ഒമ്പത് മത്സരങ്ങളില്‍ നിന്ന് 117 റൺസ് മാത്രം; ടി 20യിൽ സഞ്ജുവിന് എന്തു പറ്റി?
അന്താരാഷ്ട്ര ടി ട്വന്റിയിൽ 19,6,8,2,23,15,10,27,7 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോർ
അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ കേരളത്തിന്റെ രാജസ്ഥാൻ റോയൽസ് താരം സഞ്ജു വി സാംസണിന്റെ മോശം പ്രകടനം തുടരുന്നു. ഐപിഎല്ലില്‍ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യൻ ടീമിലെത്തിയ താരം ഇതുവരെ ഒമ്പത് മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. എന്നാൽ നേടാനായത് വെറും 117 റൺസ്. 27 ആണ് ടോപ് സ്‌കോർ. 13 റൺസ് ആണ് ശരാശരി.
ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ കഴിഞ്ഞ ദിവസം 13 പന്തിൽ നിന്ന് ഏഴു റൺസ് മാത്രമാണ് താരത്തിന് നേടാനായത്. സഞ്ജു പുറത്തായ രീതിയാണ് ആരാധകരെ നിരാശപ്പെടുത്തിയത്. സ്ലോ പിച്ചിൽ സ്പിന്നർ അഖില ധനഞ്ജയ എറിഞ്ഞ പന്തിന്റെ ഫ്‌ളൈറ്റ് വായിക്കുന്നതിൽ സഞ്ജു ദയനീയമായി പരാജയപ്പെടുകയായിരുന്നു. ബാറ്റിനും പാഡിനുമിടയിലൂടെയാണ് പന്ത് വിക്കറ്റിലെത്തിയത്.
ഏകദിന അരങ്ങേറ്റത്തിൽ 46 റൺസ് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് സഞ്ജു കളത്തിലിറങ്ങിയത്. ആത്മവിശ്വാസത്തോടെ സ്‌ട്രോക്കുകൾ ഉതിർക്കുന്ന താരത്തിന് പക്ഷേ, ഒരു ഘട്ടത്തിൽ പോലും ബൗളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കാനായില്ല. ഒരു ഡിആർഎസ് തീരുമാനത്തിലും മലയാളി താരത്തിന് പിഴച്ചു.
അന്താരാഷ്ട്ര ടി ട്വന്റിയിൽ 19,6,8,2,23,15,10,27,7 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോർ. ഒരു കളിയിൽ പോലും മുപ്പത് റൺസ് നേടിയില്ലെന്നും ശ്രദ്ധേയമാണ്. അതേസമയം, ഐപിഎല്ലിൽ 114 മത്സരങ്ങളിൽ കളിച്ച താരം മൂന്നു സെഞ്ച്വറിയും 13 അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. (വിരാട് കോലി മാത്രമാണ് ഇക്കാര്യത്തിൽ സഞ്ജുവിന് മുകളിൽ ഉള്ളത്) 28.9 ശരാശരിയിൽ 2861 റൺസാണ് ആകെ സമ്പാദ്യം.
Sanju Samson's T20I career so far:
— Wisden India (@WisdenIndia) July 28, 2021
19 (24)
6 (2)
8 (5)
2 (5)
23 (15)
15 (10)
10 (9)
27 (20)
7 (13)#SLvsIND pic.twitter.com/LPwmXz70Mk
മികച്ച ടെക്‌നിക് കൊണ്ട് പവർ ഹിറ്റ് നടത്തുന്ന കളിക്കാരനാണ് സഞ്ജു. ഐപിഎല്ലിലെ കഴിഞ്ഞ മൂന്നു സീസണിൽ ക്രിക് വിസ് അനാലിസ്റ്റ് പറയുന്നത് പ്രകാരം 160 ആണ് സഞ്ജുവിന്റെ പവർ റേറ്റിങ്. ക്രിസ് ഗെയിൽ, കീറൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ എന്നീ കായിക ബലം കൂടുതലുള്ള താരങ്ങൾക്ക് മാത്രമേ ഇത്രയും വലിയ പവർ റേറ്റിങ് ഉള്ളൂ. അനായാസമായി കളിയുടെ ഗിയർ മാറ്റാനും താരത്തിനാകും. എന്നാൽ ഇന്ത്യൻ ജഴ്‌സിയിൽ പ്രതിഭയ്ക്ക് ഒത്ത പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് ഇതുവരെ ആയിട്ടില്ല.
അസ്ഥിര പ്രകടനം ആവർത്തിച്ചാൽ ടി20 ലോകകപ്പിൽ ഉൾപ്പെടുകയെന്നത് മലയാളി താരത്തിന് സ്വപ്‌നം മാത്രമാകും. റിഷഭ് പന്ത്, ഇഷാൻ കിഷൻ തുടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ മികച്ച ഫോമിലുള്ള സാഹചര്യത്തിൽ വിശേഷിച്ചും.