'ഉയിരും ഇദയവും ചെന്നൈ'; വിവാഹവും തമിഴ് ആഘോഷമാക്കി ഗെയ്ക്ക്‌വാദ്

ഭാര്യ ഉത്കർഷയാണ് പരമ്പരാഗതമായ മഹാരാഷ്ട്രാ രീതിയിൽ നടക്കേണ്ട വിവാഹനിശ്ചയ ചടങ്ങ് പൂർണമായും തമിഴ് ജനതയ്ക്കും ദക്ഷിണേന്ത്യൻ സംസ്‌കാരത്തിനും സമർപ്പിക്കാൻ തീരുമാനിച്ചതെന്ന് ഋതുരാജ് ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തി

Update: 2023-06-13 08:38 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ചുരുങ്ങിയ മത്സരങ്ങളിലൂടെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാഗ്യ ഘടകമായി മാറിയ താരമാണ് ഋതുരാജ് ഗെയ്ക്ക്‌വാദ്. 2020ൽ യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിലാണ് ടീമിനു വേണ്ടി താരത്തിന്റെ അരങ്ങേറ്റം. അന്ന് തുടർ ഫിഫ്റ്റികളുമായി മഞ്ഞപ്പടയുടെ ഹൃദയത്തിലേക്ക് കയറിയ താരം ഇപ്പോൾ ടീമിന്റെ വിശ്വസ്ത ഓപണറാണ്. 2021ലും 2023ലും ചെന്നൈയുടെ കിരീടനേട്ടത്തിലും നിർണായക പങ്കുവച്ചു ഗെയ്ക്ക്‌വാദ്.

മഹാരാഷ്ട്രക്കാരനാണെങ്കിലും ഹൃദയം കൊണ്ട് താനൊരു തമിഴ്‌നാട്ടുകാരനാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ ഋതുരാജ് ഗെയ്ക്ക്‌വാദ്. ദിവസങ്ങൾക്കുമുൻപ് നടന്ന വിവാഹചടങ്ങാണ് ദക്ഷിണേന്ത്യയും തമിഴ്ജനതയും നൽകുന്ന സ്‌നേഹത്തിന് ഉചിതമായ മറുപടി നൽകാൻ താരം വിനിയോഗിച്ചത്. മറാഠാ ആചാരം മാറ്റിവച്ച് വിവാഹനിശ്ചയം പൂർണമായും ദക്ഷിണേന്ത്യൻ ആചാരപ്രകാരം നടത്തുകയായിരുന്നു താരം.

ജൂൺ നാലിനായിരുന്നു മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം ഉത്കർഷ പവാറുമായുള്ള ഋതുരാജിന്റെ വിവാഹം. ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് സംഘത്തിലുണ്ടായിരുന്നെങ്കിലും വിവാഹത്തെ തുടർന്ന് താരം ലണ്ടനിലേക്ക് തിരിച്ചിരുന്നില്ല. പകരം യശസ്വി ജയ്‌സ്വാളാണ് താരത്തിനു പകരം സബ്സ്റ്റിറ്റിയൂട്ട് സ്‌ക്വാഡിൽ ഇടംപിടിച്ചത്.

തമിഴ് ആചാരപ്രകാരം വിവാഹം നടത്താനുള്ള തീരുമാനത്തെക്കുറിച്ച് ഗെയ്ക്ക്‌വാദ് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'എന്റെ ജീവിതയാത്രയുടെ ഭാഗമായതുതൊട്ടു തന്നെ എന്റെ ജീവിതത്തിന്റെ പ്രധാന തലങ്ങളെക്കുറിച്ചെല്ലാം ഉത്കർഷയ്ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. പരമ്പരാഗതമായ മഹാരാഷ്ട്രാ (രീതിയിൽ നടക്കേണ്ട) വിവാഹനിശ്ചയം പൂർണമായും തമിഴ് ജനതയ്ക്കും ദക്ഷിണേന്ത്യൻ സംസ്‌കാരത്തിനും സമർപ്പിക്കാൻ തീരുമാനിച്ചത് അവളാണ്. എന്റെ ജീവിതത്തിൽ ഈ നഗരത്തിനുള്ള പ്രാധാന്യവും ചെന്നൈ സൂപ്പർ കിങ്‌സ് എന്റെ ജീവിതത്തോട് ചെയ്തും മനസിലാക്കിയായിരുന്നു അത്. വളരെ വളരെ സവിശേഷമായൊരു മുഹൂർത്തമായിരുന്നു അത്.'-ഉത്കർഷയെ ഞാൻ പ്രണയിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഗെയ്ക്ക്‌വാദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

2020ൽ ചെന്നൈ സൂപ്പർ കിങ്‌സിലൂടെ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച ഋതുരാജ് ഗെയ്ക്ക്‌വാദ് ഇതുവരെ 52 മത്സരങ്ങളിലാണ് മഞ്ഞക്കുപ്പായമണിഞ്ഞത്. ഇതിൽനിന്ന് 1,797 റൺസ് അടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ കൂടുതൽ റൺസുമായി പർപ്പിൾ ക്യാപ് ജേതാവായിരുന്നു. ഇത്തവണ 147.50 സ്‌ട്രൈക്ക്‌റൈറ്റിൽ 590 റൺസുമായി ടീമിലെ റൺവേട്ടക്കാരിലും മുന്നിലുണ്ടായിരുന്നു.

Summary: CSK opener Ruturaj Gaikwad dedicates his engagement to Chennai people and the South culture

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News