'പ്രധാനം ഫ്രണ്ട് ഫൂട്ട് ഡിഫൻസ്'; ഇന്ത്യൻ താരങ്ങൾക്ക് സച്ചിന്റെ ഉപദേശം
ഡിസംബർ 26നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റ്
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ഉപദേശം. ഫ്രണ്ട് ഫൂട്ട് ഡിഫൻസ് ഏറെ പ്രധാനമാണ് എന്നാണ് സച്ചിൻ താരങ്ങളെ ഓർമപ്പെടുത്തിയത്.
'ഞാൻ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്, ഫ്രണ്ട് ഫൂട്ട് ഡിഫൻസ് ആണ് പ്രധാനപ്പെട്ടത്. ആദ്യ 25 ഓവറുകളിൽ അത് ഏറെ നിർണായകമാകും.' - വെറ്ററൻ സ്‌പോർട്‌സ് ജേണലിസ്റ്റ് ബൊറിയ മജുംദാറിന്റെ ബാക് സ്‌റ്റേജ് വിത്ത് ബൊറിയ ഷോയിൽ സച്ചിൻ പറഞ്ഞു. ഇംഗ്ലണ്ടിൽ രോഹിത്തും രാഹുലും ഫ്രണ്ട് ഫൂട്ട് ഡിഫൻ ശക്തമാക്കിയത് അവരുടെ ബാറ്റിങ്ങിനെ ഏറെ സഹായിച്ചെന്നും താരം ചൂണ്ടിക്കാട്ടി.
ശരീരത്തിൽ നിന്ന് അകന്നാകരുത് കൈകളുടെ സ്ഥാനം. ശരീരത്തിൽ നിന്ന് കൈകൾ അകലുമ്പോൾ പതിയെ നിയന്ത്രണവും നഷ്ടമാവും. കൈകൾ അങ്ങനെ അകന്ന് പോവാതിരിക്കുന്നതാണ് അവരുടെ കരുത്ത്. ചില ഘട്ടങ്ങളിൽ ബൗളർമാർ ബീറ്റു ചെയ്തിട്ടുണ്ടും. ചിലപ്പോൾ വിക്കറ്റ് നഷ്ടപ്പെട്ടിട്ടുമുണ്ടാകും. അത് വിഷയമല്ല. ശരീരത്തിൽ നിന്ന് കൈകൾ അകലുമ്പോഴാണ് എഡ്ജ് ചെയ്യാനുള്ള സാഹചര്യം വരുന്നത്- താരം കൂട്ടിച്ചേർത്തു.
മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബർ 26ന് ആരംഭിക്കും. ന്യൂസിലാൻഡിനെതിരെ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ വിദേശമണ്ണിലെത്തുന്നത്.