'ഓവൽ ലോർഡ്'; ബ്രാഡ്മാനും ബോർഡർക്കുമൊപ്പം ഷർദുൽ താക്കൂർ, അപൂർവ റെക്കോർഡ്

കെന്നിങ്ടണ്‍ ഓവലില്‍ തുടര്‍ച്ചയായി മൂന്നാം ഇന്നിങ്സിലാണ് ഷര്‍ദുല്‍ താക്കൂര്‍ അര്‍ധസെഞ്ച്വറി നേടുന്നത്

Update: 2023-06-10 05:12 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: കെന്നിങ്ടൺ ഓവലും ഇന്ത്യൻ താരം ഷർദുൽ താക്കൂറും തമ്മിലുള്ള 'പ്രണയകഥ' തുടരുകയാണ്. ഓവലിൽ തുടർച്ചയായ മൂന്നാം അർധസെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ താക്കൂർ ഇത്തവണ വലിയൊരു റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഡോൺ ബ്രാഡ്മാൻ, അലൻ ബോർഡർ എന്നിങ്ങനെ ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പമാണ് ഇനി റെക്കോർഡിൽ ഇന്ത്യൻ പേസറുടെ സ്ഥാനം. ആസ്‌ട്രേലിയൻ ഇതിഹാസങ്ങൾക്കൊപ്പം ഓവലിൽ ടെസ്റ്റിൽ തുടർച്ചയായി അർധസെഞ്ച്വറി കണ്ടെത്തുന്ന മൂന്നാമത്തെ വിദേശ താരമായിരിക്കുകയാണ് താക്കൂർ.

ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഫോളോഓൺ ഭീഷണി നേരിട്ട ഘട്ടത്തിലാണ് അജിങ്ക്യ രഹാനെയ്ക്ക് ഉറച്ച പിന്തുണ നൽകി ഷർദുൽ താക്കൂർ ഒരിക്കൽകൂടി രക്ഷകവേഷം അണിഞ്ഞത്. നിർണായകമായ അർധസെഞ്ച്വറിയിലൂടെ ടീമിനെ ഫോളോഓൺ കടമ്പ കടത്തിയ ശേഷമായിരുന്നു താരം മടങ്ങിയത്. 109 പന്തിൽ ആറ് ഫോർ സഹിതം 51 റൺസായിരുന്നു താക്കൂരിന്റെ സമ്പാദ്യം.

ആറിന് 152 എന്ന നിലയിൽ ഇന്ത്യ തകർച്ച മുന്നിൽകാണുമ്പോഴായിരുന്നു ഷർദുൽ താക്കൂർ ക്രീസിലെത്തുന്നത്. മറുവശത്ത് അജിങ്ക്യ രഹാനെ ക്രീസിൽ പ്രതിരോധമുറപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ. രഹാനെയ്ക്ക് ഉറച്ച പിന്തുണ നൽകുക മാത്രമായിരുന്നു ആ സമയത്ത് താക്കൂർ വേണ്ടിയിരുന്നത്. ഓസീസ് പേസർമാരുടെ ബീമറുകളും ബൗൺസറുകളും ശരീരം ലക്ഷ്യമാക്കിയെറിഞ്ഞ പന്തുകളുമെല്ലാം ചെറുത്തുനിന്ന് അസാമാന്യമായി താരം ആ ദൗത്യം നിർവഹിക്കുകയും ചെയ്തു.

ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് വേർപിരിഞ്ഞത്. അർഹിച്ച സെഞ്ച്വറിക്ക് തൊട്ടരികെ രഹാനെയുടെ പോരാട്ടം അവസാനിച്ചപ്പോൾ അർധസെഞ്ച്വറിക്കു പിന്നാലെ താക്കൂരും മടങ്ങി. രഹാനെ 129 പന്ത് നേരിട്ട് 89 റൺസാണ് അടിച്ചെടുത്തത്. ഒരു സിക്സറും 11 ഫോറും ഇന്നിങ്സിനു മിഴിവേകി.

Summary: Shardul Thakur equals Don Bradman and Allan Border's successive half-century record at the Oval

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News