'90 മീറ്റർ സിക്‌സ് പറത്തിയാല്‍ എട്ട് റൺസ് നൽകണം; 100 മീറ്ററിന് പത്തും'-ആവശ്യമുയര്‍ത്തി രോഹിത് ശർമ
രോഹിതിനെ പിന്തുണച്ച് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സൺ രംഗത്തെത്തിയിട്ടുണ്ട്
ന്യൂഡൽഹി: ക്രിക്കറ്റിൽ പുതിയ നിയമപരിഷ്‌ക്കരണം ആവശ്യപ്പെട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. സിക്‌സറുകളുടെ കനത്തിനനുസരിച്ചു കൂടുതൽ റൺസും അനുവദിക്കണമെന്നാണു താരത്തിന്റെ ആവശ്യം. 90 മീറ്റർ സിക്‌സാണെങ്കിൽ എട്ടു റൺസും 100 മീറ്ററാണെങ്കിൽ 10 റൺസും നൽകണമെന്നാണ് രോഹിത് ആവശ്യപ്പെട്ടത്.
ക്രിക്കറ്റ് ജേണലിസ്റ്റായ വിമൽ കുമാറിന്റെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു രോഹിതിന്റെ അഭിപ്രായപ്രകടനം. 'ഒരു ബാറ്റർ 90 മീറ്റർ സിക്‌സ് അടിച്ചാൽ എട്ട് റൺസ് നൽകണം. നൂറു മീറ്റർ സിക്‌സാണെങ്കിൽ 10 റൺസും. ക്രിസ് ഗെയിലും കീറൻ പൊള്ളാർഡുമെല്ലാം നൂറു മീറ്റർ സിക്‌സുകൾ അടിക്കുന്നവരാണ്. കൂടുതൽ ഉയരത്തിൽ അടിച്ച് ബൗണ്ടറി കടത്തിയാലും അവർക്കു കിട്ടുന്നത് ആറു റൺസാണ്. അത് ന്യായമല്ല.'-രോഹിത് പറഞ്ഞു.
രോഹിതിനെ പിന്തുണച്ച് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സൺ രംഗത്തെത്തി. വർഷങ്ങൾക്കുമുൻപ് താൻ പറഞ്ഞതും ഇതുതന്നെയാണെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. ഒരുപടി കൂടി കടന്ന് നൂറു മീറ്റർ സിക്‌സ് അടിച്ചാൽ 12 റൺസ് നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ക്രിക്കറ്റിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരണം. അല്ലെങ്കിൽ 100 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു വേണമെങ്കിൽ അത്തരമൊരു പരിഷ്‌ക്കരണം കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ക്രിക്കറ്റ് ചരിത്രത്തിലെ സിക്‌സർ വേട്ടക്കാരിലും ഒന്നാമനാകാൻ രോഹിത് ശർമയ്ക്ക് ഇനി വെറും മൂന്ന് സിക്‌സ് മതി. 553 സിക്‌സുമായി ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 551 സിക്‌സുമായി രോഹിത് തൊട്ടരികിലും നിൽക്കുന്നു. ഈ ലോകകപ്പിനു തന്നെ ഇന്ത്യൻ നായകൻ റെക്കോർഡ് സ്വന്തം പേരിലാക്കുമെന്നുറപ്പാണ്.
Summary: Indian Cricket team captain Rohit Sharma wants 10 runs for a 100 metre six