വേദന, നിരാശ, നിസ്സഹായത; അതിലുണ്ട് എല്ലാം-ടീം അവഗണനയോട് പ്രതികരിച്ച് സഞ്ജു സാംസൺ

ഈ സമയത്ത് താനായിരുന്നു സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ കടുത്ത നിരാശയിലായിരിക്കുമെന്ന് ഇർഫാൻ പത്താൻ പ്രതികരിച്ചു

Update: 2023-09-19 07:18 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ദേശീയ ടീമിൽനിന്നുള്ള നിരന്തര അവഗണനയിൽ പരോക്ഷ പ്രതികരണവുമായി സഞ്ജു സാംസൺ. ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനും ഏഷ്യൻ ഗെയിംസിനും പിന്നാലെ ആസ്‌ട്രേലിയ്‌ക്കെതിരായ ടീമിൽനിന്നും പുറത്തായതിനു പിറകെയാണു താരത്തിന്റെ പ്രതികരണം.

നിർവികാരമായൊരു സ്‌മൈലിയില്‍ പ്രതികരണമൊതുക്കുകയായിരുന്നു സഞ്ജു. ഫേസ്ബുക്കിലെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രവാഹമാണ്. വേദനയും നിരാശയും നിസ്സഹായതയും രോഷവുമെല്ലാം ഉള്ളടങ്ങിയിട്ടുള്ള വികാരപ്രകടനമായാണ് ആരാധകർ ഇതിനെ കാണുന്നത്. ആയിരക്കണക്കിന് ആരാധകർ താരത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ധൈര്യമായിരിക്കാൻ ആവശ്യപ്പെടുകയും ടീമിന്റെ ക്യാപ്റ്റനായി തന്നെ ഭാവിയിൽ വരുമെന്ന് പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് അവർ. ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖരും സഞ്ജുവിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

സഞ്ജുവിനോടുള്ള അവഗണനയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ നേരത്തെ പ്രതികരിച്ചിരുന്നു. താനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ കടുത്ത നിരാശവാനായിരിക്കുമെന്നായിരുന്നു പത്താന്റെ പ്രതികരണം. 'എക്‌സി'ലൂടെയാണ് ടീം സെലക്ഷനെതിരെ പത്താന്റെ പരോക്ഷ വിമർശനം.

ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും സഞ്ജുവിനെ നിരന്തരം തഴയുന്നതിന്റെ യുക്തി എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. മറുവശത്ത്, നിരവധി തവണ അവസരം ലഭിച്ചിട്ടും സൂര്യകുമാർ യാദവ് എല്ലാ ടീമുകളിലും ഇടംകണ്ടെത്തുന്നു. ഒറ്റ ഏകദിനം മാത്രം കളിച്ച തിലക് വർമയെയും നിരവധി തവണ അവസരം ലഭിച്ചിട്ടും മികവ് തെളിയിക്കാനാകാത്ത ഋതുരാജ് ഗെയ്ക്ക്‌വാദിനെയും വീണ്ടും ടീമിലെടുക്കുകയും ചെയ്യുന്നു.

2014ൽ ടീമിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആകെ 13 ഏകദിനങ്ങളിലാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കാനായിട്ടുള്ളത്. അതും വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ. ഇതിൽനിന്ന് 104 സ്‌ട്രൈക്ക്‌റേറ്റിൽ 55 ശരാശരിയുമുണ്ട് സഞ്ജുവിന്. കഴിഞ്ഞ ആഗസ്റ്റിൽ അയർലൻഡിനെതിരെ കളിച്ച അവസാന മത്സരത്തിലും 40 റൺസെടുത്തിരുന്നു താരം.

സൂപ്പർതാരങ്ങൾക്കു വിശ്രമം; അശ്വിനു തിരിച്ചുവരവ്

ഈ മാസം ഇന്ത്യയിൽ ആസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. നായകൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്ലി, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, സ്പിന്നർ കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം രവിചന്ദ്രൻ അശ്വിന് ടീമിലേക്കു വിളിയെത്തിയപ്പോൾ സഞ്ജു സാംസണിനു വീണ്ടും പുറത്തുതന്നെയാണു സ്ഥാനം.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐയുടെ ചീഫ് സെലക്ടർ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലാണു സൂപ്പർതാരങ്ങൾക്കു വിശ്രമം അനുവദിച്ചത്. മൂന്നാം മത്സരത്തിൽ എല്ലാവരും തിരിച്ചെത്തും. ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ രാഹുൽ ആണ് ടീമിനെ നയിക്കുക.

അവസാനമായി 18 മാസംമുൻപാണ് അശ്വിൻ ഒരു അന്താരാഷ്ട്ര ഏകദിന മത്സരം കളിക്കുന്നത്. ഇതോടൊപ്പം പരിക്കേറ്റ അക്സർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവും തിലക് വർമയും സ്‌ക്വാഡിൽ ഉൾപ്പെട്ടപ്പോൾ സഞ്ജുവിനു പുറമെ യുസ്വേന്ദ്ര ചഹലിനും ഇടം കണ്ടെത്താനായിട്ടില്ല.

ഏകദിന ലോകകപ്പിനുമുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ഇന്ത്യയാണ് ആതിഥേയർ. സെപ്റ്റംബർ 22ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. 24ന് ഇൻഡോറിലെ ഹോൽകാർ സ്റ്റേഡിയത്തിൽ രണ്ടാം മത്സരവും 27ന് ഗുജറാത്തിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്നാം മത്സരവും നടക്കും.

Full View

ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള സ്‌ക്വാഡ്: കെ.എൽ രാഹുൽ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, ശ്രേയസ് അയ്യർ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ, രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റൻ), ഷർദുൽ താക്കൂർ, ആർ. അശ്വിൻ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ.

മൂന്നാം ഏകദിനത്തിനുള്ള സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, അക്സർ പട്ടേൽ, ആർ. അശ്വിൻ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

Summary: Sanju Samson posts emoji post exclusion from India ODI squad against Australia

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News