ഒരു ജയത്തിനപ്പുറം സെമി ഫൈനല്‍; ലോകകപ്പ് പ്രതീക്ഷയില്‍ ഇന്ത്യന്‍ വനിതകള്‍
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തും.
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനലിനരികെ ഇന്ത്യന്‍ ടീം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തും. ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 110 റൺസിന് തകർത്തുവിട്ടതോടെയാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലേക്കെടുത്തത്.
ദക്ഷിണാഫ്രിക്കക്കെതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. രണ്ട് തവണ ലേകകപ്പ് ഫൈനലില്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്നും ലോകകിരീടം നേടാനായിട്ടില്ല. 2005ലാണ് ആദ്യമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഫൈനലിലെത്തുന്നത്. അന്ന് ഇന്ത്യയെ 98 റണ്‍സിന് കീഴടക്കി ആസ്ട്രേലിയ വിശ്വകിരീടത്തില്‍ മുത്തമിടുകയായിരുന്നു.
അതിന് ശേഷം കഴിഞ്ഞ ലോകകപ്പിലാണ് ഇന്ത്യന്‍ വനിതകള് വീണ്ടും ഫൈനലിലെത്തുന്നത്. 2017 ല്‍ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ലോകകപ്പില്‍ ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം നഷ്ടമായത്. അന്ന് ആതിഥേയരായ ഇംഗ്ലണ്ട് ഉയര്‍ത്തിയ 228 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 റണ്‍സകലെ വീഴുകയായിരുന്നു.
രണ്ടു തവണ ഫൈനലില്‍ വന്ന് വീണുപോയതിന്‍റെ കണക്കുകള്‍ തീര്‍ക്കാനുള്ള അവസരമാണ് ഇത്തവണ ഇന്ത്യന്‍ വനിതകളെ തേടിയെത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ അസാന ഗ്രൂപ്പ മത്സരത്തില്‍ ജയിച്ച് സെമിയില്‍ കയറുകയാണ് ആദ്യ കടമ്പ. ആറ് മത്സരങ്ങളില്‍ ആറും ജയിച്ച് 12 പോയിന്‍റോടെ ആസ്ട്രേലിയ ആണ് പോയിന്‍റ് ടേബിളില്‍ ഒന്നാമത്. അഞ്ച് കളികളില്‍ എട്ട് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും ആറ് വീതം പോയിന്‍റുമായി ഇന്ത്യയും വെസ്റ്റിന്‍ഡീസ് മൂന്നും നാലും സ്ഥാനത്താണ്.