അവിശ്വസനീയം! റോഡ് മാർഷിന്റെ മരണത്തിൽ അവസാന ട്വീറ്റ്, പിന്നാലെ ഞെട്ടിച്ച് വോണും
ബാറ്റർമാരെ നിരന്തരം കുഴക്കുന്ന സ്പിൻ മാന്ത്രികതയുടെ പേരായിരുന്നു ക്രിക്കറ്റിൽ ഷെയ്ൻ വോൺ. ഒരു തരത്തിലും ബാറ്റർമാർക്ക് പ്രവചിക്കാനോ മുൻകൂട്ടിക്കാണാനോ കഴിയാത്തവണ്ണം അപ്രതീക്ഷിതമായിരിക്കും ഓരോ പന്തും. ഒടുവിൽ, ആർക്കും ഒരു പിടിയും നൽകാതെ മരണത്തിലും ആ അപ്രതീക്ഷിതത്വവും അവിശ്വസനീയതയും നിറച്ചു ഇതിഹാസം
''റോഡ് മാർഷ് അന്തരിച്ചെന്ന വാർത്ത ദുഃഖത്തോടെയാണ് കേൾക്കുന്നത്. നമ്മുടെ മഹത്തായ കളിയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. ഒരുപാട് ചെറുപ്പക്കാർക്കും ചെറുപ്പക്കാരികൾക്കും പ്രചോദനമായിരുന്നു. ക്രിക്കറ്റിനെ ആഴ്ത്തിൽ കരുതലോടെ കൊണ്ടുനടന്നയാളായിരുന്നു റോഡ്. ക്രിക്കറ്റിനു വേണ്ടി ഏറെ സമർപ്പിച്ചയാളാണ്; പ്രത്യേകിച്ചും ഓസീസ്, ഇംഗ്ലീഷ് താരങ്ങൾക്കു വേണ്ടി. റോസിനും കുടുംബത്തിനും നിറയെ സ്‌നേഹം. നിത്യശാന്തി, സുഹൃത്തേ...''
ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പർ റോഡ് മാർഷിന്റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ ഇന്ന് ഏതാനും മണിക്കൂറുകൾക്കുമുൻപ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. മണിക്കൂറുകൾക്കുശേഷം അതേ വോണിന്റെ തന്നെ മരണവാർത്ത, അതിലുമേറെ ഞെട്ടലോടെ കേൾക്കേണ്ടിവരുമെന്ന് ആര് നിനച്ചു!
ബാറ്റർമാരെ നിരന്തരം കുഴക്കുന്ന സ്പിൻ മാന്ത്രികതയുടെ പേരായിരുന്നു ക്രിക്കറ്റിൽ ഷെയ്ൻ വോൺ. ഓരോ പന്തിലും മായാജാലം ഒളിപ്പിച്ചുവച്ച ശരിക്കുമൊരു മാന്ത്രികൻ. ഒരു തരത്തിലും ബാറ്റർമാർക്ക് പ്രവചിക്കാനോ മുൻകൂട്ടിക്കാണാനോ കഴിയാത്തവണ്ണം അപ്രതീക്ഷിതമായിരിക്കും ഓരോ പന്തും. ഒടുവിൽ, ആർക്കും ഒരു പിടിയും നൽകാതെ മരണത്തിലും ആ അപ്രതീക്ഷിതത്വവും അവിശ്വസനീയതയും നിറച്ചു ഇതിഹാസം.
Sad to hear the news that Rod Marsh has passed. He was a legend of our great game & an inspiration to so many young boys & girls. Rod cared deeply about cricket & gave so much-especially to Australia & England players. Sending lots & lots of love to Ros & the family. RIP mate❤️
— Shane Warne (@ShaneWarne) March 4, 2022
കമന്റേറ്ററായും കളി വിശകലനങ്ങളിലൂടെയും ക്രിക്കറ്റിന്റെ മൈതാനത്ത് അവസാന മണിക്കൂർ വരെയും സജീവായിരുന്നു താരം. ക്രിക്കറ്റിൽ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും വോൺ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്താറുണ്ട്. ഏറ്റവുമൊടുവിൽ യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയിലും വോൺ തന്റെ അഭിപ്രായം പങ്കുവച്ചു. റഷ്യ നടത്തുന്നത് ന്യായീകരിക്കാനാകാത്ത സൈനിക നടപടിയാണെന്നും ലോകം മുഴുവൻ യുക്രൈനൊപ്പമുണ്ടെന്നും വോൺ ട്വീറ്റിൽ കുറിച്ചു.
15 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങിനിന്നു. ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാനെ നയിച്ച് കന്നി കിരീടവും സ്വന്തം പേരിലാക്കി. സജീവക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് അവസാന നിമിഷംവരെയും നിറഞ്ഞുനിന്നു.
തായ്‌ലൻഡിലെ കോ സാമുയിയിൽ സ്വന്തം വസതിയിലായിരുന്നു വോണിന്റെ അന്ത്യം. വില്ലയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘമെത്തി വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
Summary: Shane Warne Tweeted About Rod Marsh's Death Hours Before Passing Away