പുന്നമടക്കായലിൽ തുഴയെറിഞ്ഞ്, കരിമീൻ വറുത്ത് അവധിയാഘോഷം; സഞ്ജു ഇപ്പോഴും 'ചില്ലാ'ണ്

തുടർച്ചയായി അവസരം ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിനെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഫോമിലുള്ള സഞ്ജുവിനെ റിസർവ് ടീമിൽ പോലും അവഗണിച്ചതിൽ കലിപ്പിലാണ് ആരാധകർ

Update: 2022-09-13 01:35 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിന്‍റെ പേര് കൂട്ടത്തില്‍ ഇടംപിടിക്കാത്തതിൽ നിരാശരാണ് ആരാധകർ. എന്നാൽ, ഈ സമയത്തും  പുന്നമടക്കായലിൽ കൂട്ടുകാർക്കൊപ്പം അവധിക്കാല ആഘോഷവുമായി 'ചില്ലാണ്' സഞ്ജു. ടീം പ്രഖ്യാപനത്തിന്റെ പിന്നാലെ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

കേരള ക്രിക്കറ്റ് ടീമിലെ സഹതാരങ്ങൾക്കൊപ്പമാണ് ആലപ്പുഴയില്‍ പുന്നമടക്കായലിൽ സഞ്ജുവിന്റെ ആഘോഷം. 'കട്ടനും കായലും കൂട്ടാരും, ഒരു സുന്ദര സായാഹ്നം' എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. കായലിൽ ചെറുവഞ്ചിയിലാണ് കറക്കം. കായലിന്റെ മനോഹരമായ സായാഹ്ന-രാത്രി ദൃശ്യങ്ങളെല്ലാം മിഴിവോടെ പകർത്തിയിട്ടുണ്ട്. സഞ്ജു തന്നെ ഇടയ്ക്ക് തുഴയുന്നതും വിഡിയോയിൽ കാണാം.

എല്ലാം കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കായൽ മത്സ്യങ്ങൾ വറുത്തും പൊള്ളിച്ചും കഴിക്കുകയും ചെയ്തു. കരിമീൻ മുതൽ ചൂര വരെ ദൃശ്യങ്ങളിൽ കാണാം. കേരള ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളായ എം.ഡി നിതീഷ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെല്ലാം കൂട്ടത്തിലുണ്ട്.

നേരത്തെ, ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം ഓണം ആഘോഷിക്കുന്ന ചിത്രവും സഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സഞ്ജു മുണ്ടും ഷർട്ടുമുടുത്തപ്പോൾ പാവാടയും ബ്ലൗസുമായിരുന്നു ചാരുവിന്റെ ഓണക്കോടി. ഇന്റസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു താരം. ഇന്ത്യൻ താരം സൂര്യകുമാർ യാദവ്, സംവിധായകനും നടനുമായ ബേസിൽ ജോസഫ്, മലയാളി താരം അസ്ഹർ തുടങ്ങി പ്രമുഖർ തിരിച്ചും ആശംസ നേർന്നു. 'ഹാപ്പി ഓണം ചേട്ടാ, ചേച്ചി' എന്നായിരുന്നു സൂര്യയുടെ ആശംസ.

ഇന്ത്യയുടെ സിംബാബ്‍വേ പര്യടനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതാണ് സഞ്ജു. വെസ്റ്റിൻഡീസിനെതിരായ മികച്ച പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവിന് സിംബാബ്വേയ്ക്കെതിരായ ഇന്ത്യൻ സംഘത്തിലും ഇടംപിടിച്ചത്. മൂന്നു മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കാത്ത സഞ്ജു വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്തെങ്കിലും ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ താരത്തിന് ഇടംകിട്ടിയിരുന്നില്ല.

അതേസമയം, അടുത്ത കാലത്തു ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ലോകകപ്പ് സംഘത്തിൽ ഇടംലഭിക്കാത്തതിൽ കലിപ്പിലാണ് ആരാധകർ. ബി.സി.സി.ഐയുടെ രാഷ്ട്രീയമാണ് ടീം സെലക്ഷൻ വ്യക്തമാക്കുന്നതെന്നാണ് ആക്ഷേപം. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് വീണ്ടും അവസരം നൽകിയിട്ടും റിസർവ് സംഘത്തിൽ പോലും സഞ്ജുവിനെ അവഗണിച്ചതിലാണ് കൂടുതൽ വിമർശനമുയരുന്നത്.

ഏഷ്യാ കപ്പിലെ ടീമിന്റെ പരാജയത്തിനു പിന്നിൽ ടീം സെലക്ഷനാണെന്ന് വൻ വിമർശനം ഉയർന്നതാണ്. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് നടക്കുന്ന ആസ്‌ട്രേലിയൻ സാഹചര്യത്തിന് ഏറ്റവും യോജ്യനായ ബാറ്ററാണ് സഞ്ജുവെന്ന് മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. നായകൻ രോഹിത് ശർമയും ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്തിമ പ്രഖ്യാപനം വന്നപ്പോൾ താരത്തിന് സ്ഥാനമില്ലാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്.

Summary: Sanju Samson celebrating holidays by rowing a small boat and roasting carp in Punnamada Kayal, Alappuzha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News