ഇതാ വോണിന്റെ റോക്ക്സ്റ്റാര്‍; മൊഹാലിയില്‍ മുന്‍നായകന് ജഡേജയുടെ അസ്സല്‍ ആദരം!

വോൺ നായകനായ രാജസ്ഥാൻ റോയൽസിലെ ഒരു സാധാരണ താരം മാത്രമായിരുന്നു അന്ന് ജഡേജ. എന്നാൽ, ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫീൽഡിങ് മികവ് കൊണ്ടും ആൾറൗണ്ടിങ് പ്രകടനം പുറത്തെടുക്കാൻ ശേഷിയുള്ള താരത്തെ അന്നുതന്നെ വോൺ പ്രത്യേകം നോട്ടമിട്ടിരുന്നു

Update: 2022-03-05 16:35 GMT
Editor : Shaheer | By : Web Desk
Advertising

2008ൽ നടന്ന പ്രഥമ ഐ.പി.എല്ലിലാണ് രവീന്ദ്ര ജഡേജയെന്ന 19കാരനെ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ ആദ്യമായി കാണുന്നത്. വോൺ നായകനായ രാജസ്ഥാൻ റോയൽസിലെ ഒരു സാധാരണ താരം മാത്രമായിരുന്നു അന്ന് ജഡേജ. തന്നെപ്പോലെ ബാറ്റർമാരെ കുഴക്കാൻ സ്പിൻ മാർഗം തിരഞ്ഞെടുത്ത, എന്നാൽ തന്നെക്കാൾ ബാറ്റ് കൊണ്ടും ഫീൽഡിങ് മെയ്‌വഴക്കം കൊണ്ടും ആൾറൗണ്ടിങ് പ്രകടനം പുറത്തെടുക്കാൻ ശേഷിയുള്ള താരത്തെ അന്നുതന്നെ വോൺ പ്രത്യേകം നോട്ടമിട്ടിരുന്നു.

അങ്ങനെ രാജസ്ഥാന്റെ റോക്ക്‌സ്റ്റാറായി; ഇപ്പോഴോ?

ജഡേജയ്ക്ക് അങ്ങനെ വോൺ ഒരുപേരും നൽകി; റോക്ക്‌സ്റ്റാർ. കന്നി ടൂർണമെന്റിൽ തന്നെ രാജസ്ഥാൻ റോയൽസിന് വോൺ കിരീടം നേടിക്കൊടുക്കുമ്പോൾ ആ നേട്ടത്തിൽ ചെറുതല്ലാത്തൊരു പങ്ക് ജഡേജയ്ക്കുമുണ്ടായിരുന്നു. ജഡേജ പിന്നീട് ചെന്നൈ സൂപ്പർ കിങ്‌സിന്റെ റോക്ക്‌സ്റ്റാറായി മാറിയെങ്കിലും രാജസ്ഥാൻ നേടിയ ഏക ഐ.പി.എൽ കിരീടമായി ഇപ്പോഴും അത് അവശേഷിക്കുകയാണ്.

എന്നാൽ, ഷെയ്ൻ വോണിന്റെ അവിശ്വസനീയ വിടവാങ്ങലും തൊട്ടടുത്ത ദിവസം മൊഹാലിയിലെ മോഹപ്പിച്ചിൽ രവീന്ദ്ര ജഡേജ നടത്തിയ അവിസ്മരണീയ പോരാട്ടവും ചേർത്തുവച്ച് ചർച്ച ചെയ്യുകയാണിപ്പോൾ സോഷ്യൽ മീഡിയ. തന്റെ ക്രിക്കറ്റ് പ്രതിഭയെ കണ്ടെടുത്ത, റോക്‌സ്റ്റാറെന്നു വിളിച്ച പ്രിയപ്പെട്ട മുൻനായകന് ഇതിലും മികച്ചൊരു ആദരം എങ്ങനെ നൽകാനാകുമെന്നാണ് ആരാധകരെല്ലാം ഒരേസ്വരത്തിൽ പറയുന്നത്.

മൊഹാലിയിലെ ക്ലാസിക്ക് ജഡേജ

മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാംദിവസം ജഡേജ പുറത്താകാതെ നേടിയ 175 റൺസിന്റെ അസാമാന്യ ഇന്നിങ്‌സിന്റെ ബലത്തിൽ 574 റൺസെന്ന കൂറ്റൻ സ്‌കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. ഏഴാമനായി ഇറങ്ങിയായിരുന്നു ക്ലാസും കരുത്തും ഒന്നിച്ചുചേർന്ന ജഡേജയുടെ മനോഹര ഇന്നിങ്‌സ്.

228 പന്ത് നേരിട്ട ജഡേജ 17 ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെയാണ് 175 റൺസ് നേടിയത്. 166 പന്തിൽ സെഞ്ച്വറി കടന്ന താരം തുടർന്നങ്ങോട്ട് വെറും 62 പന്തിലാണ് 75 റൺസ് അടിച്ചെടുത്തത്. വാലറ്റത്തിൽ ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി എന്നിവരുമായെല്ലാം ചേർന്ന് നൂറുറൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

ഇന്ത്യ ഉയർത്തിയ കൂറ്റൻ റൺമല പിന്തുടർന്നിറങ്ങിയ ലങ്കയ്ക്ക് പന്തുകൊണ്ടും തുടക്കത്തിൽ തന്നെ ജഡേജ പ്രഹരമേൽപ്പിച്ചു. ഓപണറായ ദിമുത്ത് കരുണരത്‌നയെ വിക്കറ്റിനു മുന്നിൽ കുരുക്കിയായിരുന്നു താരം പവലിയനിലേക്ക് തിരിച്ചയച്ചത്. ഷെയ്ൻ വോണിന് തെറ്റിയില്ലെന്ന് വീണ്ടും വീണ്ടും ജഡേജ റോക്‌സ്റ്റാർ പ്രകടനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.

Summary: Shane Warne's "Rockstar'' Jadeja Hits Superb Century A Day After His Death

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News