പെട്രോൾ പമ്പിനു മുമ്പിൽ വരിനിന്ന് ജനം; ചായയും ബണ്ണുമായി റോഷൻ മഹാനാമ

1996ൽ ലങ്ക ലോകകപ്പ് ജയിച്ച വേളയിൽ ടീമിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മഹാനാമ

Update: 2022-06-19 05:55 GMT
Editor : abs | By : abs
Advertising

കൊളംബോ: ലങ്കയിലെ പെട്രോൾ പമ്പിനു മുമ്പിൽ വരി നിന്നവർക്ക് ചായയും ബണ്ണും വിതരണം ചെയ്ത് ലങ്കൻ ക്രിക്കറ്റർ റോഷൻ മഹാനാമ. വാർഡ് പ്ലേസ്, വിജെറമ മേഖലയിലാണ് താരം ശനിയാഴ്ച ഭക്ഷണവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട കുറിപ്പും ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.

മീൽസ് ഫോർ ആൾ എന്ന പദ്ധതിക്കു കീഴിലായിരുന്നു മഹാനാമയുടെ ഭക്ഷണ വിതരണം. അയാതി എന്ന സംഘടനയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പും ഭക്ഷണ വിതരണത്തിൽ സജീവമാണ് റോഷൻ മഹാനാമ. പ്രതിസന്ധിക്കാലത്ത് രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ ഇദ്ദേഹം സഹായ ഹസ്തവുമായി എത്തിയിരുന്നു.

1996ൽ ലങ്ക ലോകകപ്പ് ജയിച്ച വേളയിൽ ടീമിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മഹാനാമ. കളി നിർത്തിയ ശേഷം ഐസിസി മാച്ച് റഫറിയായി. ടെസ്റ്റ് ചരിത്രത്തിലെ ആദ്യത്തെ രാപകൽ മത്സരത്തിന്റെ റഫറിയായിരുന്നു.

ലങ്കയിലെ പ്രതിസന്ധിയിൽ നേരത്തെ നിരവധി താരങ്ങൾ പ്രതികരിച്ചിരുന്നു. പ്രതിസന്ധി തടയാൻ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് മഹാനാമ കുറ്റപ്പെടുത്തിയിരുന്നത്. 'നിങ്ങളുടെ നടപടികൾ എത്രമാത്രം ദയനീയമാണ് എന്ന് ലോകം കാണുന്നു' എന്നാണ് മഹേള ജയവർധനെ പ്രതികരിച്ചത്. ഈ നേതൃത്വത്തിൽ നിരാശനാണ് എന്നാണ് വാനിന്ദു ഹസരങ്കെ പറഞ്ഞത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News