ഋതികയ്‌ക്കും മകള്‍ക്കുമൊപ്പം തിരുപ്പതി സന്ദര്‍ശിച്ച് രോഹിത് ശർമ
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് രോഹിത് നാട്ടിലെത്തിയത്
അമരാവതി: വെസ്റ്റിൻഡീസ് പര്യടനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ തിരുപ്പതി സന്ദർശിച്ചു. ഭാര്യ ഋതിക സജിദയ്ക്കും മകൾ സമയ്‌റയ്ക്കുമൊപ്പമാണ് ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ തീർത്ഥാടനത്തിനായി എത്തിയത്. കനത്ത സുരക്ഷയ്ക്കിടയിലായിരുന്നു സന്ദർശനം.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ശേഷം ദിവസങ്ങൾക്കുമുൻപാണ് രോഹിത് നാട്ടിലെത്തിയത്. ഏഷ്യാ കപ്പിനുള്ള ഒരുക്കം ആരംഭിക്കുന്നതിനുമുൻപായാണ് താരം കുടുംബത്തെ കൂട്ടി തിരുപ്പതിയിലെത്തിയത്. രോഹിത് എത്തിയ വിവരം അറിഞ്ഞു നൂറുകണക്കിന് ആരാധകർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
പാകിസ്താനും ശ്രീലങ്കയും സംയുക്തമായി ആതിഥ്യംവഹിക്കുന്ന ഏഷ്യാ കപ്പിന് ആഗസ്റ്റ് 30നു തുടക്കമാകും. 24ന് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാംപ് ആരംഭിക്കും. ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പിനും തുടക്കമാകും. ഇതുവരെ ഏകദിന ലോകകപ്പ് നേടാനായിട്ടില്ലെന്നും അതിനു വേണ്ടി ഇത്തവണ പൊരുതുമെന്നും കഴിഞ്ഞ ദിവസം രോഹിത് പറഞ്ഞിരുന്നു.
Summary: Rohit Sharma visits Tirupati Balaji temple with family ahead of Asia Cup 2023