അവസാന പന്തുവരെ സസ്പെന്‍സ്; രണ്ട് റണ്‍സിന് ഡുപ്ലെസിക്ക് ഓറഞ്ച് ക്യാപ് നഷ്ടം, ഗെയ്ക്വാദ് ഒന്നാമന്‍

പഞ്ചാബ് നേരത്തെ പുറത്തായതുകൊണ്ട് തന്നെ ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് നേടുമെന്ന് തന്നെയായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയുടെ അപ്രതീക്ഷിത കുതിപ്പായിരുന്നു ഓറഞ്ച് ക്യാപ് പോരാട്ടത്തിലെ ക്ലൈമാക്സ് ട്വിസ്റ്റ്.

Update: 2021-10-15 16:53 GMT
Advertising

ഐ.പി.എല്‍ പതിനാലാം സീസണിലെ റണ്‍വേട്ടക്കാരന്‍റെ ക്യാപ് ഇനി ചെന്നൈ സൂപ്പര്‍കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദിന്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഓറഞ്ച് ക്യാപ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് പഞ്ചാബിന്‍റെ കെ.എല്‍ രാഹുലായിരുന്നു. രണ്ടാം സ്ഥാനത്ത് ഗെയ്ക്വാദും. പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിനേക്കാള്‍ 23 റണ്‍സ് മാത്രം പിന്നിലായിരുന്നു ഫൈനല്‍ മത്സരത്തിന് മുമ്പ് ഗെയ്ക്വാദ്. പഞ്ചാബ് നേരത്തെ പുറത്തായതുകൊണ്ട് തന്നെ ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് നേടുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയുടെ അപ്രതീക്ഷിത കുതിപ്പായിരുന്നു ഓറഞ്ച് ക്യാപ് പോരാട്ടത്തിലെ ക്ലൈമാക്സ് ട്വിസ്റ്റ്.

കളി തുടങ്ങുമ്പോള്‍ ഓറഞ്ച് ക്യാപ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലെസി ഫൈനല്‍ കഴിഞ്ഞപ്പോള്‍ ഗെയ്ക്വാദിന് പിന്നിലായി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രാഹുലിനെ മറികടന്ന് ഗെയ്ക്വാദ് ക്യാപ് സ്വന്തമാക്കുമെന്ന് ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഫാഫിന്‍റെ പ്രകടനം ഞെട്ടിച്ചുകളഞ്ഞു. ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായി മാറിയ ഡുപ്ലസി 86 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ ഗെയ്ക്വാദിനെ മറികടന്ന് ഡുപ്ലസി ഓറഞ്ച് ക്യാപ് സ്വന്തമാക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഇത്തവണ അത് അണിയാനുള്ള യോഗം വിധി ഗെയ്ക്വാദിന് തന്നെ നല്‍കി. രണ്ട് റണ്‍സ് കൂടി നേടിയാല്‍ ഓറഞ്ച് ക്യാപ് നേടാമെന്നിരി ഇന്നിങ്സിലെ അവസാന പന്ത് നേരിടാനൊരുങ്ങി. അവസാന പന്ത് സിക്സര്‍ തൂക്കാന്‍‌ ശ്രമിച്ച ഡുപ്ലസിക്ക് പക്ഷേ പിഴച്ചു. ബൌണ്ടറിയില്‍ വെങ്കിടേഷ് അയ്യരുടെ കൈയ്യില്‍ പന്ത് ഭദ്രം. ഇതോടെ ഓറഞ്ച് ക്യാപ് നേട്ടം സഹതാരമായ ഗെയ്ക്വാദിന് സ്വന്തമായി.  635 റണ്‍സോടെയാണ് ഗെയ്ക്വാദ് ക്യാപ് സ്വന്തമാക്കിയത്. റണ്‍സ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ ഡുപ്ലസിക്ക് 633 റണ്‍സും...!

ഫാഫ് ഡുപ്ലസിയോടൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഗെയ്ക്വാദ് വ്യക്തിഗത സ്കോര്‍ 24 ഇല്‍ നില്‍ക്കേയാണ് ഓറഞ്ച് ക്യാപ് നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗെയ്ക്വാദിനെ തേടിയെത്തി. മുന്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരം ഷോണ്‍ മാര്‍ഷിന്‍റെ റെക്കോര്‍ഡാണ് ഗെയ്ക്വാദ് മറികടന്നത്. 13 വര്‍ഷം മുമ്പ് 2008 സീസണില്‍ ആയിരുന്നു ഷോണ്‍ മാര്‍ഷിന്‍റെ നേട്ടം. ഐ.പി.എല്‍ തുടങ്ങിയ വര്‍ഷം 616 റണ്‍സോടെ ഷോണ്‍ മാര്‍ഷ് നേടിയ റെക്കോര്‍ഡ് 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തകര്‍ക്കപ്പെടുന്നത്. അന്ന് ഓറഞ്ച് ക്യാപ് നേടുമ്പോള്‍ ഷോണ്‍ മാര്‍ഷിന് 25 വയസ് മാത്രമായിരുന്നു പ്രായം. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെയായിരുന്നു മാര്‍ഷിന്‍റെ നേട്ടം.24 ആം വയസിലാണ് ഋതുരാജ് ഗെയ്ക്വാദ് 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കുന്നത്. സീസണില്‍ നാല് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെയായിരുന്നു ഗെയ്ക്വാദിന്‍റെ ഇന്നിങ്സ്. 16 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗെയ്ക്വാദ് പക്ഷേ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ തന്നെ പുറത്തായി. 32 റണ്‍സെടുത്ത ഗെയ്ക്വാദിനെ സുനില്‍ നരൈന്‍ ശിവം മാവിയുടെ കൈകളിലെത്തിക്കുകയായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News