സിക്‌സർ മെഷീൻ; രോഹിതിന് റെക്കോർഡ്
സെമിയിൽ ന്യൂസിലാൻഡിനെതിരെ നാലു സിക്‌സറാണ് രോഹിത് പറത്തിയത്
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറടിച്ച റെക്കോർഡ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ പേരിൽ. അമ്പത് സിക്‌സറാണ് രോഹിത് ഇതുവരെ നേടിയത്. 49 സിക്‌സറുമായി വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിലാണ് തൊട്ടുപിന്നിൽ. സെമിയിൽ ന്യൂസിലാൻഡിനെതിരെ നാലു സിക്‌സറാണ് രോഹിത് സ്വന്തമാക്കിയത്.
27 ഇന്നിങ്സില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. 34 കളിയിൽ നിന്നാണ് ക്രിസ് ഗെയിൽ 49 സിക്‌സർ നേടിയത്. 23 കളിയിൽനിന്ന് 43 സിക്‌സറുമായി ഗ്ലൻ മാക്‌സ്‌വെല്ലും 22 കളിയിൽനിന്ന് 37 സിക്‌സറുമായി എബി ഡിവില്ലിയേഴ്‌സുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 27 കളിയിൽനിന്ന് 37 സിക്‌സർ നേടിയ ഡേവിഡ് വാർണറും ഡിവില്ലിയേഴ്‌സിനൊപ്പമുണ്ട്.
സെമിയിൽ 29 പന്തിൽനിന്ന് 47 റൺസാണ് രോഹിത് അടിച്ചെടുത്തത്. നാലു സിക്‌സറും നാലു ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്‌സ്. ലോകകപ്പിൽ 1500 റൺസ് എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ഒമ്പതാം ഓവറിൽ ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൺ പിടിച്ചാണ് നായകൻ പുറത്തായത്.
സെമിയിൽ രോഹിതിന്റെ പ്രകടനത്തെ വാഴ്ത്തി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ രംഗത്തെത്തി. 'ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുള്ള യഥാർത്ഥ ഇന്നിങ്‌സാണിത്. അദ്ദേഹം ഒരു പിഴവും കാണിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിലേതു പോലെ നോക്കൗട്ടിലും ഭയരഹിതമായ ക്രിക്കറ്റ് കളിക്കാൻ നിങ്ങൾക്കാകുമോ? രോഹിത് പറയുന്നു- അതേ, നിങ്ങൾ ബെറ്റ് വച്ചോളൂ, എനിക്കാകും' - ഇന്ത്യന്‍ നായകന്‍റെ ധൈര്യത്തെ പ്രശംസിച്ച് ഹുസൈന്‍ പറഞ്ഞു.
അതേസമയം, ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇരുപത് ഓവർ പിന്നിടവെ 150 റൺസ് സ്വന്തമാക്കി. 74 റൺസുമായി ഓപണർ ശുഭ്മൻ ഗില്ലും 26 റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.