അടുത്ത ബീമർ നിന്റെ തലയിലായിരിക്കും എറിയുകയെന്ന് അക്തർ; പിന്നീട് ക്രീസ് വിട്ടിറങ്ങിയിട്ടില്ലെന്ന് ഉത്തപ്പ

'അതിനു ശേഷം അക്തറിനെതിരെ അത്തരം ഷോട്ടിന് ഞാൻ ധൈര്യപ്പെട്ടിട്ടില്ല' ഉത്തപ്പ

Update: 2021-05-17 09:14 GMT
Advertising

ഒരുകാലത്ത് ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്ന ഷുഹൈബ് അക്തറിനെ കളിക്കളത്തിൽ നേരിട്ട പഴയ സംഭവം ഓർത്തെടുത്ത് റോബിൻ ഉത്തപ്പ. 2007ഇലെ ഇന്ത്യ-പാക് പരമ്പരയിലെ ഗ്വാളിയാറിൽ വെച്ച് നടന്ന നാലാം ഏകദിനത്തിലാണ് സംഭവം. അക്തറിനെ ക്രീസ് വിട്ടിറങ്ങി ഉത്തപ്പ ബൗണ്ടറി കടത്തിയതും പിന്നീട് അക്തർ തന്നെ ഭീഷണിപ്പെടുത്തിയതിന് ശേഷം അത്തരം ഷോട്ടുകൾക്ക് ധൈര്യപ്പെട്ടിട്ടില്ലെന്നും ഉത്തപ്പ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മനോധൈര്യം ചോർന്നുപോയ സംഭവത്തെപ്പറ്റി ഉത്തപ്പ ഓർത്തെടുത്തത്.

പരമ്പര 3-2 എന്ന മാര്‍ജിനില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യൻ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ഒരാൾ കൂടിയായിരുന്നു റോബിന്‍ ഉത്തപ്പ. മത്സരത്തിനിടെ അക്തറിനെ ക്രീസിൽ നിന്ന് സ്റ്റെപ്ഔട്ട് ചെയ്ത് ബൗണ്ടറി അടിച്ച ഉത്തപ്പയെ പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ അക്തർ ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ഇനിയും ഈ ഷോട്ട് ആവർത്തിച്ചാൽ നിന്റെ തലയിൽ ഞാൻ ബീമർ എറിഞ്ഞേക്കും എന്നായിരുന്നു ആക്തറിന്റെ താക്കീത്.




'ഞാനും ഇര്‍ഫാന്‍ പഠാനുമാണ് ആ സമയത്ത് ക്രീസിലുണ്ടായിരുന്നത്. അക്തര്‍ ആയിരുന്നു ബോള്‍ ചെയ്യാന്‍ എത്തിയത്. എന്റെ നേര്‍ക്ക് 154 കിലോമീറ്റർ വേഗതയില്‍ എത്തിയ അദേഹത്തിന്റെ യോര്‍ക്കര്‍ ഒരു വിധത്തിലാണ് തടുത്തിട്ടത്. അടുത്തത് ഒരു ലോ ഫുള്‍ ടോസായിരുന്നു. അതു ഞാന്‍ ബൗണ്ടറി കടത്തി. അപ്പോഴേക്കും ഇന്ത്യക്കു ജയിക്കാന്‍ മൂന്നോ, നാലോ റണ്‍സ് മാത്രം മതിയായിരുന്നു. അടുത്ത ബോളില്‍ അക്തറിനെതിരേ ക്രീസിന് പുറത്തിറങ്ങി സ്റ്റെപ് ഔട്ട് ഷോട്ട് കളിക്കമെന്ന് ഞാൻ തീരുമാനിച്ചു. ഇതുപോലെയുള്ള അവസരം എപ്പോഴും ലഭിക്കില്ല. അതുകൊണ്ട് തന്നെ സ്റ്റെപ് ഔട്ട് ഷോട്ട് കളിക്കാൻ മനസ് തയ്യാറെടുത്തു. അടുത്തത് ഒരു ലെങ്ത് ബോളായിരുന്നു. ഞാന്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി വിചാരിച്ചത് പോലെ ഷോട്ട് കളിക്കുകയും ചെയ്തു. ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ബൗണ്ടറിയിലെത്തി. മത്സരം ഇന്ത്യ വിജയിച്ചു.'

'അടുത്ത ഏകദിനത്തിനു മുൻപ് ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഡിന്നര്‍ കഴിച്ചത്. അക്തർ ഭായിയും അവിടെ ഉണ്ടായിരുന്നു. എന്റെയടുത്തേക്ക് വന്ന അദ്ദേഹം റോബിന്‍, നീ നന്നായി കളിച്ചു എന്ന് പ്രശംസിച്ചു. നല്ല ഗെയിമായിരുന്നുവെന്ന് അഭിനന്ദിക്കുന്നതിനിടെ മറ്റൊരു താക്കീതും തന്നു. 'ഒരു കാര്യം, നീ ഇന്ന് എനിക്കെതിരെ ക്രീസ് വിട്ടിറങ്ങി കളിച്ച ഷോട്ട് . ഇനി ആവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കുമെന്ന് എനിക്കു പറയാന്‍ കഴിയില്ല. നിന്റെ തലയ്ക്കു നേരെ ഞാന്‍ ചിലപ്പോൾ ബീമര്‍ പരീക്ഷിച്ചേക്കും' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനു ശേഷം ഞാന്‍ അക്തറിനെതിരെ അത്തരം ഷോട്ടിന് ഞാൻ ധൈര്യപ്പെട്ടിട്ടില്ല' ഉത്തപ്പ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News