സഞ്ജു ടി20 ലോകകപ്പ് ടീമിലുണ്ടാകും; സൂചന നല്‍കി രോഹിത്
സഞ്ജുവിന്‍റെ കഴിവുകളില്‍ രോഹിതിന് വിശ്വാസം; ലോകകപ്പ് സ്ക്വാഡിലേക്ക് താരത്തെ പരിഗണിക്കുമെന്നും ഇന്ത്യന്‍ നായകന്‍
വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്ക്വാഡില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സഞ്ജു കഴിവുള്ള താരമാണെന്നും വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡിൽ താരത്തിനെ പരിഗണിക്കുമെന്നും രോഹിത് പറഞ്ഞു.
'തീര്‍ച്ചയായും സഞ്ജു സാംസണ്‍ കഴിവുള്ള താരമാണെന്നതില്‍ ഒരു സംശയവുമില്ല. സഞ്ജു ബാറ്റ് വീശുന്നത് കാണുമ്പോള്‍ പലപ്പോഴും കാണികള്‍ ആവേശം കൊള്ളുന്നത് കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം അതാണ്. കഴിവും പ്രതിഭയുമുള്ള ഒരുപാട് പേരുണ്ട് ടീമില്‍, പക്ഷേ ആ കഴിവും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന കാര്യമാണ് ഏറ്റവും നിര്‍ണായകം. തീര്‍ച്ചയായും സഞ്ജു പരിഗണനയിലുണ്ട്'. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു രോഹിത്. സഞ്ജു സാംസണും ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഒരിടവേളയ്ക്കു ശേഷമാണ് സഞ്ജു ദേശീയ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. ഋഷഭ് പന്തിനു പരമ്പരയില്‍ വിശ്രമം അനുവദിച്ചതോടെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനു വീണ്ടും ദേശീയ ടീമിലേക്ക് വിളിവന്നത്. ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു ടീമിനായി വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജഴ്സിയില്‍ ഇതുവരെ താരത്തിന് ശോഭിക്കാനായിട്ടില്ല. 2021 ജൂലൈയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലായിരുന്നു താരം ഇറങ്ങിയത്. 2015-ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം 10 മത്സരങ്ങളിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. 11.70 ശരാശരിയിൽ 117 റൺസാണ് താരത്തിന് ഇതുവരെ നേടാനായത്.