴിഞ്ഞ് താരം തിരിച്ചെത്തിയാൽ ഉദ്ഘാടനമുണ്ടാകുമെന്ന് മസൂദ് അമീനി അറിയിച്ചു.
ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ റിങ്കു സിങ് ഖാൻചന്ദ്രയുടെയും വിനാദേവിയുടെയും അഞ്ചു മക്കളിൽ മൂന്നാമനാണ്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽനിന്ന് സൈക്കിളിൽ എൽ.പി.ജി സിലിണ്ടറുകൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിച്ചുകൊടുത്താണ് ഖാൻചന്ദ്ര കുടുംബം പുലർത്തിയിരുന്നത്.
കോർപറേഷന്റെ ഗോഡൗണിലുള്ള രണ്ടുമുറി കുടിലിലായിരുന്നു ഏഴുപേരും തിങ്ങിനിരങ്ങി കഴിഞ്ഞിരുന്നത്. അവിടെ തന്നെയായിരുന്നു എല്ലാവരും അന്തിയുറങ്ങിയിരുന്നതും. പഠനത്തിൽ മോശമായതിനാൽ ഒൻപതാം ക്ലാസിൽ തോറ്റ് സ്‌കൂളിന്റെ പടി ഇറങ്ങിയ റിങ്കു പിന്നീട് പട്ടിണിയെ തുടർന്ന് തൂപ്പുജോലിക്കിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് മസൂദ് അമീനിയുടെ സഹായത്തിലാണ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ഇപ്പോഴുള്ള നിലയിലെത്തുന്നതും.
Summary: KKR Star Rinku Singh to construct sports hostel for poor cricketers, worth Rs 50 lakhs