ഓറഞ്ച് ക്യാപ് നേടുന്ന പ്രായംകുറഞ്ഞ താരം; 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഗെയ്ക്വാദ്

എന്നാല്‍ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ അവസാന നിമിഷം വരെ സാധ്യതയുണര്‍ത്തി

Update: 2021-10-15 16:04 GMT
Advertising

ഐ.പി.എല്‍ പതിനാലാം സീസണിലെ റണ്‍വേട്ടക്കാരന്‍റെ ക്യാപ് ഇനി ചെന്നൈ സൂപ്പര്‍കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദിന്. പഞ്ചാബിന്‍റെ കെ.എല്‍ രാഹുലിനെ മറികടന്നാണ് ഗെയ്ക്വാദ് ഓറഞ്ച് ക്യാപും റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. 635 റണ്‍സാണ് ഗെയ്ക്വാദിന്‍റെ ഈ സീസണിലെ റണ്‍ നേട്ടം.

പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിനേക്കാള്‍ 23  റണ്‍സ് മാത്രം പിന്നിലായിരുന്നു ഫൈനല്‍ മത്സരത്തിന് മുമ്പ് ഗെയ്ക്വാദ്. പഞ്ചാബ് നേരത്തെ പുറത്തായതുകൊണ്ട് തന്നെ ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് നേടുമെന്ന് തന്നെയായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ അവസാന നിമിഷം വരെ സാധ്യതയുണര്‍ത്തി. മത്സരം തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി കിടിലന്‍ ഇന്നിങ്സിലൂടെ 86 റണ്‍സ് നേടി. ഇതോടെ ഡുപ്ലസിയുടെ ആകെ റണ്‍ നേട്ടം 633 ആയി. ഓറഞ്ച് ക്യാപ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി ഫൈനല്‍ കഴിഞ്ഞപ്പോള്‍ അതോടെ രണ്ടാം സ്ഥാനത്തായി. 635 റണ്‍സോടെയാണ് ഗെയ്ക്വാദ് ക്യാപ് സ്വന്തമാക്കിയത്

ഫാഫ് ഡുപ്ലസിയോടൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഗെയ്ക്വാദ് വ്യക്തിഗത സ്കോര്‍ 24 ഇല്‍ നില്‍ക്കേയാണ് ഓറഞ്ച് ക്യാപ് നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗെയ്ക്വാദിനെ തേടിയെത്തി. മുന്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരം ഷോണ്‍ മാര്‍ഷിന്‍റെ റെക്കോര്‍ഡാണ് ഗെയ്ക്വാദ് മറികടന്നത്. 13 വര്‍ഷം മുമ്പ് 2008 സീസണില്‍ ആയിരുന്നു ഷോണ്‍ മാര്‍ഷിന്‍റെ നേട്ടം. ഐ.പി.എല്‍ തുടങ്ങിയ വര്‍ഷം 616 റണ്‍സോടെ ഷോണ്‍ മാര്‍ഷ് നേടിയ റെക്കോര്‍ഡ് 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തകര്‍ക്കപ്പെടുന്നത്. അന്ന് ഓറഞ്ച് ക്യാപ് നേടുമ്പോള്‍ ഷോണ്‍ മാര്‍ഷിന് 25 വയസ് മാത്രമായിരുന്നു പ്രായം. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെയായിരുന്നു മാര്‍ഷിന്‍റെ നേട്ടം.

24 ആം വയസിലാണ് ഋതുരാജ് ഗെയ്ക്വാദ് 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കുന്നത്. സീസണില്‍ നാല് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെയായിരുന്നു ഗെയ്ക്വാദിന്‍റെ ഇന്നിങ്സ്. 16 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗെയ്ക്വാദ് പക്ഷേ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ തന്നെ പുറത്തായി. 32 റണ്‍സെടുത്ത ഗെയ്ക്വാദിനെ സുനില്‍ നരൈന്‍ ശിവം മാവിയുടെ കൈകളിലെത്തിക്കുകയായിരുന്നു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News